രാജ്യറാണി എക്സ്പ്രസിനെ നയിച്ച് വനിതകൾ; ഇത് ചരിത്രം-വിഡിയോ
Mail This Article
വനിതാ ശാക്തീകരണം വിജയകരമായി നടപ്പാക്കി റെയില്‍വേയും. ഇക്കഴിഞ്ഞ ദിവസമാണ് മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ മാത്രമായുള്ള ട്രെയിന്‍ സര്‍വീസ് നടത്തിയത്. രാജ്യത്തെ തന്നെ ആദ്യത്തെ സംഭവത്തില്‍ ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള രാജ്യറാണി എക്സ്പ്രസാണ് വനിതകളുടെ സാരഥ്യത്തില്‍ മുന്നോട്ടു കുതിച്ചത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് വാര്‍ത്ത പുറത്തുവിട്ടത്. യാത്രയുടെ വിഡിയോ മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യാറാണി എക്സ്പ്രസ് സ്ത്രീ ജീവനക്കാര്‍ മുന്നോട്ടുനയിക്കുന്നതാണ് 48 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ പോസ്റ്റ് ചെയ്തയുടന്‍ 40,000 പേര് ഷെയര്‍ ചെയ്തിട്ടുമുണ്ട്. അടുത്തുവരുന്ന രാജ്യാന്തര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ ശാക്തീകരണത്തില്‍ റെയില്‍വേയും പങ്കു ചേരുകയാണ്. മാര്‍ച്ച് ഒന്നിന്റെ ബെംഗളൂരു- മൈസൂരു ട്രെയിന്‍ ഓടിച്ചത് വനിതാ ജീവനക്കാരാണ്. നമ്മുടെ രാജ്യത്തിന്റെ സങ്കീര്‍ണമായ നഗര റൂട്ടുകളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും വനിതകള്‍ വിജയകരമായി ട്രെയിന്‍ ഓടിക്കുന്നതു കണ്ടുനോക്കൂ- മന്ത്രി വിഡിയോയുടെ അടിക്കുറിപ്പായി എഴുതി.
മന്ത്രി വിഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ 10,000 പേര് ലൈക്ക് ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് വനിതകളുടെ നേട്ടമെന്ന് പലരും കമന്റ് എഴുതുകയും ചെയ്തു. അതേ, രാജ്യം പുരോഗമിക്കുക തന്നെയാണ് എന്നാണ് ഒരാള്‍ കമന്റ് എഴുതിയത്. ഇത് സ്ത്രീകളെ ആദരിക്കുന്ന നടപടിയാണ്. എല്ലാവര്ക്കും പ്രചോദനമാകട്ടെ- മറ്റൊരാള്‍ കുറിച്ചു. വനിതകള്‍ക്ക് ഇത്തരമൊരു അവസരം കൊടുത്തതിന് റെയില്‍വേയെ മിക്കവരും അഭിനന്ദിക്കുകയും ചെയ്തു.
English Summary: All-women crew run Rajya Rani Express train from Bengaluru to Mysuru. Watch video