സർക്കാർ ആശുപത്രിയിൽ കുഞ്ഞിനു ജൻമം നൽകി; വനിത ഐഎഎസ് ഓഫീസർക്ക് കയ്യടി
Mail This Article
പ്രസവത്തിനായി സർക്കാര്‍ ആശുപത്രി തിരഞ്ഞെടുത്ത വനിത ഐഎഎസ് ഓഫീസറെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ. ജാർഖണ്ഡിലെ ഐഎഎസ് ഓഫീസർ കിരൺ കുമാരി പാസിയാണ് ഗൊഡ്ഡയിലെ സദർ ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകിയത്. സ്വകാര്യ ആശുപത്രിയെ സമീപിക്കാതെ സർക്കാർ ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകാനുള്ള കിരണിന്റെ തീരുമാനം സ്വാഗതാർഹമാണെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത്.
സർക്കാർ ആശുപത്രിയെ ഒഴിവാക്കുന്നവർക്കു മാതൃകയാകുകയാണ് കിരണിന്റെ തീരുമാനം. കിരണിന്റെയും കുഞ്ഞിന്റെയും ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. നിരവധി പേർ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സിവിൽ സർജൻ എസ്പി മിശ്ര പറഞ്ഞു. ‘നമുക്കിത് അഭിമാനിക്കാവുന്ന നിമിഷമാണ്. പ്രസവത്തിനായി സർക്കാർ ആശുപത്രി തിരഞ്ഞെടുക്കാനുള്ള കിരണിന്റെ നീക്കം പ്രശംസനീയമാണ്. സർക്കാർ സംവിധാനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് കിരണിന്റെ നീക്കം.’–എസ്.പി. മിശ്ര പറഞ്ഞു.
വരുന്ന ഏതാനു ദിവസം കൂടി കിരൺ ആശുപത്രിയിൽ തുടരും. നിരവധി പേരാണ് കിരണിനെ അഭിനന്ദിച്ചു കൊണ്ട് ആശുപത്രിയിലെത്തിയത്. കിരണിന്റെ തീരുമാനം പ്രശംസനീയമാണെന്ന് ഡിയോഘർ ജില്ലാകലക്ടർ നാൻസി സഹായും പ്രതികരിച്ചു.
English Summary: Woman IAS officer praised for giving birth in govt hospital