ADVERTISEMENT

ഡാർക്ക്നെറ്റുകളും അധോലോകവും മാഫിയ സംഘങ്ങളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. ഇത്തരം സംഘങ്ങളുടെ ജീവിതം പൊതുസമൂഹത്തിന് അന്യമായിരിക്കും. പ്രത്യേകിച്ചും അധോലോക ഗ്രൂപ്പുമായി ബന്ധമുള്ള സ്ത്രീകളെക്കുറിച്ച് അറിയുന്നത് തന്നെ വിരളമായിരിക്കും. ജപ്പാനിലെ അറിയപ്പെടുന്ന മാഫിയ–അധോലോക സംഘമാണ് യാക്കുസ. പൊതുസമൂഹം യാക്കുസ എന്ന പേര് പോലും ഉച്ഛരിക്കാൻ ഭയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും കടന്നെത്തി ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ് ക്ലോയി ജാഫെ എന്ന വനിത ഫോട്ടോഗ്രാഫർ. യാക്കുസ സംഘത്തിലുള്ളവരുടെ ഭാര്യമാരുടെ ജീവിതമാണ് ജാഫെയിക്ക് വിഷയമായത്. ഞാൻ നിങ്ങൾക്ക് ജീവിതം തരുന്നു എന്നാണ് ഫോട്ടോ സീരിസിന്റെ പേര്. 2013ൽ ആരംഭിച്ച് വിജയം നേടിയ ഈ പ്രൊജക്ടിനെക്കുറിച്ച് ക്ലോയി ജാഫെ ബിബിസിയോട് മനസ് തുറന്നു. ജാഫെ പകർത്തിയ യാക്കുസയുടെ ജീവിതവും അതിന് വേണ്ടിയെടുത്ത പ്രയത്നവും ഇങ്ങനെ:

ജപ്പാനിലെ പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് യാക്കൂസ. അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. യാക്കുസ എന്ന പേര് പോലും പറയാൻ സമൂഹത്തിന് പേടിയാണ്. യാക്കുസ സംഘത്തിലെ പുരുഷന്മാർ പൊതു ഇടങ്ങളിൽ വരാറുണ്ടെങ്കിലും സ്ത്രീകളെ കാണാറേയില്ല. ജാപ്പനീസ് ഭാഷയോടും സംസ്കാരത്തോടുമുള്ള താൽപര്യം മൂലമാണ് ജാഫെ ജപ്പാനിൽ എത്തുന്നത്. ജാപ്പനീസ് സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പഠിക്കുകയായിരന്നു ലക്ഷ്യം. ഈ പഠനത്തിനിടെയാണ് യാക്കൂസ സംഘത്തെക്കുറിച്ചും അതിലെ സ്ത്രീകളെക്കുറിച്ചും കേൾക്കുന്നത്. എന്നാൽ അവരിലേക്ക് എങ്ങനെ എത്തണമെന്ന് ജാഫെയ്ക്ക് അറിയില്ലായിരുന്നു.

ജാഫെയുടെ വാക്കുകൾ ഇങ്ങനെ: ഒരു വൈകുന്നേരം പാർക്കിലെ ചാരുബഞ്ചിൽ ഇരിക്കുമ്പോൾ നിരവധി അംഗരക്ഷകരോടൊപ്പം ഒരാൾ വരുന്നത് കണ്ടു. അതൊരു യാക്കൂസ സംഘത്തലവനായിരുന്നു. എന്നാൽ ജാഫെയ്ക്ക് അത് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരിപ്പിടത്തിൽ നിന്ന് ആദരസൂചകമായി എഴുന്നേറ്റില്ല. ഇത് ശ്രദ്ധിച്ച സംഘത്തലവൻ ജാഫെയെ അടുത്തൊരു ഹോട്ടലിലേക്ക് വിളിപ്പിച്ചു. മറ്റുള്ളവർ പറഞ്ഞാണ് തന്നെ ക്ഷണിച്ചിരിക്കുന്നത് യാക്കൂസ തലവനാണെന്ന് ജാഫെ മനസിലാക്കുന്നത്. യാക്കൂസകളെ അടുത്തറിയാനുള്ള തന്റെ വഴി തുറക്കുകയാണെന്ന് ജാഫെയ്ക്ക് മനസിലായി. ജാപ്പനീസ് അറിയാത്തതിനാൽ തന്റെ ആവശ്യം ഒരു പേപ്പിറിലെഴുതിക്കൊണ്ടാണ് ജാഫെ തലവനെ കാണാൻ ചെന്നത്. ആവശ്യം മനസിലാക്കിയ തലവൻ ആദ്യം താൽപര്യം കാണിച്ചില്ലെങ്കിലും ജാഫെയുടെ ദൃഢനിശ്ചയത്തിന് മുന്നിൽ യാക്കൂസ സംഘത്തിലെ സ്ത്രീകളുടെ ജീവിതം പകർത്താൻ അനുവദിച്ചു. യാക്കൂസ നേതാവുമായുള്ള ആദ്യ കൂടിക്കാഴ്ച പോലും ഒരു അധോലോക സിനിമയെ ഓർമിപ്പിക്കുന്നതായിരുന്നുവെന്ന് ജാഫെ പറയുന്നു. റെയിൽവെസ്റ്റേഷന്റെയും പൊലീസ് സ്റ്റേഷന്റെയും ഇടയ്ക്കുള്ള ഇടവഴിയിലെ അരണ്ടവെളിച്ചമുള്ള ഒരു ഹോട്ടലിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യം ഭയന്നെങ്കിലും ആ കണ്ടുമുട്ടൽ ജാഫെയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

സംഘത്തലവന്റെ അനുവാദത്തോടെ ജാഫെ യാക്കുസ സ്ത്രീകളുടെ ഇടയിലേക്ക് എത്തി. പുരുഷന്മാർ പണവും മദ്യവും സമ്പാദിക്കുമ്പോൾ സ്ത്രീക്കൾ അടുക്കളയിൽ മാത്രം ഒതുങ്ങി. സമ്പന്നരാണെങ്കിലും സാധാരണ വീട്ടമ്മയുടെ ജീവിതമാണ് യാക്കൂസ ഭാര്യമാർ ജീവിച്ചത്. പൊതുസമൂഹമായി അവർക്ക് സമ്പർക്കം ഉണ്ടായിരുന്നില്ല. അവർക്ക് അവരുടേതായ ഒരു ലോകമുണ്ടായിരുന്നു. പുരുഷാധിപത്യ സമൂഹത്തിൽ ഭർത്താവിന്റെ തണലായി അവർ ജീവിച്ചു. പുരുഷാധിപത്യ സമൂഹത്തോട് ഇഴുകിച്ചേർന്നുകൊണ്ടായിരുന്നു ഓരോ യാക്കുസ ഭാര്യമാരുടെയും ജീവിതം. യാക്കൂസ ഭാര്യമാരുടെ നഗ്നചിത്രങ്ങൾ പോലും ജാഫെ പകർത്തി. മിക്കവരും ശരീരത്തിൽ ടാറ്റൂ കുത്തിയിരുന്നു. ഒരർഥത്തിൽ അതവരുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു. ആ ടാറ്റൂ അവരുടെ ജീവിതത്തിന്റെ അടയാളം കൂടിയായിരുന്നു.

യാക്കൂസ സംഘത്തലവന്റെ ഭാര്യക്ക് മറ്റുള്ളവരേക്കാൾ പരിഗണന ലഭിച്ചിരുന്നു. യാക്കൂസയിലേക്ക് യുവാക്കളെ ചേർക്കുന്നതിൽ ഭർത്താവിന് ഉപദേശം നൽകുന്നതും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും അവരുടെ ചുമതലയായിരുന്നു. യാക്കൂസ നേതാവ് മരണപ്പെടുക്കയോ ജയിലിലാകുകയോ ചെയ്താൽ ഭാര്യ സംഘത്തെ ഏറ്റെടുക്കു. ഭർത്താവിനോടുള്ള ഭക്തി കലർന്ന അടിമത്വമാണ് മിക്ക യാക്കൂസ ഭാര്യമാരിലും കണ്ടത്. അതിനാലാണ് ജാഫെ തന്റെ ഫോട്ടോ സീരിസിന് ഞാൻ നിങ്ങൾക്ക് എന്റെ ജീവിതം തരുന്ന എന്ന പേര് നൽകിയത്. ഓരോ രാത്രിയിലും ഭർത്താവ് മടങ്ങിവരുമോ എന്ന് പോലും ഉറപ്പില്ലാത്ത ജീവിതമാണ് ഓരോ യാക്കൂസ ഭാര്യമാർക്കും. 

കടപ്പാട്– ബിബിസി

English Summary: The Secret Life Of Yakuza Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com