ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഇ ക്രൂയിസില്‍ യാത്ര പോകാം
Mail This Article
അജ്മീറിലെ ശാന്തമനോഹരമായ അന സാഗർ തടാകത്തിൽ ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഇലക്ട്രിക് ക്രൂയിസ് യാത്രയൊരുക്കി രാജസ്ഥാന്‍. വിനോദസഞ്ചാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ അനുഭവം ഒരുക്കിയിട്ടുള്ളത്. ജെ പി ഡാധിച്ചിന്‍റെ ഉടമസ്ഥതയിലുള്ള ഈ ക്രൂയിസ് വികസിപ്പിച്ചെടുത്തത് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോർഡ് ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. അഞ്ചു കോടി രൂപയാണ് മൊത്തം നിർമാണ ചെലവ്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കനത്ത ഇരുമ്പിന് പകരം കനംകുറഞ്ഞ ഫൈബറിൽ നിർമിച്ച ലക്ഷ്വറി ഇ ക്രൂയിസ്, നാല് അടിയിൽ താഴെയുള്ള, ആഴം കുറഞ്ഞ വെള്ളത്തിൽ സഞ്ചരിക്കാന്‍ പാകത്തില്‍ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 22 മീറ്റർ നീളമുള്ള ഈ ഡബിൾ ഡെക്കർ കപ്പൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.
എയർകണ്ടീഷൻ ചെയ്ത ലോവർ ഡക്കും ഓപ്പൺ എയർ ഇരിപ്പിടങ്ങളും ഡാൻസ് ഫ്ലോറുമുള്ള അപ്പര്‍ ഡെക്കും ആധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്നു. പാർട്ടികൾ, ഡിജെ നൈറ്റ്സ്, സ്വകാര്യപരിപാടികള്‍ മുതലായവ നടത്താന്‍ മുകളിലെ ഡക്കില്‍ സൗകര്യമുണ്ട്. ഇവിടെ നിന്നു കൊണ്ട് തടാകക്കാഴ്ചകള്‍ ആസ്വദിക്കാം.
ഓരോ ഡെക്കിലും 75 പേർ വീതം, ക്രൂയിസിന് ആകെ 150 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്,. കോണ്ടിനെന്റൽ ഓപ്ഷനുകളും ഫാസ്റ്റ് ഫുഡും ഫ്രഷ് ജ്യൂസുകളും ഉള്‍പ്പെടെയുള്ള മെനുവും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികളുമുണ്ട്. ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഭാവിയില്‍ സോളാർ പാനലുകൾ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അന സാഗർ തടാകത്തിലെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ക്രൂയിസില്‍ ബയോ ടോയ്‌ലറ്റുകളാണ് ഉള്ളത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, സിസിടിവി ക്യാമറകൾ, ലൈഫ് ജാക്കറ്റുകൾ, സ്റ്റാൻഡ്‌ബൈ റെസ്‌ക്യൂ ബോട്ട് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
അജ്മീർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൃത്രിമ തടാകമാണ് അന സാഗർ തടാകം. 1135-1150 എഡിയിൽ പൃഥ്വിരാജ് ചൗഹാന്റെ മുത്തച്ഛനായ അർണോരാജ ആണ് ഇത് നിർമിച്ചത്. അന എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ പേരിലാണ് തടാകം അറിയപ്പെടുന്നത്. മുഗൾ ചക്രവർത്തി ജഹാംഗീർ തടാകത്തിനരികിൽ ദൗലത്ത് ബാഗ് പൂന്തോട്ടം നിർമിച്ചു. പൂന്തോട്ടത്തിനും തടാകത്തിനുമിടയിൽ ഷാജഹാൻ ബരാദാരി എന്നറിയപ്പെടുന്ന അഞ്ച് പവലിയനുകളും നിർമിച്ചു. തടാകം 13 കിലോമീറ്റർ (8.1 മൈൽ) വ്യാപിച്ചു കിടക്കുന്നു.
തടാകത്തിനടുത്തുള്ള കുന്നിൻ മുകളിൽ ഒരു സർക്യൂട്ട് ഹൗസ് ഉണ്ട്. ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. തടാകത്തിന്റെ മധ്യഭാഗത്തായി ബോട്ടിൽ എത്തിച്ചേരാവുന്ന ഒരു ദ്വീപുണ്ട്. ദൗലത്ത് ബാഗിന്റെ കിഴക്ക് ഭാഗത്ത് നിന്നു ബോട്ടുകൾ വാടകയ്ക്ക് എടുക്കാം. അടുത്തടുത്തായി ചൗപാട്ടിയും ജെട്ടിയും തടാകത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ച് നടക്കാന്‍ വാക്ക്‌വേയും കൂടാതെ ബരാദാരിയും ഉണ്ട്.
അജ്മീറിനടുത്തുള്ള ഭിനായ് കോതിയിൽ വച്ചായിരുന്നു ദയാനന്ദ സരസ്വതിയുടെ അന്ത്യം. ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അന സാഗർ തടാകത്തിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഋഷി ഉദ്യാനിലാണ് വിതറിയത്. ഇവിടുത്തെ സൂര്യാസ്തമനക്കാഴ്ച അതിമനോഹരമാണ്. ഋഷി ഉദ്യാനിൽ എല്ലാ വർഷവും ഒക്ടോബർ അവസാനം ഋഷി ദയാനന്ദന്റെ ചരമവാർഷികത്തിൽ 3 ദിവസത്തെ ആര്യസമാജ മേള നടക്കുന്നു. വേദ സെമിനാറുകൾ, വേദ മനഃപാഠ മത്സരം, യജ്ഞം എന്നിവ ഉൾപ്പെടുന്ന മേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നു.