'സെറൻഡിബ് ഡിലൈറ്റ്സു'മായി ശ്രീലങ്കൻ എയർലൈൻസ്, ഇനി ഇക്കോണമി ക്ലാസിലെ യാത്രക്കാർക്ക് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം
Mail This Article
ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാനുള്ള പുതിയ സേവനവുമായി ശ്രീലങ്കൻ എയർലൈൻസ്. സെറെൻഡിബ് ഡിലൈറ്റ്സ് എന്നാണ് ഈ സേവനത്തിന്റെ പേര്. ക്യൂറേറ്റ് ചെയ്ത മെനുവിൽ നിന്ന് യാത്രക്ക് മുൻപ് ശ്രദ്ധാപൂർവം ഭക്ഷണം തിരഞ്ഞെടുക്കാൻ ഇത് യാത്രക്കാരെ സഹായിക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ യാത്രക്കാർക്ക് ഇത്തരത്തിൽ തിരഞ്ഞെടുക്കാം.
സാൽമൺ സ്റ്റീക്ക്‌സ്, ചിക്കൻ ലാംപ്രൈസ്, ഫില്ലറ്റ് സ്റ്റീക്ക്‌സ്, ഫിഷ് ഫ്രിട്ടറുകൾ, ബീഫ് ബർഗറുകൾ, സീഫുഡ് പീസ്, അറബിക്, വെസ്റ്റേൺ, ഇന്ത്യൻ ബ്രേക്ക്‌ഫാസ്റ്റുകൾ തുടങ്ങിയ ഓപ്ഷനുകൾ മെനുവിൽ ലഭ്യമാണ്. ഉയർന്ന ഗുണനിലവാരമുള്ള ചേരുവകൾ ചേർത്താണ് ഓരോ ഭക്ഷണവും തയാറാക്കുന്നത്. വെജിറ്റേറിയൻ, വീഗൻ, ഗ്ലൂട്ടൺ ഫ്രീ എന്നീ ഓപ്ഷനുകളും ലഭ്യമായിരിക്കും. ഓരോ യാത്രക്കാരനും അവരുടെ രുചിക്കനുസരിച്ചുള്ള ഭക്ഷണമായിരിക്കും ലഭ്യമാക്കുക. കൊളംബോയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും ലഭ്യമാക്കുന്ന എല്ലാ ഭക്ഷണങ്ങളും ഹലാൽ സർട്ടിഫൈഡ് ആയിരിക്കും.
സെറെൻഡിബ് ഡിലൈറ്റ്സ് അനുസരിച്ച് വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രക്കാർക്ക് ഭക്ഷണത്തിന് ഓർഡർ നൽകാവുന്നതാണ്. ശ്രീലങ്കൻ എയർലൈൻസിന്റെ വെബ്സൈറ്റിലാണ് ഓർഡർ നൽകേണ്ടത്. ശ്രീലങ്കയ്ക്കുള്ളിൽ നിന്നാണെങ്കിൽ 1979 എന്ന നമ്പറിൽ വിളിച്ചും ശ്രീലങ്കയ്ക്ക് പുറത്ത് നിന്നാണെങ്കിൽ + 94 777 77 1979 എന്ന നമ്പറിൽ വിളിച്ചും മീൽ ബുക്ക് ചെയ്യാവുന്നതാണ്. സെറെൻഡിബ് ഡിലൈറ്റ്സ് കൂടാതെ യാത്രക്കാർക്ക് അവരുടെ യാത്ര കൂടുതൽ മികച്ചതാക്കാൻ അഡ്വാൻസ് സീറ്റ് റിസർവേഷൻ, എക്സ്ട്രാ ലെഗ് റൂം സീറ്റുകൾ, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളുമുണ്ട്.