ശ്രീലങ്കൻ എയർലൈൻസിന്റെ 'കളേഴ്സ് ഓഫ് ജാഫ്ന'യ്ക്ക് പുരസ്കാരം
Mail This Article
മാർക്കറ്റിങ് രംഗത്തെ മികച്ച ആശയവിനിമയത്തിനു പുരസ്കാരം സ്വന്തമാക്കി ശ്രീലങ്ക. പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (പാറ്റ) ന്റെ 2024ലെ മികച്ച മാർക്കറ്റിങ് കാരിയറിനുള്ള ഗോൾഡ് അവാർഡ് ശ്രീലങ്കൻ എയർലൈൻസ് സ്വന്തമാക്കി. ബാങ്കോക്കിൽ വച്ച് 2024 ഓഗസ്റ്റ് 28ന് നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ദ്വീപ് രാഷ്ട്രത്തിന്റെ സുന്ദരമായ വടക്കൻ മേഖലയെ ലോകത്തിന്റെ മുമ്പിലേക്ക് എത്തിക്കാൻ ശ്രീലങ്കയിൽ തന്നെ ആദ്യമായി നടന്ന ഒരു ക്യാംപയിൻ ആയിരുന്നു 'കളേഴ്സ് ഓഫ് ജാഫ്ന' എന്ന പേരിലുള്ള ക്യാംപയിൻ.
ഈ വർഷം ഏകദേശം 24 ട്രാവൽ ആൻഡ് ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് പാറ്റ പുരസ്കാരത്തിന് അർഹമായത്. ആഗോളതലത്തിൽ ഏകദേശം നൂറോളം എൻട്രികളാണ് ഉണ്ടായിരുന്നത്. 23 അംഗ പാനൽ ആയിരുന്നു ജേതാക്കളെ തിരഞ്ഞെടുത്തത്.
ശ്രീലങ്കൻ എയർലൈൻസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാംപയിൻ ആയിരുന്നു കളേഴ്സ് ഓഫ് ജാഫ്ന. ലോകത്താകമാനം 14,000,000 ആളുകളിലേക്ക് ഈ ക്യാംപയിൻ എത്തി. 500,000 ത്തിലധികം എൻഗേജ്മെന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
കളേഴ്സ് ഓഫ് ജാഫ്ന എന്ന പേരിനോട് ചേർന്നു നിൽക്കുന്നതായിരുന്നു ഈ ക്യാംപയിന്റെ ഭാഗമായി ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും. കടൽത്തീരങ്ങൾ, ചരിത്രപ്രാധാന്യമുള്ള കോട്ടകൾ, ക്ഷേത്രത്തിന്റെ ഇന്റീരിയറുകൾ, ഉത്സവങ്ങളും പാചകരീതികളും തുടങ്ങി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു 'കളേഴ്സ് ഓഫ് ജാഫ്ന' ക്യാംപയിൻ.