ADVERTISEMENT

വ്യോമയാന മേഖലയിൽ ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ടാണ് അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയത്. പത്തു വർഷം മുമ്പ് എട്ട് മില്യൺ സീറ്റുകൾ മാത്രമുള്ള ഒരു ചെറിയ വ്യോമയാന മേഖല ആയിരുന്നു ഇന്ത്യയുടേത്. ആ സമയത്ത് ഇന്തൊനേഷ്യ നാലാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തും ആയിരുന്നു. യു എസും ചൈനയും ആയിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ. കഴിഞ്ഞ പത്തു വർഷം കൊണ്ട് ബ്രസീലിനെയും ഇന്തൊനേഷ്യയെയും പിന്നിലേക്ക് തള്ളി മാറ്റിക്കൊണ്ട് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആഭ്യന്തര വ്യോമയാന മേഖലയിലെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ യു എസും ചൈനയും തുടരുകയാണ്.

ഒഎജി (ഒഫിഷ്യൽ എയർലൈൻ ഗൈഡ്) ഡാറ്റ അനുസരിച്ച് 2024 ഏപ്രിലിൽ 15.6 മില്യൺ സീറ്റുകളാണ് ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് ഉള്ളത്. ഇതോടെയാണ് ഇന്ത്യൻ വ്യോമയാന മേഖല ബ്രസീൽ, ഇന്തൊനേഷ്യ ആഭ്യമന്തര വ്യോമയാന മേഖലകളെ മറികടന്നതെന്ന് ഒഎജി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വർഷം എടുത്തു നോക്കുകയാണെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന മേഖലയിലെ വളർച്ചാ നിരക്ക് വളരെ ഉയർന്നതാണ്. പ്രതിവർഷം 6.9 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.

ഒഎജി പരിഗണിച്ച അഞ്ച് ആഭ്യന്തര വ്യോമയാന മേഖലകളിൽ ഏറ്റവും വേഗത്തിൽ വളരുന്നത് ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന മേഖല ആയിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2014 മുതൽ 2024 വരെയുള്ള കണക്ക് എടുക്കുമ്പോൾ ചൈനയാണ് വളർച്ചയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 6.3 ശതമാനമാണ് ചൈനയുടെ വാർഷിക വളർച്ച. ആഭ്യന്തര വ്യോമയാന മേഖലയിലെ വാർഷിക വളർച്ചയുടെ കാര്യത്തിൽ യു എസും ഇന്തൊനേഷ്യയും ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നിലാണ്. യു എസ് എയുടെ പ്രതിവർഷ വളർച്ച 2.4 ശതമാനവും ഇന്തൊനേഷ്യയുടേത് 1.1 ശതമാനവുമാണ്.

കണക്കുകളിലെ ഏറ്റവും രസകരമായ കാര്യം ചെലവ് കുറഞ്ഞ വിമാന സർവ്വീസുകളിലേക്കുള്ള മാറ്റം വളരെ മികച്ചതാണ്. 2024 ഏപ്രിലിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രയുടെ 78.4 ശതമാനവും വഹിച്ചത് ചെലവു കുറഞ്ഞ വിമാനക്കമ്പനികളാണ്. ഈ ശക്തമായ കുതിപ്പിനു പിന്നിൽ ഇൻഡിഗോയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് ഇൻഡിഗോയുടെ വിപണി വിഹിതം ഏകദേശം ഇരട്ടിയാക്കി. പത്തു വർഷം മുൻപ് 32 ശതമാനം ആയിരുന്നെങ്കിൽ ഇന്ന് അത് 62 ശതമാനമായി. ഇൻഡിഗോയുടെ ആഭ്യന്തര ശേഷി വളർച്ചാ നിരക്ക് പ്രതിവർഷം 13.9 ശതമാനമാണ്.

വ്യോമയാന മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കഴിഞ്ഞവർഷം നവംബർ 19 ന് 4,56,910 യാത്രക്കാരാണ് ആഭ്യന്തര വ്യോമയാന മേഖലയിൽ മാത്രം യാത്ര ചെയ്തത്. കോവിഡ് മഹാമാരിക്ക് ശേഷം ഇത് ആദ്യമായിട്ട് ആയിരുന്നു ഒരു ദിവസം ഇത്രയധികം ആളുകൾ ഒരുമിച്ച് യാത്ര ചെയ്തത്. കോവിഡിനു മുമ്പുള്ള ശരാശരിയേക്കാൾ 7.4 ശതമാനം വർദ്ധനവ് ആയിരുന്നു ഇത്. കഴിഞ്ഞ പത്തു വർഷം കൊണ്ട് രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. 74 വിമാനത്താവളങ്ങളിൽ നിന്ന് 157 വിമാനത്താവളങ്ങളായി എണ്ണം വർദ്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com