ഇൻഡിഗോയുമെത്തി; ഇനി ബിസിനസ് ക്ലാസ് ‘ഫൈറ്റ്’
Mail This Article
ഇതുവരെ ഇൻഡിഗോ വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സീറ്റുകളുണ്ടായിരുന്നില്ല. നവംബർ 14ന് ‘ഇൻഡിഗോ സ്ട്രെച്ച്’ എന്ന ബ്രാൻഡിൽ ബിസിനസ് ക്ലാസ് സർവീസ് കമ്പനി ആരംഭിക്കും.
ഇതുവരെ ഫ്ലൈറ്റിന്റെ ആദ്യ വരിയിലെയും എമർജൻസി എക്സിറ്റിന് സമീപമുള്ള വരിയിലെയും സാധാരണ സീറ്റുകൾ ഇൻഡിഗോ ‘എക്സ്എൽ’ എന്ന പേരിൽ ഉയർന്ന നിരക്ക് വാങ്ങിയാണ് വിറ്റിരുന്നത്.
ബിസിനസ് ക്ലാസ് സീറ്റുകൾ ഘടിപ്പിച്ച ആദ്യ എയർബസ് 321 നിയോ വിമാനം ഡൽഹി–മുംബൈ റൂട്ടിൽ പ്രതിദിനം 3 സർവീസുകൾ നടത്തും. ജനുവരിയിൽ ഇത് പ്രതിദിനം 15 സർവീസാകും. ഇതു കഴിഞ്ഞ് ഡൽഹി–ബെംഗളൂരു, ഡൽഹി–ചെന്നൈ റൂട്ടുകളിലായിരിക്കും ബിസിനസ് ക്ലാസ് വരിക.
എയർ ഇന്ത്യ–വിസ്താര ലയനം പൂർത്തിയായി 3 ദിവസത്തിനകമാണ് ഇൻഡിഗോ സ്ട്രെച്ചിന്റെ ഉദ്ഘാടനമെന്നതും ശ്രദ്ധേയമാണ്.
എയർ ഇന്ത്യ അടക്കമുള്ള കമ്പനികളെ ആശ്രയിക്കുന്ന ബിസിനസ് ക്ലാസ് യാത്രക്കാരെ ആകർഷിക്കാനാണ് ഇൻഡിഗോയുടെ നീക്കം.
ഒരു വർഷത്തിനുള്ളിൽ 12 റൂട്ടുകളിലായി 45 വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സീറ്റുകൾ ലഭ്യമാക്കും. ദിവസേന 268 സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.
ഒരു വശത്ത് 2 സീറ്റുകളെന്ന തരത്തിലാണ് ഇൻഡിഗോ സ്ട്രെച്ച് സീറ്റുകളുടെ ക്രമീകരണം. 6–വേ അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റ്, റിക്ലൈനിങ് സൗകര്യം, ഇലക്ട്രോണിക് ഡിവൈസ് ഹോൾഡർ, യുഎസ്ബി–സി ചാർജ് പോർട്ടിങ് തുടങ്ങിയവയുണ്ടാകും. ‘സ്ട്രെച്ച്’ യാത്രക്കാർക്ക് കൺവയൻസ് ഫീസ് ഒഴിവാക്കും.
വെജിറ്റേറിയൻ മീൽ ബോക്സ്, സോഫ്റ്റ് ബവ്റിജസ്, മുൻകൂർ സീറ്റ് സിലക്‌ഷൻ, പ്രയോരിറ്റി ചെക്ക്–ഇൻ, എനി ടൈം ബോർഡിങ് തുടങ്ങിയ സൗകര്യങ്ങളും നൽകും.