ADVERTISEMENT

ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം അഴിച്ചു വിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഇറാനെതിരെ ശക്തമായ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാനിലാണ് സ്ഫോടന ശബ്ദം കേട്ടതെന്നാണ് റിപ്പോട്ടുകൾ. ഇതിനെ തുടർന്ന് ടെഹ്റാൻ, ഇസ്ഫഹാൻ, ഷിറാസ് വിമാനത്താവളങ്ങൾ അടിയന്തിരമായി അടച്ചു. എന്തുകൊണ്ടാണ് വിമാനത്താവളങ്ങൾ അടച്ചതെന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. ചില ഇറാനിയൻ വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങൾ നിലവിൽ റദ്ദു ചെയ്തിരിക്കുകയാണെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ് ടി വി റിപ്പോർട്ട് ചെയ്യുന്നു.

Naqshe Jahan Square. Image Credit:SKahraman/istockphoto
Naqshe Jahan Square. Image Credit:SKahraman/istockphoto

ഇസ്ഫഹാനിലെ ഇറാൻ മിലിറ്ററി ബേസ് ഇസ്രയേൽ ആക്രമിച്ചു. ഇറാനെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ മുന്നോട്ടു പോകുകയാണെന്നാണ് വാർത്തകൾ. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇസ്ഫഹാനിൽ ഇസ്രയേൽ മിസൈൽ പതിച്ചതായും റിപ്പോട്ട് ചെയ്യപ്പെട്ടിണ്ട്. 

ലോകത്തിന്റെ പകുതിയായ ഇസ്ഫഹാൻ

ലോകത്തിന്റെ പകുതി എന്നാണ് ഇസ്ഫഹാൻ വിളിക്കപ്പെടുന്നത്. കാരണം, ലോകം മുഴുവനുമുള്ള സൗന്ദര്യത്തിന്റെ പകുതിയോളം ഇസ്ഫഹാനിൽ ആണെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. വ്യത്യസ്തമായ ചരിത്ര സ്മാരകങ്ങൾ, സ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, വൈവിധ്യമാർന്ന ഷോപ്പിംഗ് സെന്ററുകൾ എന്നിവയുള്ള ഇസ്ഫഹാൻ ഏതൊരു സഞ്ചാരിയുടെയും ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. കാരണം അത്രമാത്രമാണ് ഇസ്ഫഹാൻ ലോകത്തിന് മുമ്പിൽ ഒരുക്കി വച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും ഈസ്റ്റേൺ വാസ്തുവിദ്യ രീതിയും ആണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

Jama Masjid. Image Credit: SKahraman/istockphoto
Jama Masjid. Image Credit: SKahraman/istockphoto

സമ്പന്നമായ ചരിത്രവും പൈതൃകവും

ഇറാനിലെ പ്രശസ്ത നഗരമായ ഇസ്ഫഹാന്റെ ചരിത്രം പറയുന്ന അപൂർവ പുസ്തകമാണ് 'വെൽകം ടു ഇസ്ഫഹാൻ' എന്നത്. ഇസ്ഫഹാന്റെ ചരിത്രത്തിലെ സുപ്രധാന ഭരണാധികാരി ആയിരുന്ന ഷാ അബ്ബാസ് ഒന്നാമൻ ആണ് 1597 - 1598 കാലത്ത് തന്റെ ഭരണ തലസ്ഥാനം ഇസ്ഫഹാനിലേക്ക് മാറ്റിയത്. ഒപ്പം സാമ്പത്തികമായും രാഷ്ട്രീയമായും കലാപരമായും രാജ്യത്തെ വിസ്മയ നഗരമാക്കി ഇസ്ഫഹാനെ മാറ്റിയത് അദ്ദേഹം ആയിരുന്നു. ലോകത്തിന്റെ പകുതിയോളം സൗന്ദര്യം ഇവിടെയുണ്ടെന്നാണു നാട്ടുകാർ വിശ്വസിക്കുന്നത്.

നിലവിൽ രാജ്യതലസ്ഥാനമായ ടെഹ്റാനിൽ നിന്നും 340 കിലോമീറ്റർ സഞ്ചരിച്ചാൽ ഇസ്ഫഹാനിൽ എത്താം.

ഇസ്ഫഹാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

ഇസ്ഫഹാനിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് നഖ്ഷ്-ഇ-ജഹാൻ സ്ക്വയർ. 1979ൽ ലോക പൈതൃക പട്ടികയിൽ ഇത് ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ 400 വർഷങ്ങളായി പ്രതാപത്തോടെ നിലകൊള്ളുന്ന ഇതിന്  83,500 സ്ക്വയർ മീറ്റർ വലുപ്പമുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഷാഹ് മോസ്ക് എന്നറിയപ്പെടുന്ന ജമെ അബ്ബാസി മോസ്ക്. നഖ്ഷ് - ഇ - ജഹാൻ സ്ക്വയറിന്റെ തെക്കു ഭാഗത്തായാണ് ഈ മോസ്ക് സ്ഥിതി ചെയ്യുന്നത്. അകത്തു കടന്നതിനു ശേഷം തറയിലെ കറുത്ത കല്ലിൽ നിന്നാൽ നിങ്ങളുടെ സ്വരത്തിന്റെ എക്കോ കേൾക്കാൻ നിങ്ങൾക്ക് കഴിയും. ഖജാരിദ് രാജാക്കൻമാരും സഫാവിദ് രാജാക്കൻമാരും കല്ലിലെഴുതിയ വാക്കുകൾ (തബ്ലത്തുകൾ) കാണാം. മോസ്കിന് സമീപമായി ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളുമുണ്ട്.

അലി ഖപു കൊട്ടാരമാണ് ഇസ്ഫഹാനിലെ മറ്റൊരു പ്രധാന ആകർഷണം. സഫാവിദ് കാലഘട്ടത്തിലെ പ്രധാനപ്പെട്ട രാജ കൊട്ടാരമായാണ് അലി ഖപു പരിഗണിക്കപ്പെടുന്നത്. കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാൽ നഖ്ഷ് - ഇ- ജഹാൻ സ്ക്വയർ കാണാൻ കഴിയും. ഡ്രീം ടണൽ എന്നറിയപ്പെടുന്ന ജമെ മോസ്കാണ് മറ്റൊരു ആകർഷണം. 2012ൽ ലോക പൈതൃക പട്ടികയിൽ ഈ മോസ്ക് ഇടം പിടിച്ചു. മറ്റ് മോസ്കുകളിൽ നിന്ന് വ്യത്യസ്തമായ, എന്നാൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രമാണ് ഷെയ്ഖ് ലോത്ഫൊള്ള മസ്ജിദ്.  മറ്റ് മോസ്കുകളിൽ നിന്ന് വ്യത്യസ്തമായി ഈ മോസ്കിന് മിനാരങ്ങളോ നടുമുറ്റമോ ഇല്ല. അമേരിക്കൻ ചരിത്രകാരനായ പ്രൊഫ. ആർതർ ഉപം ഈ മോസ്കിനെക്കുറിച്ച് പറഞ്ഞത് ഇത് മനുഷ്യന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് ആയിരുന്നു. ചെഹൽ സോതൻ കൊട്ടാരം, വാങ്ക് കത്തീഡ്രൽ, ഖാജു ബ്രിഡ്ജ്, മെനാർ ജോൻബാൻ, അബ്ബാസി ഹോട്ടൽ തുടങ്ങി വാസ്തുവിദ്യാ മഹത്വവും ചരിത്രവും നിറഞ്ഞു നിൽക്കുന്ന നിരവധി കാഴ്ചകളാണ് ഇസ്ഫഹാനിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

English Summary:

Esfahan is Iran's top tourist destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com