ADVERTISEMENT

ലോകത്തെ നൂറല്ല, നൂറ്റമ്പതല്ല, 195 രാജ്യങ്ങളുണ്ട്. എല്ലാ രാജ്യങ്ങളിലേക്കും യാത്ര പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ രാജ്യങ്ങളിൽ ചിലതെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില രാജ്യങ്ങൾ എങ്കിലും വീസ ഫ്രീ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിൽ അറൈവൽ വീസ ലഭ്യമാണ്. വീസ നയങ്ങൾ പൊതുവെ അത്ര പ്രശ്നമുണ്ടാക്കാറില്ലെങ്കിലും ചില രാജ്യങ്ങൾ വീസ സംബന്ധമായ കാര്യങ്ങളിൽ അൽപം കടുകട്ടിയാണ്. ചില രാജ്യങ്ങളുടെ വീസ അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ തന്നെ അൽപം ബുദ്ധിമുട്ടേറിയതാണ്. സുരക്ഷയെ കരുതിയും രാഷ്ട്രീയപരമായ കാരണങ്ങളാലും ചില രാജ്യങ്ങൾ വീസ അനുവദിക്കില്ല. ചില രാജ്യങ്ങളാകട്ടെ ഏകാധിപത്യ ഭരണത്തിൽ കീഴിലാണ്. അതുകൊണ്ടു തന്നെ മറ്റ് രാജ്യങ്ങളുമായി ഈ രാജ്യങ്ങൾക്ക് അത്ര സുഗമമമായ ബന്ധമായിരിക്കില്ല ഉണ്ടായിരിക്കുക. ആഗോളതലത്തില്‍ വീസ ലഭിക്കാൻ പൊതുവേ ബുദ്ധിമുട്ട് നേരിടുന്ന ചില രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Image Credit: Joanna Orchide/shutterstock
Image Credit: Joanna Orchide/shutterstock

റഷ്യ

റഷ്യൻ വീസ ലഭിക്കാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്ന് അതിന്റെ സങ്കീർണമായ അപേക്ഷ നടപടി ക്രമങ്ങളാണ്. കഴിഞ്ഞ പത്തു വർഷം നടത്തിയ ഓരോ യാത്രയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ വീസ അപേക്ഷയ്ക്കൊപ്പം നൽകണം. ഏതൊക്കെ സ്ഥലങ്ങളിൽ പോയി, ഏത് തീയതികളിലാണ് പോയത്, എത്രകാലം താമസിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഈ ചോദ്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയത് ആയിരിക്കും. എന്തായാലും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിച്ച് നൽകുകയും കൃത്യമായ വിവരം നൽകുകയും ചെയ്താൽ റഷ്യ സന്ദർശിക്കാനുള്ള വീസ ലഭിക്കും. ആഗോളതലത്തില്‍ റഷ്യ സഞ്ചാരികളുടെ പ്രിയ കേന്ദ്രമല്ലെങ്കില്‍ പോലും ഇന്ത്യന്‍ സഞ്ചാരികള്‍ വലിയ തോതില്‍ എക്കാലത്തും യാത്ര ചെയ്തിട്ടുണ്ട് ഇവിടേക്ക്. ഇന്ത്യ അടക്കം 52 രാജ്യങ്ങള്‍ക്കാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം ഇ– വീസ സംവിധാനം ആരംഭിച്ചിരിക്കുന്നതും ഇന്ത്യൻ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

Pigeons in The Masjid-i Jami, Isfahan, Iran. Against sunset background. Image Credit : kickimages/istockphoto
Pigeons in The Masjid-i Jami, Isfahan, Iran. Against sunset background. Image Credit : kickimages/istockphoto

ഇറാൻ

ഇറാനിലേക്ക് വീസ ലഭിക്കുക എന്നു പറയുന്നത് അൽപം വെല്ലുവിളി നിറഞ്ഞതാണ്. കാരണം, അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ ഒരു വേരിഫിക്കേഷൻ കോഡ് ലഭിക്കേണ്ടതുണ്ട്. ഇറാനിലെ വിദേശകാര്യമന്ത്രാലയം ആണ് ഈ കോഡ് ഇഷ്യു ചെയ്യുന്നത്. ഈ വേരിഫിക്കേഷൻ കോഡ് ഒരു ഔദ്യോഗിക ഇറാനിയൻ ട്രാവൽ ഏജൻസി മുഖേനയാണ് ലഭിക്കേണ്ടത്. ഇ-വീസ സംവിധാനം നടപടിക്രമങ്ങൾ കുറേയൊക്കെ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും എല്ലാവർക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കില്ല. യു എസ്, യു കെ, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വീസ ഓൺ അറൈവൽ ലഭിക്കില്ല. കഴിഞ്ഞ ആറു മാസത്തിനിടെ ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഇറാനിലേക്ക് വീസ ലഭിക്കുന്നതിനെ അത് ബാധിക്കും.  

expo-turkmenistan-pavilion

തുർക്മെനിസ്ഥാൻ

ഏറ്റവും കുറവ് വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. കഠിനമായ വീസ നയം തന്നെയാണ് സന്ദർശകർ കുറയുന്നതിനുള്ള കാരണവും. ഈ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തന്നെ വീസ ആവശ്യമാണ്. എന്നാൽ, കസാഖിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പ്രത്യേക ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഡിപ്ലോമാറ്റിക് പാസ്പോർട് കൈവശമുള്ളവർക്കും ഒഴികെ ബാക്കി എല്ലാവർക്കും വീസ നിർബന്ധമായും വേണം. വീസ അപേക്ഷ പ്രക്രിയയും അൽപം കടുപ്പമാണ്. പൂരിപ്പിച്ച അപേക്ഷയുടെ മൂന്ന് പകർപ്പുകളും തുർക്മെൻ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ നിന്നുള്ള ക്ഷണക്കത്തും (LOI) കാണിക്കണം.തുർക്മെനിസ്ഥാനിലെ സ്പോൺസർ വേണം LOI വാങ്ങേണ്ടത്. ഏകദേശം 20 ദിവസത്തോളം എടുക്കും വീസ നടപടികൾക്ക്.

മധ്യ ആഫ്രിക്കൻ രാജ്യമായ ചഡ്

ആകെ 14 രാജ്യങ്ങൾക്ക് മാത്രമാണ് ചഡ് എന്ന രാജ്യത്തിലേക്ക് വീസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. മറ്റ് എല്ലാ രാജ്യങ്ങളിൽ നിന്നും ഈ രാജ്യത്തേക്ക് എത്താൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വീസയ്ക്ക് അപേക്ഷിച്ചിരിക്കണം. ഇത് കുറച്ച് അധികം വെല്ലുവിളി നിറഞ്ഞതാണ്. ഇതിൽ തന്നെ ഏറ്റവും സങ്കീർണമായ കാര്യം ഒരു ക്ഷണക്കത്ത് നേടുക എന്നുള്ളതാണ്. അതിന് ഒരു സ്പോൺസറോ അല്ലെങ്കിൽ തലസ്ഥാനമായ ഡിഞമെനയിലെ ഒരു ഹോട്ടലോ ആവശ്യമാണ്. ഈ കത്ത് നേടുന്നതിന് യാത്രക്കാർ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യേണ്ടതാണ്. ആ തുക ഒരിക്കലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല. വീസ അപേക്ഷ നിരസിക്കപ്പെട്ടാൽ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനായി നൽകിയ തുകയും നഷ്ടമാകും.

Saudi Arabia. Image Credit : jameel badri/istockphoto
Saudi Arabia. Image Credit : jameel badri/istockphoto

സൗദി അറേബ്യ

പണ്ടുകാലങ്ങളിൽ സൗദി വീസ സ്വന്തമാക്കുന്നത് ഒരു വലിയ ടാസ്ക് തന്നെ ആയിരുന്നു.  പ്രത്യേകിച്ച് ആരും ഒപ്പമില്ലാത്ത സ്ത്രീകൾക്ക്. എന്നാൽ, കാലം മാറിയപ്പോൾ കഠിനമായ വീസാനയങ്ങളിലും ഇളവ് വന്നു. ഇന്ത്യക്കാർക്ക് ഇവിടേക്ക് വീസ കിട്ടാൻ ബുദ്ധിമുട്ടില്ല, യൂറോപ്യൻസിനും അമേരിക്കക്കാർക്കുമാണ് ഇവിടേക്ക് വീസ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ട്. സഞ്ചാരികൾക്ക് ഇ-വീസ കൊണ്ടു വന്നത് വിനോദസഞ്ചാരികൾ കൂടുതലായി ഇവിടേക്ക് എത്താൻ കാരണമായി. ഇങ്ങനെയൊക്കെ ആണെങ്കിലും വിനോദസഞ്ചാരികൾ കർശനമായ ചില നിയമങ്ങൾ പാലിക്കണം. ഇസ്ലാം മതവിശ്വാസികൾ അല്ലാത്ത ആളുകൾ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഹജ്ജ് സമയത്ത് തിരക്ക് ഒഴിവാക്കാൻ ടൂറിസ്റ്റ് വീസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Image Credit : Thomas Faull/istockphotos
Image Credit : Thomas Faull/istockphotos

ഉത്തര കൊറിയ

വിനോദസഞ്ചാരി എന്ന നിലയിൽ സന്ദർശിക്കാൻ ഏറ്റവും വെല്ലുവിളിയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസയ്ക്ക് അനുമതിയില്ല. ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുള്ള ടൂറിസ്റ്റ് ഏജൻസികൾ മുഖേനയാണ് വീസകൾ ലഭിക്കേണ്ടത്. വീസ ലഭിച്ചാലും, വീസ ലഭിക്കുന്ന വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്. പ്രദേശവാസികളുമായി ഇടപെഴകാൻ അനുവാദമില്ല. ഉത്തര കൊറിയൻ നേതാക്കളെ വിമർശിക്കാനോ സ്വതന്ത്രമായി ചുറ്റി കറങ്ങാനോ അനുവാദമില്ല.

Image Credit : GagoDesign /shutterstock
Image Credit : GagoDesign /shutterstock

അഫ്ഗാനിസ്ഥാൻ

ഈ രാജ്യത്തിലേക്ക് എത്തിച്ചേരുക എന്ന് പറയുന്നത് തന്നെ കുറച്ച് പ്രയാസകരമാണ്. പ്രത്യേകിച്ച് അടുത്ത കാലത്തുണ്ടായിട്ടുള്ള പ്രക്ഷുബ്ധമായ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അതിന് ഒരു കാരണമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും അവരുടെ പൗരൻമാരോട് അഫ്ഘാനിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് ശക്തമായ നിർദ്ദേശം നൽകാറുണ്ട്. ഈ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വീസ നിർബന്ധമാണ്. ഇന്ത്യ, ഇന്തൊനേഷ്യ, തുർക്കി, ചൈന, ഇറാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഡിപ്ലോമാറ്റിക് പാസ്പോർട് കൈവശം വെച്ചിട്ടുള്ളവർ ഒഴികെ എല്ലാവർക്കും വീസ നിർബന്ധമാണ്.

English Summary:

Top 7 Countries with Complicated Visa Processes: Why Traveling Here is a Challenge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com