യൂറോപ്പിലെ തണുത്തുറഞ്ഞ പ്രദേശങ്ങളെ മറന്നേക്കൂ, കശ്മീരിലുണ്ടൊരു ഐസ് തടാകം
Mail This Article
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമുണ്ട്, തണുത്തുറഞ്ഞുകിടക്കുന്നൊരു തടാകം. ആദ്യമായി കാണുന്നവർ അത് ഏതെങ്കിലും വിദേശസ്ഥലമാണെന്ന് പറയുമെങ്കിലും സംഭവം നമ്മുടെ സ്വന്തം കശ്മീരിലാണെന്ന് അറിയുന്നതോടെ ആശ്ചര്യപ്പെടുകാണ്. പിന്ററസ്റ്റിലും ഗൂഗിളിലുമെല്ലാം തിരയുന്ന ആ കാഴ്ച എന്താണെന്നല്ലേ...
മഞ്ഞുമൂടിയ മലനിരകളും വെള്ളപ്പുതപ്പണിഞ്ഞു പച്ചപ്പിനെ ഒളിപ്പിച്ച് തലകുമ്പിട്ട് നിൽക്കുന്ന പൈൻ മരങ്ങളും ഡാൽ തടാകവുമെല്ലാമായിരിക്കുമല്ലോ കശ്മീർ എന്നുപറയുമ്പോൾ മനസ്സിലേക്കു കടന്നുവരുന്ന ചിത്രങ്ങൾ. മഞ്ഞുകാലം കഴിയുന്നതോടെ പൂക്കളുടേയും മനം കവരുന്ന വസന്തത്തിന്റേയും വരവായി. അപ്പോൾ കശ്മീർ അതീവ സുന്ദരിയാകും. എന്നാൽ കൊടും വേനലിൽപ്പോലും തണുത്തുറഞ്ഞുകിടക്കുന്ന ചില സ്ഥലങ്ങൾ കശ്മീരിലുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരിടമാണ് സാങ്-ഇ-സഫേദ് താഴ്‌വര. പ്രശസ്തമായ യുസ്മാർഗ് താഴ്വരയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര ശാന്തതയുടെയും പ്രകൃതി ഭംഗിയുടെയും ഒരു സങ്കേതമാണ്. എന്നാൽ എന്താണ് അതിനെ വേറിട്ടു നിർത്തുന്നത്? ഇവിടുത്തെ തണുത്തുറഞ്ഞ തടാകമാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഈ തടാകത്തിന്റെ ഭൂരിഭാഗവും താഴ്‌വരയും വേനൽക്കാലത്ത് പോലും മഞ്ഞുവീണ് തണുത്തുറഞ്ഞിരിക്കും. സാങ്-ഇ-സഫേദ്' എന്നതിന്റെ അർത്ഥം 'വൈറ്റ് സ്റ്റോൺ' എന്നാണ്, തിളങ്ങുന്ന വെളുത്ത കല്ലുകൾ കാരണം ഈ പറുദീസക്ക് ഉചിതമായി നൽകിയ പേരാണതെന്നു വ്യക്തം.
കനത്ത വേനലിൽ കശ്മീർ പോലും പൊള്ളുന്ന സമയത്ത് സാങ് ഇ സഫേദ് വാലിക്ക് ഒരു കുലുക്കവുമുണ്ടാവില്ല. ഇവിടുത്തെ തണുത്തുറഞ്ഞ തടാകം വേനലിൽ പോലും മഞ്ഞു പുതച്ചു കിടക്കും. തടാകം മാത്രമല്ല, ഇവിടെയെത്തിയാല്‍ പുലർച്ചെ മഞ്ഞുവീണു കിടക്കുന്ന പുൽമേടുകളും കാണാം. പേര് പോലെ തന്നെ ഇവിടുത്തെ മണ്ണിലാവട്ടെ, ശരിക്കും വെളുത്ത കല്ലുകൾ കാണുകയും ചെയ്യാം.
കശ്മീർ താഴ്‌വരയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള യുസ്മാർഗ് ആണ് ഈ താഴ്വരയുമായി ഏറ്റവും അടുത്തുള്ള ഹിൽ സ്റ്റേഷൻ. ഇവിടെ നിന്ന് 10 കിലോമീറ്റർ ട്രെക്കിങ് നടത്തിയാൽ ഏറ്റവും മനോഹരമായ ഈ തടാകത്തിലേക്ക് എത്താം. പലപ്പോഴും സഞ്ചാരികൾ മറന്നുപോകുന്ന അല്ലെങ്കിൽ പോകാൻ ശ്രമിക്കാത്ത സാങ്-ഇ-സഫേദിന്റെ തണുത്തുറഞ്ഞ താഴ്‌വര, ചില നിർഭയരായ യാത്രികർക്കും സാഹസിക ആത്മാക്കൾക്കും മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു. ഉയരം കൂടിയ പൈൻ മരങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
യൂസ്മാർഗിൽ നിന്നും സാധാരണഗതിയിൽ സംഗ് ഇ സഫേദിയിലേക്ക് സാധാരണ ട്രെക്ക് ചെയ്താണ് സഞ്ചാരികളെത്തുന്നത്. ഏകദേശം പത്തു കിലോമീറ്റർ നീളുന്ന നടത്തത്തിൽ വ്യത്യസ്തങ്ങളായ ഭൂമിയും കാഴ്ചകളും കാണാം. എളുപ്പമാണ് യാത്രയെന്നു തോന്നുമെങ്കിലും ഇടയ്ക്കിടെ ബുദ്ധിമുട്ടേറിയ വഴികളും പ്രതിബന്ധങ്ങളും തരണം ചെയ്തു പോകേണ്ടി വരും. എന്നാൽ ഇതിനെല്ലാം ഒടുവിൽ എത്തുന്നതോ സ്വർഗം പോലെ സുന്ദരമായൊരു സ്ഥലത്തും. അപ്പോൾ അടുത്ത കശ്മീർ യാത്രയിൽ സാങ്-ഇ- സഫേദിലേയ്ക്കു കൂടി പോയിവരാം.