കൃതി സനോണിന്‍റെ അവധിക്കാല യാത്ര, പാർട്ടി പ്രേമികളുടെ പറുദീസയിലേക്ക്
Mail This Article
ബോളിവുഡ് നടി കൃതി സനോണിന്‍റെ ഗ്രീക്ക് വെക്കേഷന്‍ ചിത്രങ്ങളും വിഡിയോകളും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സഹോദരിയായ നൂപുര്‍ സലോണിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു കൃതിയുടെ വെക്കേഷന്‍ ആഘോഷം. ബീച്ച് കാഴ്ചകളും കടല്‍യാത്രകളും പാര്‍ട്ടിയും മ്യൂസിക്കുമെല്ലാമായി വർണാഭമായിരുന്നു ആ യാത്ര.
ആറായിരത്തിലധികം ദ്വീപുകളുള്ള രാജ്യമാണ് ഗ്രീസ്. ഗ്രീസിലെ സമ്മര്‍ വെക്കേഷന്‍റെ തലസ്ഥാനം എന്ന് വിളിക്കാവുന്നത്ര മനോഹരമായ ഒരിടമാണ് കൃതിയും സംഘവും വെക്കേഷന്‍ ആഘോഷിച്ച മൈക്കോനോസ് ദ്വീപ്. ഈജിയൻ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മൈക്കോനോസ്, പാര്‍ട്ടി പ്രേമികളുടെ പറുദീസയാണ്. സൂര്യൻ ചക്രവാളത്തിന് താഴെ മറഞ്ഞു തുടങ്ങുമ്പോഴേക്കും, ക്ലബ്ബുകൾ മുഴുവൻ രാത്രി പാർട്ടികൾക്കായി ഒരുങ്ങുന്നു. തീരത്തോടു ചേർന്നുള്ള കാറ്റാടി മരങ്ങൾ മൈക്കോനോസിന്റെ പ്രധാന പ്രത്യേകതയാണ്. വെളുത്ത നിറമുള്ള പെയിന്‍റടിച്ച വീടുകളും ബോഗന്‍വില്ലകള്‍ പൂക്കുന്ന വഴിയോരങ്ങളുമെല്ലാം ദ്വീപിനെ സ്വപ്ന തുല്യമാക്കുന്നു.
അടിപൊളി രാത്രി ജീവിതവും കാഴ്ചകളുമുള്ള ഈ ഗ്രീക്ക് ദ്വീപ്, സമുദ്രനിരപ്പില്‍ നിന്നും 1,119 അടി ഉയരെയാണ്. ഏകദേശം 85.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദ്വീപിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ടൂറിസം. എഴുപതുകളില്‍ അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഇടമായി മൈക്കാനോസ് മാറി. അന്ന് ഇതൊരു ന്യൂഡ് ബീച്ചായിരുന്നു. പിന്നീട് എണ്‍പതുകളില്‍ ഒരു ജനപ്രിയ സ്വവർഗ വിനോദ സഞ്ചാര കേന്ദ്രമായും ദ്വീപ് വളര്‍ന്നു. രണ്ടായിരാമാണ്ടോടെ മൈക്കോനോസ് ഗ്രീസിലെ ഏറ്റവും ചെലവേറിയ ദ്വീപുകളിലൊന്നായി മാറി.
ഗ്രീക്ക് ദേവനായ അപ്പോളോയുടെ പരമ്പരയില്‍ പെട്ട മൈക്കോനോസ് എന്ന ഭരണാധികാരിയുടെ പേരാണ് ദ്വീപിന് കിട്ടിയത്. സിയൂസും രാക്ഷസന്മാരും തമ്മിലുള്ള മഹായുദ്ധം നടന്നത് ഈ ദ്വീപിലാണെന്നു ഗ്രീക്ക് ഐതിഹ്യത്തില്‍ പറയുന്നു. ഐതിഹ്യമനുസരിച്ച്, ദ്വീപിലെമ്പാടുമുള്ള വലിയ പാറകൾ രാക്ഷസന്മാരുടെ ശവശരീരങ്ങളാണെന്ന് പറയപ്പെടുന്നു.
എപ്പോഴും ശക്തമായി വീശുന്ന കാറ്റ് കാരണം, മൈക്കോനോസിന്റെ വിളിപ്പേര് "കാറ്റ് ദ്വീപ്" എന്നാണ്. തീരങ്ങളിലെ കാറ്റാടിയന്ത്രങ്ങൾ മൈക്കോനോസിന്റെ മുഖമുദ്രയാണ്. കൃഷി ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി നിര്‍മിക്കുന്നതിനാണ് ഇവ സ്ഥാപിച്ചതെങ്കിലും, ഇപ്പോൾ ഇവ ഉപയോഗത്തിലില്ല. എന്നാല്‍, ഇവിടെയെത്തുന്ന സഞ്ചാരികള്‍ മുഴുവനും ഈ കാറ്റാടിയന്ത്രങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതു സ്ഥിരം കാഴ്ചയാണ്.
ഗ്രീക്കില്‍ 'ടൗൺ' എന്നര്‍ത്ഥം വരുന്ന 'ചോറ'യാണ് മൈക്കോനോസിന്റെ തലസ്ഥാനം. ഇത് 'ലിറ്റിൽ വെനീസ്' എന്നു വിളിക്കപ്പെടുന്നു. വെളുത്ത ഉരുളൻ കല്ലുകള്‍ നിറഞ്ഞ ഇടവഴികളിലൂടെ അലഞ്ഞുതിരിഞ്ഞ്, തെരുവ് സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ലഭിക്കുന്ന പ്രാദേശിക ഭക്ഷണം കഴിക്കാം. കടലിന്റെ മനോഹരമായ കാഴ്ചകൾക്കൊപ്പം ഭക്ഷണം ആസ്വദിക്കാം. നേരം പുലരുന്നതു വരെ ആസ്വദിക്കാന്‍, ഒട്ടേറെ നൈറ്റ് ക്ലബ്ബുകളും ബാറുകളും ഈ സ്ഥലത്ത് ഉണ്ട്. ചാപ്പൽ പനാജിയ പാരപോർട്ടാനി, ചോറ കാസിൽ, 19-ാം നൂറ്റാണ്ടിലെ സമുദ്ര മ്യൂസിയം തുടങ്ങിയ ചരിത്രപരമായ സ്ഥലങ്ങൾ ഇവിടുത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
മൈക്കോനോസ് തുറമുഖത്തിന് സമീപം നിരവധി റസ്റ്ററന്റുകളും ബാറുകളുമുണ്ട്. അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ വളരെ മികച്ച സ്ഥലമാണ് ഇവിടം. തുറമുഖത്തിലൂടെ നടന്ന് ആളുകള്‍ മീന്‍ പിടിക്കുന്നതു കാണാം. സമീപത്ത് ഒരു പഴയ മത്സ്യ മാർക്കറ്റും ഉണ്ട്.
മൈക്കോനോസ് പട്ടണത്തിൽ നിന്നു 4 കിലോമീറ്റർ തെക്കുകിഴക്കായാണ് മൈക്കോനോസ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഏഥൻസിൽ നിന്നു മൈക്കോനോസിലേക്കുള്ള വിമാനയാത്രയ്ക്ക് 25 മിനിറ്റ് എടുക്കും. കൂടാതെ, ചുറ്റുമുള്ള ദ്വീപുകളിൽ നിന്നും ഏഥൻസിൽ നിന്നും ബോട്ടിലും ഫെറികളിലും മൈക്കോനോസിൽ എത്തിച്ചേരാം.
മൈക്കോനോസില്‍ നിന്നും ടൂർ ബോട്ടുകൾ അടുത്തുള്ള മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ ഡെലോസ് ദ്വീപിലേക്കും പതിവായി പോകുന്നു. മൈക്കോനോസ് തുറമുഖത്ത് നിന്ന് ബോട്ടിൽ എത്തിച്ചേരാവുന്ന ജനവാസമില്ലാത്ത ഒരു ദ്വീപാണ് ഡെലോസ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഡെലോസില്‍ രാത്രി തങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.