കൊതിപ്പിക്കുന്ന യാത്രാ ചിത്രങ്ങളുമായി നാഗസുന്ദരി!
Mail This Article
ഹിന്ദി സീരിയലില്‍ നാഗിനിയായി കടന്നുവന്ന്, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നായികമാരിൽ ഒരാളായി മാറിയ നടിയാണ് മൗനി റോയ്. നടിയായി മാത്രമല്ല, ഗായിക, കഥക് നർത്തകി, മോഡല്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച മൗനി, മലയാളിയായ സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ കേരളത്തിന്‍റെ മരുമകള്‍ കൂടിയായി മാറി. നിരന്തരം യാത്രകള്‍ ചെയ്യുന്ന മൗനിയുടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ഏതു യാത്രാപ്രേമിയും കൊതിക്കുന്ന മനോഹരചിത്രങ്ങളാണ്.
ബാലിയില്‍ നിന്നാണ് മേയ് അവസാനം മൗനി ചിത്രം പങ്കുവച്ചത്. ബാലിയുടെ കലയുടെയും സംസ്കാരത്തിന്‍റെയും കേന്ദ്രമായി അറിയപ്പെടുന്ന ഉബുദ് നഗരത്തില്‍ ഊഞ്ഞാലാടുന്ന ചിത്രം മൗനി പോസ്റ്റ് ചെയ്തിരുന്നു.
ഉബുദിൽ അനേകം ഹിന്ദുക്ഷേത്രങ്ങളുണ്ട്. പുര ദെസ ഉബുദ് ഇവിടത്തെ പ്രധാന ക്ഷേത്രമാണ്. പുര തമൻ സരസ്വതി, പുര ഡാലെം അഗുങ് പൊഡങ്ടെഗൾ, രാജാക്കന്മാരുടെ ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന ഗുനുങ് കവ്വി ക്ഷേത്രം, ഗോവ ഗജ അഥവാ എലിഫന്റ് ഗുഹ എന്നിവയെല്ലാം ഇവിടെയുള്ള പ്രധാന ക്ഷേത്രങ്ങളാണ്. ഇത് ഉബുദിലെ അവസാന രാജാവായിരുന്ന റ്റ്ജ്യോകൊർഡ ജെഡെ അഗുങ് സുഖാവതിന്‍റെ രാജകീയ വസതിയായ പുരി സരെൻ അഗുങ് ആണ് ഇവിടത്തെ എറ്റവും വലിയ കൊട്ടാരം. ബാലിയിലെ ബീച്ചുകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങളും മൗനി പങ്കുവച്ചിട്ടുണ്ട്.
സ്പാനിഷ് ദ്വീപായ ഇബിസയില്‍ നിന്നുള്ള ചിത്രങ്ങളും മൗനി പങ്കുവച്ചിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് ഇവ. ഐബീരിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്തിനടുത്തുള്ള ബലേറിക് കടലില്‍ സ്ഥിതിചെയ്യുന്ന ബലേറിക് ദ്വീപസമൂഹത്തിലെ മല്ലോർക്ക, മെനോർക്ക, ഇബിസ, ഫോർമെന്റെറ എന്നിങ്ങനെയുള്ള നാലു പ്രധാന ദ്വീപുകളില്‍ ഒന്നായ ഇബിസ, വിസ്തൃതിയിൽ മൂന്നാമത്തെ വലിയ ദ്വീപാണ്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഇവിടം. വേനൽക്കാലത്ത് നൈറ്റ് ലൈഫിനും ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ക്ലബുകള്‍ക്കും പേരുകേട്ട ഇബിസ, ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഇബിസയെയും അതിന്റെ തെക്ക് ഭാഗത്തുള്ള ഫോർമെന്റെ ദ്വീപിനെയും ചേര്‍ത്ത് പൈൻ ദ്വീപുകൾ അല്ലെങ്കിൽ " പിറ്റ്യൂസ് " എന്നു വിളിക്കുന്നു.
ഫോർമെന്റെറയില്‍ നിന്നുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തു. ഇബിസയിൽ നിന്നു ബോട്ടിൽ മാത്രമേ ഈ ദ്വീപിൽ എത്തിച്ചേരാനാകൂ. ഈയിടെയാണ് ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളില്‍ ഒന്നായ ബാഴ്സലോണയാണ് മൗനി സന്ദര്‍ശിച്ച മറ്റൊരു നഗരം.
ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ എഫ് സി ബാഴ്‌സലോണയുടെ ഹോം സിറ്റിയായ ബാഴ്സലോണ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ക്കും പേരുകേട്ടതാണ്. ഈ നഗരത്തിന്‍റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം. എട്ട് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഉൾപ്പെടെ ധാരാളം മനോഹര കാഴ്ചകള്‍ ഇവിടെയുണ്ട്. നഗരത്തിലെ അനുഭവങ്ങളെക്കുറിച്ച്, ഒരു വിഡിയോയില്‍ മൗനി വിവരിച്ചിട്ടുണ്ട്.
ഫ്ലെമെൻകോ ഷോയും ഫുട്ബോൾ കളിയും കണ്ടതിനെ കുറിച്ചും രുചികരമായ ഭക്ഷണം കഴിച്ചതും ചുറ്റി നടന്നു കാഴ്ചകള്‍ കണ്ടതുമെല്ലാം മനോഹരമായ അനുഭവമായിരുന്നു എന്ന് ക്യപ്ഷനില്‍ എഴുതിയിട്ടുണ്ട്.