ഭക്ഷണപ്രേമികൾ ഉറപ്പായും സന്ദർശിക്കേണ്ട അമേരിക്കൻ നാടുകൾ
Mail This Article
യാത്രക്കിടയിലെ ഭക്ഷണം എന്നതില്‍ നിന്നും ഭക്ഷണം തേടിയുള്ള യാത്രകള്‍ എന്ന നിലയിലേക്ക് പലപ്പോഴും യാത്രകള്‍ മാറാറുണ്ട്. ഭക്ഷണപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന പ്രദേശങ്ങള്‍ അമേരിക്കയിലും നിരവധിയാണ്. ഭക്ഷണം മുഖ്യലക്ഷ്യമായി യാത്ര ചെയ്യാന്‍ പറ്റിയ നാലു സ്ഥലങ്ങളെ പരിചയപ്പെടാം. ഒപ്പം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവുന്ന മറ്റു കാര്യങ്ങളും നോക്കാം.
ക്ലാസിക് ടെന്നസി
വര്‍ഷങ്ങളുടെ പാരമ്പര്യവും വൈവിധ്യവും കൈമുതലായുള്ള നിരവധി ഭക്ഷണശാലകളുള്ള നാടാണ് ടെന്നസി. കൃഷിസ്ഥലത്തു നിന്നും നേരെ തീന്മേശയിലേക്കെത്തുന്ന ഭക്ഷണ വിഭവങ്ങള്‍ ധാരാളമായി ഇവിടെ കണ്ടെത്താനാവും. ഓള്ട്ട്വായിലെ കണ്ട്രിസൈഡ് കഫേ ടെന്നസിയിലെ ക്ലാസിക് ഭക്ഷണശാലയുടെ ഉദാഹരണമാണ്. ഇറ്റാലിയന്‍ വിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ് മെംഫിസിലെ കാതറിന് ആൻഡ് മേരി. ടെന്നസിയിലെ പ്രാദേശികരുചി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് നാഷ്വില്ലയിലെ ഹസ്ക്. കാര്‍നേജ് ഹോട്ടലില്‍ ഭക്ഷണത്തിനൊപ്പം വ്യാഴാഴ്ച്ച വൈകുന്നേരങ്ങളില്‍ തത്സമയ ജാസ് ഷോകളും ആസ്വദിക്കാനാവും. ലിച്ച്ബര്ഗിലെ ജാക്ക് ഡാനിയേല്‍ ഡിസ്ലറി അടക്കം 30 ഓളം മദ്യ നിര്‍മാണ ശാലകളും ടെന്നസിയിലുണ്ട്. 70 ലേറെ വൈന്‍ നിര്‍മാണ കേന്ദ്രങ്ങളും ആറ് വൈന്‍ ട്രയലുകളും ടെന്നസിയിലുണ്ട്.
കെന്റക്കിയിലെ ഭക്ഷ്യ സംസ്ക്കാരം
ടെന്നസി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ലൂയിസ് വില്ലെയിലെ സംസ്ക്കാരവും ഭക്ഷണവും വൈവിധ്യം നിറഞ്ഞതാണ്. ബ്ലൂഗ്രാസ് മ്യൂസിക് മുതല്‍ പ്രസിദ്ധമായ കുതിരയോട്ട മത്സരമായ കെന്റക്കി ഡെര്‍ബി വരെ ഇതു പരന്നു കിടക്കുന്നു. അമേരിക്കന്‍ വിസ്കി ബര്ബോണിന്റെ ആസ്ഥാനവും കെന്റകി തന്നെ. അര്‍ബന്‍ ബര്ബോണ് ട്രയല്‍ പ്രാദേശിക ഭക്ഷണവും ബാറുകളും സന്ദര്‍ശിക്കാനും രുചി വൈവിധ്യം അറിയാനുമുള്ള അവസരമാണ് നല്‍കുക. പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന ലൂയിസ്വില്ലെയിലെ ഔദ്യോഗിക കോക്ടെയിലും പ്രസിദ്ധമാണ്. ചരിത്രപ്രസിദ്ധമായ ബ്രൗണ്‍ ഹോട്ടല്‍ തേടിയും സഞ്ചാരികള്‍ എത്താറുണ്ട്. കെന്റക്കി ഡര്‍ബി പാര്‍ട്ടി സ്പെഷല്‍ ബെനഡിക്റ്റേന്, മൊജെസ്ക മാഷ് മെല്ലോസ്, ബര്ബോണ് ബാള്‍സ്, ഡെര്‍ബി പൈ എന്നിങ്ങനെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ക്കു പ്രസിദ്ധമാണ് ഈ പ്രദേശം.
ഭക്ഷണവും സംഗീതവും കലര്‍ന്ന ടെക്സസ്
തല്‍സമയ സംഗീതത്തിന്റെ ആഗോള തലസ്ഥാനമെന്നു പേരുകേട്ട ഇടമാണ് ടെക്സസിലെ ഒസ്റ്റിന്‍. സംഗീതത്തിനു പുറമേ ആരെയും കൊതിപ്പിക്കുന്ന ബിബിക്യു സ്പോട്ടുകള്‍ കൊണ്ടും ഒസ്റ്റിന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പാര്‍ട്ടി ഡൈനിങിന് പറ്റിയ ഇടമാണ് രമെന് ടറ്റ്സു-യാ റെസ്റ്ററന്റ്. ഭക്ഷണവും സംഗീതവും ഇഷ്ടപ്പെടുന്നവര്‍ എത്തുന്ന മറ്റൊരു ഇടം ബട്ടണ്‍സ് റെസ്റ്ററന്റാണ്. 70കളിലെ സംഗീതം ആസ്വദിച്ച് ഇവിടെ ഭക്ഷണം കഴിക്കാനാവും
തെക്കിന്റെ രുചിക്ക് സൗത്ത് കരോലിന
അമേരിക്കയുടെ തെക്കന്‍ പ്രദേശത്തെ രുചിവൈവിധ്യം ആസ്വദിക്കാന്‍ സൗത്ത് കരോലിനയിലെത്തിയാല് മതി. ബാര്‍ബിക്യു, ചെമ്മീന്‍ വിഭവങ്ങള്‍, പുഴുങ്ങിയ നിലക്കടല, ഞണ്ട് സൂപ്പ്, ഐസ് ടീ, പീക്കന്‍സ് എന്നിങ്ങനെ പോവുന്നു സൗത്ത് കരോലിനയിലെ രുചികള്‍. കോളേജ് ടൗണായ സൗത്ത് കരോലിനയുടെ തലസ്ഥാനമായ കൊളംബിയ വിപുലമായ ഭക്ഷണ വൈവിധ്യങ്ങളാലും സമ്പന്നമാണ്. റെസ്റ്ററന്റുകള്ക്കൊപ്പം ബെല്‍ജിയന്‍ വാഫ്ല് ട്രക്ക്, വൂസ്റ്റ് വാഗണ്‍, ടാകോസ് എന്നിങ്ങനെയുള്ള ഫുഡ് ട്രക്കുകളും ഇവിടെ സജീവമാണ്. സൗത്ത് കരോലിനയില്‍ നിര്‍ബന്ധമായും രുചിച്ചു നോക്കേണ്ട വിഭവം ബിബിക്യുവാണ്.