‘പുരുഷന്മാർ ആസ്വദിച്ചു വിമർശിച്ചു; ലോ പഠിച്ച പാചകക്കാരി ബട്ടർ ചിക്കനുണ്ടാക്കി പ്രേക്ഷകമനസ്സിൽ’
Mail This Article
കുക്കറി ഷോ ടെലിവിഷൻ പ്രേക്ഷകർ കാണാൻ തുടങ്ങിയ കാലം മുതൽ മലയാളിക്ക് ലക്ഷ്മി നായരെ അറിയാം. എഴുത്തുകാരി, അധ്യാപിക, ടെലിവിഷൻ അവതാരക എന്നിങ്ങനെ വ്യത്യസ്തമായ രീതികളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ. ലക്ഷ്മി. ലോ അക്കാദമി പ്രിൻസിപ്പാളായിരിക്കെ ഏറെ വിവാദങ്ങളും ലക്ഷ്മി നായരെ തേടിയെത്തി. ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് ഡോ. ലക്ഷ്മി നായർ മനോരമ ഓൺലൈൻ ഷീ ടോക്കിലൂടെ...
∙ കർക്കശക്കാരായ മാതാപിതാക്കളും ഞാനും
ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. ഞാൻ ഉൾപ്പെടെ എന്റെ കൂടെ പഠിച്ച മറ്റു പെൺകുട്ടികൾക്കും പലതിൽ നിന്നും ഉള്‍വലിയുന്ന പ്രകൃതമായിരുന്നു. ഞാൻ കുറച്ചൂടെ നാണക്കാരിയായിരുന്നു. അവിടെ സിസ്റ്റേഴ്സ് എനിക്ക് അവസരങ്ങൾ നൽകിയിരുന്നു. ഓണാഘോഷത്തിന് താലപ്പൊലി എടുക്കാനും ടാബ്ലോകളിൽ ചില കഥാപാത്രങ്ങൾ ചെയ്യാനും അവസരങ്ങൾ ലഭിച്ചു. എങ്കിലും ഒരു പ്രസംഗം ചെയ്യാൻ പറഞ്ഞാൻ എനിക്ക് സഭാകമ്പം ആയിരുന്നു. അത് വീട്ടിലെ രീതികൊണ്ടാണ്. കസിൻസിന്റെ വീട്ടിൽ പോയി താമസിക്കുന്ന രീതി ഒന്നും 13 വയസ്സിനു ശേഷം ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിരുന്നില്ല. സുഹൃത്തുക്കളുടെ വീട്ടിൽ പോയി താമസിക്കാനും സമ്മതിക്കില്ല. ഇതൊക്കെ പറയുമ്പോഴും എന്റെ ഉള്ളിൽ ഒരാളുണ്ടായിരുന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു. കാരണം ഇത്രയും കർക്കശമായ വീട്ടിൽ വളർന്ന ഒരാളായിട്ടു പോലും എനിക്ക് എറണാകുളത്ത് പോയി പഠിക്കണം എന്നൊക്കെ പറയാനുള്ള ധൈര്യം കിട്ടി. അമ്മ പറഞ്ഞത് ചെന്നൈയിലെ സ്റ്റെല്ലാ മേരീസിൽ പഠിപ്പിക്കാം എന്നാണ്. ഞാൻ കൂട്ടുകാരോട് പറയുകയും ചെയ്തു. പ്രീഡിഗ്രിക്ക് സ്റ്റെല്ലാ മേരീസിൽ പോകണമെന്ന് പറഞ്ഞപ്പോൾ അമ്മ വിസമ്മതിച്ചു. അത്രയും ദൂരെ പോകാൻ പറ്റില്ലെന്നായി. ഒടുവിൽ എറണാകുളത്ത് സെന്റ് തെരാസാസിൽ ചേരാൻ അനുവാദം കിട്ടി. അവിടെ ഹോസ്റ്റലിൽ നിന്ന് അവധി ദിവസങ്ങളിൽ പുറത്ത് പോകാനൊന്നും മാതാപിതാക്കൾ അനുവാദം തന്നിരുന്നില്ല. ഹോസ്റ്റലിൽ നല്ല സ്വാതന്ത്ര്യം ആയിരുന്നു. മിക്ക ആഴ്ചയിലും അച്ഛനും അമ്മയും വരും. അവരോടൊപ്പമായിരുന്നു എന്റെ ഷോപ്പിങ്. പ്രീഡിഗ്രിക്ക് ശേഷം എല്ലാവരും പിരിഞ്ഞു. അത് വലിയ സങ്കടമായിരുന്നു. പിന്നീട് ഡിഗ്രിക്ക് തിരുവനന്തപുരത്ത് വിമൻസ് കോളജിൽ ബിഎ ഹിസ്റ്ററിക്ക് ചേർന്നു. എംഎ ജേർണലിസം ആയിരുന്നു പഠിക്കാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ, നടന്നില്ല. കുടുംബത്തിൽ എല്ലാവരും നിയമമാണ് പഠിച്ചത്. അതുകൊണ്ടു തന്നെ അതുകൊണ്ട് തന്നെ ഞാനും അതെടുത്തു.
∙ ദൂരദർശനിലേക്കുള്ള വരവ്
അച്ഛനും അമ്മയും കർക്കശക്കാരായിരുന്നെങ്കിലും കുറച്ചൊക്കെ സ്വാതന്ത്ര്യം തന്നിരുന്നു. പക്ഷേ, എല്ലാകാര്യത്തിലും ഒരു നിയന്ത്രണം ഉണ്ടായിരുന്നു. എവിടെപ്പോയാലും ആരെങ്കിലും വീട്ടിൽ നിന്ന് കൂടെയുണ്ടാകും. എനിക്കു വാർത്ത വായിക്കണമെന്ന് അച്ഛനോട് പറഞ്ഞു. ആ സമയത്ത് വാർത്താ അവതാരകർക്കു നല്ല ഗ്ലാമർ ഉള്ള കാലമാണ്. വിരലിലെണ്ണാവുന്ന കുറച്ച് ആളുകൾ മാത്രമേ ഉള്ളൂ. എല്ലാവരും അറിയപ്പെടുന്ന ഒരാളാവണം എന്ന ലെവലിലേക്ക് പോകാനായിരുന്നു ആഗ്രഹം. എൽഎൽബി തുടങ്ങിയ സമയത്താണ് ഞാൻ ദൂരദർശനിൽ വാർത്ത വായിക്കാൻ ജോയിൻ ചെയ്യുന്നത്. 7 പേരെ തിരഞ്ഞെടുത്തു. തുടക്കമായതുകൊണ്ട് മാസത്തിൽ 2 തവണയായിരുന്നു വാർത്ത വായിക്കാൻ അവസരം തന്നിരുന്നത്. ഇഷ്ടമായിരുന്നെങ്കിലും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, വാർത്ത വായിക്കുമ്പോൾ വലിയ സന്തോഷം ലഭിച്ചു.
∙ 22–ാം വയസ്സിലെ വിവാഹം, ജീവിതത്തിലെ മാറ്റം
എൽഎൽബി പഠിക്കുമ്പോഴായിരുന്നു വിവാഹം. 22 വയസിൽ. വിവാഹം ഒരു ടേണിങ് പോയിന്റായിരുന്നു. സ്വതന്ത്രമായിട്ടുള്ള ജീവിതത്തിലേക്കുള്ള കാൽവയ്പ്പായിരുന്നുവത്. സന്തോഷമായിരുന്നു ജീവിതം. പുറത്തു പോയി ഭക്ഷണം കഴിക്കുക. സിനിമയ്ക്കുപോകുക ഇതൊക്കെയായിരുന്നു. വലിയ ലക്ഷ്യങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല. എന്നാൽ ചില ഇഷ്ടങ്ങൾ ഉണ്ട് ആ ഇഷ്ടങ്ങളിലേക്ക് എത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ഭർത്താവിനെ ആശ്രയിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം സ്വന്തം കാലിൽ നിൽക്കാൻ എന്നോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികൾ സ്വന്തംകാലിൽ നിൽക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നയം. അവിടെ നിന്നാണ് എന്റെ ജീവിതരീതികളിൽ എല്ലാം മാറ്റമുണ്ടാകുന്നത്.
∙ പാചകത്തിലേക്കുള്ള ചുവട് വയ്പ്പ്
എങ്ങനെയൊക്കെയോ പാചകത്തിലേക്കു വന്നതാണ് ഞാൻ. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നതിനാൽ വീട്ടിൽ ജോലിക്കാരുണ്ടായിരുന്നു. അവരുടെ കാര്യങ്ങൾ അന്വേഷിച്ചു നടക്കലായിരുന്നു എനിക്ക് താത്പര്യം. ഓണത്തിന് അച്ഛന്റെ വീട്ടിൽ പോകുമ്പോൾ സദ്യയൊക്കെ എങ്ങനെയുണ്ടാക്കുന്നു എന്നത് അവിടെ ഉള്ളവരോട് ചോദിച്ചു മനസിലാക്കും. ചെറുപ്പത്തിലേ പാചകം താൽപര്യമായിരുന്നു. എന്റെ അച്ഛനും അമ്മയും പോലും ഇത് തിരിച്ചിറിഞ്ഞിട്ടില്ല. കാറ്ററിങ് തുടങ്ങിയത് അച്ഛൻ അറിയുന്നത് വർഷങ്ങൾക്കു ശേഷമാണ്. അച്ഛന് അതിഷ്ടമായില്ല. ലോ പഠിച്ചു പാചകക്കാരിയായ നടക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയും ഭർത്താവും നൽകിയ പണം കൊണ്ടായിരുന്നു തുടക്കം.
∙ ബട്ടർചിക്കനിലൂടെ പ്രേക്ഷകമനസ്സിൽ
22 വർഷം മുൻപ് ബട്ടർ ചിക്കൻ ഉണ്ടാക്കിയാണ് പ്രേക്ഷക മനസിൽ ഇടം നേടിയത്. നമ്മൾ കണ്ടിട്ടുള്ള കുക്കറിഷോയിൽ ഷെഫുമാർ ഗ്രാം കണക്കിനാണ് പാചകത്തിന് ആവശ്യമായ സാധനങ്ങളുടെ അളവ് പറയുന്നത്. എന്നാൽ ശാത്രീയമായി പഠിക്കാത്തത് ഒരു ഗുണമായെന്ന് പിന്നീട് എനിക്ക് മനസിലായി. കയ്യളവിൽ നമുക്ക് ചേരുവകൾ ചേർക്കാൻ പറ്റില്ല. അതിനാൽ ടീസ്പൂൺ, ടേബിൾ സ്പൂൺ, കപ്പ് അളവാണ് ഞാൻ ഉപയോഗിച്ചിരുന്നത്. എന്ത് ഉണ്ടാക്കിയാലും ചെറിയ അളവിൽ ഉണ്ടാക്കാറില്ല. ഒരു കുടുംബത്തിനു കഴിക്കാവുന്ന രീതിയിൽ ആണ് ഉണ്ടാക്കുന്നത്. ഞാൻ വീട്ടിൽ എങ്ങനെയാണോ അങ്ങനെതന്നെയാണ് കുക്കറി ഷോ അവതരിപ്പിച്ചത്. ജേർണലിസത്തിനോടുള്ള താൽപര്യവും ടീച്ചിങ്ങും കുക്കറിഷോയെ സ്വാധീനിച്ചിട്ടുണ്ട്. കുക്കറിഷോ ഹിറ്റായപ്പോൾ എന്റെ മനസിൽ ഒരു ആശയം ഉണ്ടായിരുന്നു. ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് ഓരോ സ്ഥലത്തെയും ഭക്ഷണരീതിയെ കുറിച്ചു പഠിക്കണം. അതിന്റെ ഭാഗമായി യാത്രകൾ ചെയ്തു. കൊറോണ കാലത്താണ് അത് നിർത്തിയത്.
∙ വസ്ത്ര ധാരണം എന്റെ ഇഷ്ടം
ഓരോ ഷോകൾക്കും അനുസരിച്ച് കളർഫുൾ ആയ വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. അത് പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടിയാണ് എന്ന വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഷോയുടെ സ്വഭാവത്തിനനുസരിച്ച് വസ്ത്രധാരണത്തിൽ മാറ്റം വരും, അത് തികച്ചും വ്യക്തിപരമാണ്. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രമാണ് ധരിക്കുന്നത്. ജീൻസും കുർത്തയും സാരിയുമെല്ലാം ധരിക്കാറുണ്ട്. എനിക്കോ എന്റെ വീട്ടിലുള്ളവർക്കോ തോന്നിയാൽ മാറ്റത്തിന് ഒരു പക്ഷേ ഞാൻ തയാറാകും. ഇതുവരെ അത്തരം സമീപനം എന്റെ കുടുംബത്തിൽ നിന്നുമുണ്ടായിട്ടില്ല. വിമർശനങ്ങളെയെല്ലാം പോസീറ്റീവായി കാണാനാണ് എനിക്ക് ഇഷ്ടം. വിമർശനങ്ങൾ കൊണ്ട് എന്റെ തീരുമാനങ്ങളെ മാറ്റാനും ഒരിക്കലും കഴിയില്ല. എനിക്ക് മാറ്റണമെന്ന് തോന്നിയാൽ മാത്രമേ പലതും ഞാൻ മാറ്റാറുള്ളൂ.
∙ആസ്വദിച്ചു വിമർശിച്ചവർ പുരുഷൻമാർ
പുരുഷന്മാർ ആസ്വദിച്ചു കൊണ്ടാണ് വിമർശിച്ചതെന്നാണ് എനിക്കു തോന്നിയത്. അവർ എന്റെ ഷോകൾ കാണുകയും വിമർശിക്കുകയും ചെയ്യുന്നു. വസ്ത്രധാരണത്തിലാണ് കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ആത്മാർത്ഥമായി ആ ഷോ കാണുന്ന ആളുകൾ ശ്രദ്ധിക്കുന്നത് എന്റെ വസ്ത്രളായിരുന്നില്ല.
∙കാലത്തിന് അനുസരിച്ച് ഞാൻ മാറും!
കാലാന്തരങ്ങളിൽ വരുന്ന മാറ്റങ്ങൾ ഞാൻ പഠിക്കാറുണ്ട്. ചാനലിൽ ഷോകൾ ചെയ്യുന്ന സമയത്ത് തന്നെ ഞാൻ യൂട്യൂബിൽ നിരവധി കുക്കറി ചാനലുകൾ ശ്രദ്ധിച്ചിരുന്നു. സ്വന്തമായി എനിക്കും ഇത് ചെയ്യാൻ കഴിയും എന്ന് അപ്പോൾ തോന്നി. അപ്പോഴും യാത്രകൾ, ചാനലിലെ കുക്കറി ഷോ, കോളജ്, കുടുംബം അങ്ങനെ തിരക്കേറിയ ജീവിതത്തിലായിരുന്നു ഞാൻ. കോളജിൽ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് റിസർച്ച് ഡയറക്ടർ സ്ഥാനത്തേക്ക് ഒരു മാറ്റം വന്നപ്പോൾ എനിക്കു കൂടുതൽ സമയം ലഭിച്ചു. അപ്പോഴാണ് ഞാൻ യൂട്യൂബിലേക്ക് കടക്കുന്നത്, നിരവധി കണ്ടന്റ് ക്രിയേറ്റേർമാരുടെ വിഡിയോകൾ കണ്ട് ഞാൻ ട്രെൻഡ് മനസ്സിലാക്കി. അങ്ങനെ പാചകത്തിനൊപ്പം ലൈഫ് സ്റ്റൈലും ഉൾപ്പെടുത്തി ഒരു ചാനൽ തുടങ്ങി. അവിടെ എനിക്ക് കെട്ടുപാടുകളൊന്നുമുണ്ടായിരുന്നില്ല. എന്റെ ഇഷ്ടത്തിന് എനിക്ക് വിഡിയോ ചെയ്യാൻ കഴിയും. അങ്ങനെയാണ് കൂടുതൽ പ്രേക്ഷകരിലേക്ക് എന്റെ വിഡിയോകൾ എത്തി തുടങ്ങിയത്.
∙വിമർശനങ്ങൾ തളർത്തിയില്ല
ഓരോ താഴ്ചയ്ക്കും ഓരോ ഉയർച്ചയുണ്ട്. വിമർശനങ്ങളിൽ നിന്നു ഞാൻ വളരെ വേഗം തന്നെ ഉയർത്തെഴുന്നേറ്റിട്ടുണ്ട്. പലപ്പോഴും ഒരുപാട് വിഷമങ്ങൾ നേരിടേണ്ടി വന്നു. അപ്പോഴെല്ലാം എന്റെ കുടുംബം മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൂട്ടത്തോടെയുള്ള അക്രമണമാണ് നേരിട്ടത്. ആരെങ്കിലും പിന്തുണച്ചാൽ അവരും വിമർശിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അങ്ങനെ പിന്തുണയ്ക്കാനും ആരുമില്ലാതെയായി. പിന്തുണയ്ക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നവർ പോലും മുന്നോട്ട് വരാൻ പേടിച്ചു. എല്ലാവരും ചീത്ത പറയുന്നു എന്നാൽ ഞങ്ങളും കൂടി പറയാം എന്ന നിലയ്ക്കായിരുന്നു പലരും അധിക്ഷേപിച്ചത്. ഒരു മാസത്തോളം ഭീകരമായ ഒറ്റപ്പെടൽ അനുഭവിച്ചു. പക്ഷേ, ഞാൻ കരുത്തോടെ തന്നെ നിന്നു. എന്റെ ശക്തി ഞാൻ തിരിച്ചറിയുന്നത് ഈ അവസരത്തിലാണ്. നഷ്ടങ്ങളിൽ നിന്നെല്ലാം നേട്ടങ്ങളുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ആ സമയങ്ങളിൽ എനിക്കുണ്ടായിരുന്ന കരുത്ത് എന്റെ ഭർത്താവിനോ മക്കൾക്കോ ഉണ്ടായിരുന്നില്ല. അവർക്ക് ഒരുപാടു വിഷമിക്കേണ്ടി വന്നു. എന്റെ അച്ഛൻ മാനസികമായി തളർന്നുപോയി. ഞാൻ കാരണമാണല്ലോ ഇതെല്ലാം സംഭവിക്കുന്നത് എന്ന വിഷമം എന്നെ വല്ലാതെ അലട്ടിയിരുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധി ഈ സമയങ്ങളിൽ നേരിട്ടു. ഞാൻ നടത്തിയിരുന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. സുഖമമായി പോയിരുന്ന ജീവിതം പെട്ടെന്ന് ഇല്ലാതായി എന്ന പേടി എനിക്ക് വന്നു. ഒരു നെഗറ്റീവ് പ്രശസ്തിയിലേക്ക് ഞാൻ എത്തി. ജീവിതമാകുമ്പോൾ സന്തോഷം മാത്രമാകില്ല എന്നാണ് അപ്പോഴെല്ലാം ഞാൻ വിശ്വസിച്ചത്. പോസിറ്റീവായി തന്നെ ഞാൻ പ്രശ്നങ്ങളെ സമീപിച്ചു. അതെനിക്ക് തുടർന്നുള്ള ജീവിതത്തിലും കൂടുതൽ കരുത്ത് നൽകി. പണ്ട് ചീത്ത വിളിച്ചവർ പോലും ഇപ്പോൾ എന്നെ സ്വീകരിക്കാൻ തുടങ്ങി. തെറ്റുകൾ ചെയ്യാത്ത മനുഷ്യരില്ല. തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ കഴിയണം.
∙ മോശം കാപ്ഷനുകൾക്ക് പിന്നാലെ ഞാനില്ല
പല ഒാൺലൈൻ മാധ്യമങ്ങളും എന്റെ വിഡിയോകളിൽ നിന്നു ചില ഭാഗങ്ങൾ കട്ട് ചെയ്തെടുത്ത് മോശം കാപ്ഷനുകൾ നൽകി പ്രചരിപ്പിക്കാറുണ്ട്. പക്ഷേ ഇവരുടെ പിന്നാലെ നടക്കാൻ എനിക്ക് സമയമില്ല. എനിക്ക് എന്റേതായ കാര്യങ്ങളുണ്ട്. ഞാൻ അവരെ റിപ്പോർട്ട് ചെയ്തോ, കേസ് കൊടുത്തോ പൂട്ടിച്ചാൽ അവർ വീണ്ടും വേറെ രൂപത്തിലും ഭാവത്തിലും വരും. പിന്നെ ഞാൻ എന്തിന് വെറുതെ എന്റെ സമയം കളയണം. എനിക്ക് ചെയ്യാൻ ഒരുപാട് നല്ല കാര്യങ്ങളുണ്ട്.
∙ ഭർത്താവിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും എതിർക്കാറില്ല
എനിക്ക് യാത്രകൾ വലിയ ഇഷ്ടമാണ്. എന്നാൽ ഭർത്താവിന് അങ്ങനെയല്ല. ഭർത്താവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുണ്ടെങ്കിൽ പോലും അദ്ദേഹം ഒന്നിനെയും എതിർക്കാറില്ല, അനാവശ്യമായി എന്റെ കാര്യങ്ങളിൽ ഇടപെടാറുമില്ല. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിൽ തലയിടാൻ ഞാനും പോകാറില്ല. എനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളൊന്നും അദ്ദേഹം നോക്കാറുപോലുമില്ല. ഞാൻ കൊണ്ടുപോയി കാണിച്ചാൽ മാത്രം കാണും. എന്റെ മക്കളും അതുപോലെ തന്നെയാണ്. ഞാൻ 10 ദിവസത്തിൽ കൂടുതൽ യാത്ര ചെയ്യാറില്ല. കുട്ടികളെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ എവിടെയും പോകാറില്ല. എപ്പോഴും അവരെ ആരെയെങ്കിലും ഏൽപ്പിച്ചിട്ടാകും പോകുക. യാത്രകൾക്കിടയിലും എന്റെ ഉത്തരവാദിത്തങ്ങൾ മറക്കില്ല.
∙ എനിക്ക് ഭർത്താക്കൻമാരോടാണ് പറയാനുള്ളത്
കുറേകാലം ജീവിച്ച് മരിച്ചെന്ന് പറഞ്ഞിട്ട് അർഥമില്ല, ഒരു ജൻമമേയുള്ളൂ. കുടുംബജീവിതത്തിന് കോട്ടമൊന്നും സംഭവിക്കാതെ വിശാലമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഭാര്യമാർക്ക് കൊടുക്കണം. തിരിച്ചും അങ്ങനെ തന്നയാകണം. അതിനായി പലപ്പോഴും കുടുംബത്തിൽ ഒരു അഡ്ജസ്റ്റ്മെന്റ് ഒക്കെ വേണ്ടിവരും. നമ്മുടെ ആഗ്രഹങ്ങൾ ബാക്കിയാക്കി മരിക്കുന്നതിലെന്ത് അർത്ഥമാണുള്ളത്. ആഗ്രഹിക്കുന്നതിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. ഭാര്യയും ഭർത്താവും പരസ്പരം എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും പിന്തുണയ്ക്കുകയും വേണം.
English Summary: Dr. Lakshmi Nair Opens Up Her Life