ADVERTISEMENT

ലോകമെങ്ങുമുള്ള ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ്. കേരളത്തിലെ ക്രൈസ്ത്രവർക്ക് വലിയ നോമ്പിന്റെ നാൽപതാം വെള്ളിയോടെ വിശുദ്ധ വാരത്തിലേക്കു പ്രവേശിച്ചു. വാഗമൺ കുരിശുമല ഉൾപ്പെടെയുള്ള വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നാൽപതാം വെള്ളി ഭക്ത്യാദര പൂർവം ആചരിക്കുന്നു. വിശുദ്ധ വാരത്തിൽ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്കു യാത്ര പോകുന്ന നിരവധി ക്രൈസ്തവരുണ്ട്. അത്തരത്തിൽ ഉള്ള ഒരു സ്ഥലമാണ് തമിഴ്നാട്ടിലെ ചെന്നൈയിലുള്ള സെന്റ് തോമസ് മൗണ്ട്.

വലിയ നോമ്പിലെ നാൽപതാം വെള്ളിയാഴ്ച കുരിശിന്റെ വഴിയിൽ പങ്കെടുത്ത് വാഗമൺ കുരിശുമലമുകളിലെത്തിയ വിശ്വാസികൾ. ചിത്രം : ജിൻസ് മൈക്കിൾ
വലിയ നോമ്പിലെ നാൽപതാം വെള്ളിയാഴ്ച കുരിശിന്റെ വഴിയിൽ പങ്കെടുത്ത് വാഗമൺ കുരിശുമലമുകളിലെത്തിയ വിശ്വാസികൾ. ചിത്രം : ജിൻസ് മൈക്കിൾ

നൂറ്റാണ്ടുകളുടെചരിത്രമാണ് സെന്റ് തോമസ് മൗണ്ടിനുള്ളത്. ആത്മീയതയുടെ മാത്രമല്ല വാസ്തുവിദ്യാവൈഭവത്തിന്റെ തെളിവ് കൂടിയാണ് സെന്റ് തോമസ് മൗണ്ടിലെ ദേവാലയം. ഗിണ്ടിയിലെ ഒരു ചെറിയ മലമുകളിൽ ആണ് സെന്റെ തോമസ് മൗണ്ട് സ്ഥിതി ചെയ്യുന്നത്. പറങ്കി മല എന്നും ഇത് അറിയപ്പെടുന്നു. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യരിൽ ഒരാളായിരുന്നു തോമാശ്ലീഹ എഡി ഒന്നാം നൂറ്റാണ്ടിൽ തന്റെ മിഷണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ എത്തിയപ്പോൾ ഇടയ്ക്ക് എത്തിയിരുന്ന സ്ഥലമായിരുന്നു ഈ കുഞ്ഞൻമല എന്നാണ് വിശ്വാസം. ഇന്ത്യയിലെ ക്രൈസ്തവ മത ചരിത്രത്തിന്റെ ആദ്യകാല ഏടുകളിൽ സെന്റ് തോമസ് മൗണ്ടിനും വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടു തന്നെ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് സെന്റ് തോമസ് മൗണ്ട്.

Statue Pope John Paul. Image Credit: JoostP/shutterstock
Statue Pope John Paul. Image Credit: JoostP/shutterstock

ചെന്നൈ നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരെയാണ് സെന്റ് തോമസ് മൗണ്ട്. റോഡ് മാർഗം വളരെ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാം. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ. ചെന്നൈ രാജ്യാന്തര വിമാനത്താവളവും വളരെ അടുത്താണ്. ചുരുക്കത്തിൽ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും വളരെ എളുപ്പത്തിൽ തന്നെ ഇവിടേക്ക് എത്തിച്ചേരാം. 

മലമുകളിലെ ദേവാലയം

സെന്റ് തോമസ് മൗണ്ടിലെ പ്രധാന ആകർഷണം മലമുകളിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ദേവാലയം ആണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഈ ദേവാലയം പണി കഴിപ്പിച്ചത്. കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണം കൂടിയാണ് ഈ ദേവാലയം. വളരെ ഗഹനവും സങ്കീർണവുമായ അലങ്കാരങ്ങളാണ് ഈ ദേവാലയത്തിന്റെ പ്രത്യേകത. സെന്റ് തോമസിന്റെ അനുഗ്രഹം തേടാനും വണങ്ങാനുമായി നിരവധി തീർത്ഥാടകരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തിച്ചേരുന്നത്.

ചെന്നൈ നഗരത്തിന്റെ അതിമനോഹരമായ കാഴ്ച

തീർത്ഥാടന കേന്ദ്രം എന്നത് മാറ്റി നിർത്തിയാൽ വിശ്വാസികൾക്കൊപ്പം തന്നെ വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് സെന്റ് തോമസ് മൗണ്ട്. ചെന്നൈ നഗരത്തിന്റെയും രാജ്യാന്തര വിമാനത്താവളത്തിന്റെയും മനോഹരമായ കാഴ്ചകൾ സെന്റ് തോമസ് മൗണ്ടിൽ നിന്ന് ലഭിക്കും. നഗരജീവിതത്തിന്റെ തിരക്കുകളിൽ അൽപനേരം ഇടവേളയെടുത്ത് സ്വസ്ഥമായി ഇരിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇവിടം. ഈ കാരണം കൊണ്ടു തന്നെ നാട്ടുകാർക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട് സെന്റ് തോമസ് മൗണ്ട്. സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ശാന്തമായ അന്തരീക്ഷവും അവിസ്മരണീയമായ അനുഭവമാണ് ഓരോ സഞ്ചാരിക്കും തീർത്ഥാടകനും നൽകുന്നത്.

സെന്റ് തോമസ് മൗണ്ടിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ഈ മലമുകളിലേക്കുള്ള കയറ്റമാണ്. പ്രത്യേകിച്ച് നോമ്പുകാലത്തും ദുഃഖവെള്ളിയാഴ്ചയും കുരിശിന്റെ വഴി ചൊല്ലി നിരവധി വിശ്വാസികളാണ് ഇവിടെ എത്തുന്നത്. സാമൂഹ്യ പരിഷ്കർത്താവായ പെരിയാർ എന്ന് വിളിക്കപ്പെടുന്ന ഇവി രാമസ്വാമിയുടെ സ്മരണാർത്ഥമുള്ള പെരിയാർ മെമ്മോറിയൽ ഹൗസും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ചരിത്രാന്വേഷികൾക്കും വളരെ ഇഷ്ടപ്പെട്ട ഒരു ഇടം കൂടിയാണ് സെന്റ് തോമസ് മൗണ്ട്. 

മതപരമായ പ്രാധാന്യവും വാസ്തുവിദ്യാ വൈഭവവും പ്രകൃതിസൗന്ദര്യവും സമന്വയിച്ചു നിൽക്കുന്ന സെന്റ് തോമസ് മൗണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പൈതൃകകേന്ദ്രം കൂടിയാണ്. ചെന്നൈയുടെ ചരിത്രവും ആത്മീയതയും അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ് സെന്റ് തോമസ് മൗണ്ട്. പ്രകൃതിയുടെ ശാന്തതയിൽ അലിഞ്ഞ്, ആത്മീയതയുടെ സമാധാനം തേടാൻ എത്തുന്ന തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്തിയാൽ ഒരിക്കലും നിരാശരാവില്ല.

English Summary:

St. Thomas Mount has centuries of history. The shrine at St. Thomas Mount is not only a testament to spirituality but also to architectural brilliance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com