‘അദ്ദേഹം മാറി നിൽക്കട്ടെ, കലക്ടറാകാൻ ഞാൻ തയ്യാറാണ്’, നിർമലയുടെ പ്രതിഷേധ വിഡിയോ വൈറൽ
Mail This Article
‘ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചില്ലെങ്കിൽ കലക്ടറാകാൻ ഞാൻ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? യാചിക്കുകയാണ്. ഞങ്ങളെ പോലെയുള്ളവർക്കായി എന്തെങ്കിലും ചെയ്യൂ. ഞങ്ങൾ ആദിവാസികൾ ഒരുപാട് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങൾക്ക് ഇത് എത്രമാത്രം വിലയേറിയതാണെന്ന് നിങ്ങൾക്കറിയാമോ?’– ഇരുപതുകാരിയായ നിർമല ചൗഹാന്റെ ഭരണകൂടത്തോടുള്ള ചോദ്യം ഏറെ പ്രസക്തമാണ്. ആദിവാസികളുടെ അവാകാശ സംരക്ഷണത്തിനായി മധ്യപ്രേദേശിൽ നടക്കുന്ന സമരത്തിലെ പ്രതിനിധിയാണ് നിർമല
ഗോത്രവർഗക്കാരുടെ ഉന്നമനത്തിനെന്ന പേരിൽ സ്ഥാപിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ദരിദ്രരായ വിദ്യാർഥികൾക്ക് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വസതിയിലേക്ക് നിർമല ഉൾപ്പെടുന്ന വിദ്യാർഥി സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കലക്ടരെ കാണാൻ അനുവദിക്കണമെന്ന് നിർമല പൊലീസിനോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 28 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ ആദിവാസി സമൂഹത്തിനു വേണ്ടി ഭരണകൂടം എന്തു ചെയ്തെന്നും നിർമല ചോദിക്കുന്നുണ്ട്.
വിവിധ കോളജുകളിൽ നിന്നുള്ള 400ൽ അധികം വിദ്യാർഥികൾ പ്രതിഷേധമാർച്ചിൽ പങ്കെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഹോസ്റ്റലുകൾ ഇല്ലാത്തത് വിദ്യാർഥികളുടെ പഠന ചിലവ് ഇരട്ടിയാക്കുന്നുണ്ട്. മാത്രമല്ല ആവശ്യയത്തിന് പഠന സാമഗ്രികൾ സർക്കാർ ലഭ്യമാക്കാത്തതും ആദിവാസി വിദ്യാർഥികളെ വലയ്ക്കുന്നുണ്ട്. ഇതിനെതിരെയാണ് നിർമല ചൗഹാന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്.
ജബ്‌വ ഗവൺമെന്റ് കോളജിലെ ഒന്നാംവർഷ ബിഎ വിദ്യാർഥിയാണ് നിർമല. തനിക്കു വേണ്ടി മാത്രമല്ല, തന്നെ പോലെയുള്ള പല നിരവധി പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പ്രതിഷേധമെന്നും നിർമല പറയുന്നു. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ ഘണ്ഡാല ഖുശാലാണ് നിർമലയുടെ ഗ്രാമം. ആറ് സഹോരങ്ങളുണ്ട് നിർമലയ്ക്ക്. അവരിൽ രണ്ടുപേരുടെ തുടർ വിദ്യാഭ്യാസം പ്രതിസന്ധിയിലാണ്. ‘ഈ കോളജുകളിൽ ശരിയായ വിദ്യാഭ്യാസമില്ല. കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങൾ ലഭിക്കുന്നില്ല. ’– നിർമല വ്യക്തമാക്കി.
English Summary: Fighting For All Girls