ഇങ്ങനെ ഒരു കാബ് ഡ്രൈവറെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്, 'നീ മലയാളികളുടെ മാനം കാത്തു മുത്തേ'യെന്ന് സോഷ്യൽ മീഡിയ
Mail This Article
തനിച്ച് യാത്ര പോകുമ്പോൾ ഒരു കാബ് വിളിക്കേണ്ടി വന്നാൽ എന്തിന് ഒരു ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നാൽ പോലും ചങ്കിടിപ്പോടെ ആയിരിക്കും അതിനകത്ത് ഇരിക്കുക. സുരക്ഷിതമായി എത്താൻ കഴിയുമോ, ഡ്രൈവറെ വിശ്വസിക്കാമോ, ഡ്രൈവർ അരുതാത്തത് എന്തെങ്കിലും ചെയ്യുമോ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് യാത്രയ്ക്കിടയിൽ പോലും സ്ത്രീകൾ ആലോചിക്കുക. എന്നാൽ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ മിക്ക ഡ്രൈവർമാരും. തങ്ങളുടെ വാഹനത്തിൽ കയറിയവരെ അത് ആണായാലും പെണ്ണായാലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശ്യം. ഇത്തരത്തിൽ യാത്രക്കാരിയെ കംഫർട്ടബിളാക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായം ഉപയോഗിച്ച മലയാളി ഡ്രൈവർ ആണ് സോഷ്യൽ മീഡിയയിൽ താരം. ഉന്നതി മാംഗ്ല എന്ന ട്രാവൽ വ്ളോഗറാണ് കേരളത്തിലേക്ക് ആദ്യമായി നടത്തിയ സോളോ ട്രിപ്പിൽ ഉണ്ടായ മനോഹരമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഒരാഴ്ച മുമ്പ് ഉന്നതി പങ്കുവച്ച ഈ വിഡിയോ ഇതിനകം 4.3 മില്യൺ ആളുകളാണ് കണ്ടത്. 'ഇങ്ങനെയൊരു കാബ് ഡ്രൈവറെ എല്ലാ പെൺകുട്ടികളും അർഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോയും കുറിപ്പും പങ്കുവച്ചത്. വിഡിയോയിൽ കാബ് ഡ്രൈവർ ഗൂഗിൾ ട്രാൻസ്ലേറ്റിനോട് മലയാളത്തിൽ 'പേടിക്കേണ്ട, ഞാൻ ഓട്ടം പോകാറുള്ളതാണ്. പുറത്തു നിന്ന് വരുന്നവരെയും കൊണ്ട്.' എന്ന് പറയുന്നു. അപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റ് അത് ഇംഗ്ലീഷിലാക്കുകയും കാബിലെ യാത്രികർക്ക് കാര്യം മനസ്സിലാകുകയും ചെയ്യുന്നു. 'പെർഫെക്ട്' എന്നാണ് ഇതിന് മറുപടിയായി ഉന്നതി പറയുന്നത്. കാബ് ഡ്രൈവറുടെ പെരുമാറ്റം അവർക്ക് സുരക്ഷിതയാണെന്ന തോന്നൽ ഉണ്ടാക്കിയെന്ന് മറുപടിയിൽ നിന്ന് വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് ഉന്നതി കുറിച്ചത് ഇങ്ങനെ, 'ആദ്യമായിട്ടാണ് ഞാനൊരു സോളോ യാത്ര പോകുന്നത്. കേരളത്തിലെ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒരു നീണ്ട യാത്രയായിരുന്നു അത്. ഞാൻ കാറിൽ കയറിയപ്പോൾ തന്നെ കംഫർട്ടബിൾ ആണെന്ന തോന്നൽ കാബ് ഡ്രൈവർ ഉണ്ടാക്കി. ഇത് ആദ്യമായിട്ടാണ് എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു സംസ്ഥാനത്ത്, വ്യത്യസ്തമായ സംസ്കാരവും വ്യത്യസ്തമായ ഭാഷയും സംസാരിക്കുന്ന ഒരിടത്ത് ഞാൻ തനിയെ യാത്ര ചെയ്യുന്നത്. അതുകൊണ്ടു തന്നെ എനിക്ക് ഭയമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിക്കുകയും സുരക്ഷിതയാണെന്ന തോന്നൽ എന്നിൽ ഉണ്ടാക്കുകയും ചെയ്തു. ഉച്ചഭക്ഷണം കഴിക്കുന്നതിനു മുൻപ് എന്നോട് അനുവാദം ചോദിച്ചു. അഞ്ചു മിനിറ്റാണ് ഉച്ചഭക്ഷണം കഴിക്കാനായി ചോദിച്ചത്. വണ്ടി ഒരു അഡ്വെഞ്ചർ പാർക്കിനു മുമ്പിലായി നിർത്തി. എന്നോട് കാർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു കൊള്ളാൻ പറഞ്ഞു. കൃത്യം 5 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ എത്തി. എന്റെ ലൊക്കേഷനിലേക്ക് എത്താൻ കുറച്ചധികം ദൂരം ഓടേണ്ടി വന്നെങ്കിലും ന്യായമായ നിരക്ക് മാത്രമാണ് ഈടാക്കിയത്.
കേരളത്തിലെ ആളുകൾക്കൊപ്പവും പ്രത്യേകിച്ച് കാബ് ഡ്രൈവർമാർക്ക് ഒപ്പമുള്ള അനുഭവവും വളരെ മനോഹരമായിരുന്നു. വിമാനത്തിന് സമയമായി എങ്കിലും അവരിലൊരാൾ മനോഹരമായ ഒരു പള്ളി സന്ദർശിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. പക്ഷേ, പള്ളി കാണാൻ പോയെങ്കിലും കൃത്യസമയത്ത് അദ്ദേഹം എന്നെ വിമാനത്താവളത്തിൽ എത്തിച്ചു. അദ്ദേഹത്തിന് പ്രത്യേകം നന്ദി പറയുന്നു, എനിക്ക് എന്റെ ഫ്ലൈറ്റ് ലഭിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ പെൺകുട്ടികളുടെ സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ ഡ്രൈവർമാരും ആളുകളും എനിക്ക് അങ്ങേയറ്റം സുരക്ഷിതയാണെന്ന തോന്നലാണ് ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ എന്റെ യാത്ര അത്രയേറെ എളുപ്പമായിരുന്നു. ഇക്കാര്യം ഇവിടെ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശ്യം തന്നെ നല്ല ആളുകൾ ഇപ്പോഴും ഉണ്ടെന്ന് നിങ്ങളോട് പറയാനാണ്. ഇത് പരിശ്രമത്തിന്റെയും നല്ല ഉദ്ദേശ്യങ്ങളുടെയും മാത്രം കാര്യമാണ്.
സന്തോഷകരമായ ഒത്തിരി നല്ല അനുഭവങ്ങളും ഓർമകളുമായാണ് മടങ്ങിയെത്തിയത്' - കേരളം, സുരക്ഷ, യാത്ര എന്നീ മനോഹരമായ ഹാഷ് ടാഗുകൾ ചേർത്താണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
വളരെ മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'നീ മലയാളികളുടെ മാനം കാത്തു മുത്തെ' എന്നാണ് ഒരു കമന്റ്. ഈ വിഡിയോ കണ്ടപ്പോൾ മലയാളി എന്ന നിലയിൽ വളരെ അഭിമാനം തോന്നിയെന്ന് നിരവധി പേരാണ് കുറിച്ചിരിക്കുന്നത്. 'കേരളം വിട്ട്, പ്രത്യേകിച്ച് ഇന്ത്യ വിട്ട് കറങ്ങാൻ പോയവർക്ക് അറിയാം എന്താണ് അയാൾ ചെയ്യുന്നത് എന്ന്. ഇംഗ്ലീഷ് ഒരു കോമൺ ലാംഗ്വേജ് ആണെന്ന് കരുതി മുറി ഇംഗ്ലീഷ് പറയുന്നതിന് പകരം ടെക്നോളജി ഉപയോഗിച്ച് അവരവരുടെ ഭാഷ കൃത്യമായി മറ്റുള്ളവരുടെ ഭാഷയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താണ് മറ്റു രാജ്യങ്ങളിലെ ഗൈഡ്സ്, കാബ് ഡ്രൈവേഴ്സ് ടൂറിസ്റ്റുകളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അവൻ അത് ഉപയോഗിച്ച് ആ സ്ത്രീക്ക് കൃത്യമായ വിവരം നൽകി. അവരും കംഫർട്ടബിൾ ആയി. ഇതിൽപരം എന്താണ് ആവറേജ് വിദ്യാഭ്യാസമുള്ള മലയാളി ചെയ്യേണ്ടത്.' - എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഏതായാലും വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ ഈ വിഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.