ഇത് കപ്പൽ കൊട്ടാരം, സമുദ്ര സൗന്ദര്യമായി നോർവീജിയൻ ലൂണ!
Mail This Article
യാത്രാ പ്രേമികളുടെ കരീബിയൻ സ്വപ്നങ്ങൾക്ക് ചിറകേകാൻ നോർവീജിയൻ ലൂണ 2026 ൽ എത്തുന്നു. നോർവീജിയൻ ക്രൂയിസ് ലൈൻ ഏറ്റവും പുതിയ ആഡംബര ക്രൂയിസ് കപ്പലായ നോർവീജിയൻ ലൂണയുടെ ലോഞ്ച് പ്രഖ്യാപിച്ചു . 2026 മാർച്ചിൽ അരങ്ങേറ്റം കുറിക്കുന്ന നോർവീജിയൻ ലൂണ അത്യാഡംബര കരീബിയൻ അവധിക്കാല യാത്രകളുമായാണ് എത്തുന്നത്. മിയാമിയിൽനിന്ന് 2026 ഏപ്രിൽ മുതൽ 2026 നവംബര്‍വരെയുള്ള കാലയളവില്‍ വിവിധ യാത്രകൾ തിരഞ്ഞെടുക്കാം. ഹോണ്ടുറാസിലെ റൊട്ടൻ ഐലൻഡിലേക്കുള്ള രണ്ട് യാത്രാപരിപാടികളോടെയാണ് ആദ്യ കരീബിയൻ സീസൺ ആരംഭിക്കുന്നത്.
ഇറ്റാലിയൻ കപ്പൽ നിർമാതാവായ ഫിൻകാന്റിയേരി നിർമിച്ച നോർവീജിയൻ ലൂണയുടെ ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എഡി അസോസിയേറ്റ്സ്, റോക്ക്വെൽ ഗ്രൂപ്പ്, പിയറോ ലിസോണി, സ്റ്റുഡിയോ ഡാഡോ എന്നിവരുൾപ്പെടെയുള്ള ലോകോത്തര വാസ്തുശില്പികളാണ്. ഏകദേശം 322 മീറ്റർ നീളവും 156,300 ടൺ ഭാരവും ഏകദേശം 3,550 അതിഥികളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള ഈ കപ്പലിന് മുൻകാല പ്രൈമ ക്ലാസ് കപ്പലുകളായ നോർവീജിയൻ പ്രൈമ, നോർവീജിയൻ വിവ എന്നിവയേക്കാൾ 10% വലുപ്പം വർധിച്ചിട്ടുണ്ട്.
കമ്പനിയുടെ ഇരുപത്തിയൊന്നാമത്തെ കപ്പലായ നോർവീജിയൻ ലൂണയുടെ ഹൾ സമുദ്രത്തിലെ ചന്ദ്രപ്രകാശത്തിന്റെ പ്രതിഫലനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രശസ്ത തെരുവ് കലാകാരനായ ELLE യുടെ ശ്രദ്ധേയമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. ലാ ലൂണ എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി ആകാശ ശക്തികളുമായുള്ള മനുഷ്യരാശിയുടെ ബന്ധത്തിന്റെ ദൃശ്യാന്വേഷണമാണ്.
∙ഉദ്ഘാടന യാത്രകളും ലക്ഷ്യസ്ഥാനങ്ങളും
2026 ഏപ്രിലിൽ പ്രയാണം ആരംഭിക്കുന്ന നോർവീജിയൻ ലൂണയുടെ ലക്ഷ്യം വെസ്റ്റേൺ കരീബിയയിലേക്കാണ്. റൊട്ടൻ ഐലൻഡ്, കോസ്റ്റ മായ, മെക്സിക്കോയിലെ കോസുമെൽ, പ്യൂർട്ടോ പ്ലാറ്റ (ഡൊമിനിക്കൻ റിപ്പബ്ലിക്), ടോർട്ടോള (ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ്), സെന്റ് തോമസ് (യുഎസ് വിർജിൻ ഐലൻഡ്‌സ്), ബഹാമാസിലെ ഗ്രേറ്റ് സ്റ്റിറപ്പ് കേ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും.
സ്പെഷ്യാലിറ്റി
റസ്റ്ററന്റുകൾ, ബാറുകൾ, ലോഞ്ചുകൾ, തത്സമയ കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടെ നോർവീജിയൻ ലൂണയിൽ അതിഥികൾക്ക് വൈവിധ്യമാർന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
ആഡംബര സൗകര്യങ്ങൾ
നോർവീജിയൻ ലൂണയിൽ നൂതനമായ അക്വാ സ്ലൈഡ്‌കോസ്റ്റർ, ഡിജിറ്റൽ സ്പോർട്സ് കോംപ്ലക്സായ ഗ്ലോ കോർട്ട്, ത്രീ-ബെഡ്‌റൂം ഡ്യുപ്ലെക്‌സ് ഹേവൻ സ്യൂട്ടുകൾ പോലുള്ള ആഡംബര സൗകര്യങ്ങളുണ്ട്. നോർവീജിയൻ ബൈ ദ ഹേവനിലേക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു-24 മണിക്കൂറും ബട്ട്‌ലർ സേവനവും ഇൻഫിനിറ്റി പൂളും ഒരു സ്വകാര്യ ലോഞ്ചും ഉൾക്കൊള്ളുന്ന കീകാർഡ് മാത്രമുള്ള സമുച്ചയമാണിത്.
46,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഔട്ട്ഡോർ വാക്വേ, വൈബ് ബീച്ച് ക്ലബ്, മുതിർന്നവർക്ക് മാത്രമുള്ള, ഓപ്പൺ എയർ ലോഞ്ച്; സമുദ്രത്തിന്റെ വിസ്മയകരമായ കാഴ്ചകൾ നൽകുന്ന ഇൻഫിനിറ്റി ബീച്ച്, വിശാലമായ ക്യാബിനുകൾ, വൈവിധ്യമാർന്ന ഡൈനിങ്, ലോഞ്ചുകൾ, ലോകോത്തര വിനോദം എന്നിവയുൾപ്പടെയുള്ള സൗകര്യങ്ങളോടെ 400ൽ അധികം സ്ഥലങ്ങളിലേക്കു അവധിക്കാല വിനോദയാത്ര നൽകുന്ന നോർവീജിയൻ ലൂണ ഇന്ത്യൻ യാത്രക്കാർ ഇഷ്ടപ്പെടുന്നതെല്ലാംവാഗ്ദാനം ചെയ്യുന്നതായി എന്‍സിഎൽ ഏഷ്യ-പസഫിക്കിന്റെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ബെൻ ഏഞ്ചൽ പറഞ്ഞു.