‘പ്രേമലു’വിൽ സച്ചിന്റെ വീസ റിജക്ഷൻ; ആ അബദ്ധം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Mail This Article
‘പ്രേമലു’ സിനിമയിൽ രണ്ടു കൂട്ടുകാർ വിദേശത്തേക്കു പോകാനുള്ള വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഒരാൾക്കു മാത്രമാണ് വീസ കിട്ടുന്നത്. ആവശ്യത്തിനു ബാങ്ക് ബാലൻസ് ഇല്ലാത്തതു കൊണ്ടാണ് നായകൻ സച്ചിന്റെ അപേക്ഷ നിരസിക്കപ്പെടുന്നത്. വിദേശയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരുടെയും ആദ്യ ടെൻഷൻ വീസ ലഭിക്കുന്നതിനെക്കുറിച്ച് ആയിരിക്കും. കാരണം ആദ്യ അപേക്ഷ നിരസിക്കപ്പെട്ടാൽ പിന്നെയും അതിന്റെ പിന്നാലെ നടക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ല. സമയനഷ്ടവും ധനനഷ്ടവും നിരാശയും ഒക്കെ നമ്മളെ പിടികൂടുകയും ചെയ്യും. എന്നാൽ, അപേക്ഷ സമർപ്പിക്കുന്ന സമയത്തു ശ്രദ്ധിച്ചാൽ വീസ അപേക്ഷ നിരസിക്കപ്പെടില്ല.

വീസ അപേക്ഷയിൽ പ്രധാനമായും ആറു കാര്യങ്ങളിലാണ് പലരും പിഴവ് വരുത്താറുള്ളത്. ആ കാരണങ്ങൾ ഇതാ,
അപൂർണമായ അപേക്ഷ
വീസ അപേക്ഷ നിരസിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അപൂർണമായ അപേക്ഷയാണ്. അപേക്ഷയ്ക്ക് ഒപ്പം ചില രേഖകൾ സമർപ്പിക്കാത്തത്, ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത്, ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് എന്നീ കാരണങ്ങൾ കൊണ്ടു വീസ അപേക്ഷ നിരസിക്കപ്പെടാം. വളരെ ശ്രദ്ധയോടെ വേണം അപേക്ഷ പൂരിപ്പിക്കാൻ. ചോദിച്ച മുഴുവൻ വിവരങ്ങളും ആവശ്യമായ രേഖകളും നൽകിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.

ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനം
ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനമാണ് അപേക്ഷ നിരസിക്കപ്പെടാനുള്ള മറ്റൊരു കാരണം. തെറ്റായ വിവരങ്ങൾ നൽകുന്നതും സിസ്റ്റത്തിൽ കൃത്രിമം കാണിക്കുന്നതും വീസ നയങ്ങളുടെ ലംഘനവുമെല്ലാം ഇതിൽ ഉൾപ്പെടും. അപേക്ഷയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ സംഭവിച്ചാൽ അതും വീസ അപേക്ഷ ഉടനടി നിരസിക്കാൻ കാരണമാകും.

അപൂർണമായ യാത്രാ വിശദാംശങ്ങൾ
യാത്രയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാത്തതാണ് മറ്റൊരു കാരണം. വിദേശത്ത് എത്തിയാൽ എവിടെയാണ് താമസിക്കുക, എത്രകാലം അവിടെ ഉണ്ടായിരിക്കും, എന്തൊക്കെയാണ് അവിടെ എത്തിയതിനു ശേഷം ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകണം.
യാത്രാ ഉദ്ദേശ്യം
യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടാൽ വീസ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. സന്ദർശനം വിനോദസഞ്ചാരത്തിനോ ബിസിനസിനോ കുടുംബകാര്യത്തിനോ എന്തുമാകട്ടെ, അക്കാര്യം അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. അതിനുള്ള രേഖകളും സമർപ്പിക്കണം.

പാസ്പോർട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ
വീസ അപേക്ഷയിലെ പാസ്പോർട്ട് വിവരങ്ങൾ കൃത്യമായിരിക്കണം. പാസ്പോർട്ടിന്റെ കാലാവധി കഴിയുക, അതിനുള്ള കേടുപാടുകൾ, ആവശ്യത്തിന് ഒഴിഞ്ഞ പേജുകളുടെ അഭാവം എന്നിങ്ങനെയുള്ളവ വീസ നിരസിക്കപ്പെടാൻ കാരണമാകും. ഇമിഗ്രേഷൻ വകുപ്പ് നിർബന്ധമാക്കിയിട്ടുള്ള എല്ലാ കാര്യങ്ങളും പാസ്പോർട്ട് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. വീസ സ്റ്റാംപുകൾക്കായി കുറഞ്ഞത് രണ്ട് ഒഴിഞ്ഞ പേജെങ്കിലും ഉണ്ടായിരിക്കണം.
അപര്യാപ്തമായ ഫണ്ട്
യാത്രയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സാമ്പത്തികശേഷിയുണ്ടെന്ന് തെളിയിക്കാനായില്ലെങ്കിൽ വീസ അപേക്ഷ നിരസിക്കപ്പെടാം. വിദേശത്ത് ചെലവുകൾ വഹിക്കാനുള്ള പണം നിങ്ങളുടെ കൈവശമുണ്ടെന്ന് ഇമിഗ്രേഷൻ അധികൃതർക്ക് ബോധ്യപ്പെടണം. അനധികൃത ജോലികളിൽ ഏർപ്പെടില്ലെന്നുള്ള ഉറപ്പും ഇമിഗ്രേഷൻ അധികൃതർക്ക് ലഭിക്കണം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വരുമാനത്തിന്റെ തെളിവുകൾ, സ്പോൺസർഷിപ്പ് കത്തുകൾ എന്നിവ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്നത് അപേക്ഷകന്റെ സാമ്പത്തിക സ്ഥിരത തെളിയിക്കാനും വീസ അംഗീകാരത്തിനുള്ള സാധ്യത വർധിപ്പിക്കാനും സഹായിക്കും.