ADVERTISEMENT

പെട്ടെന്നായിരുന്നു വെളളം വീട്ടിലേയ്ക്ക് ഇരച്ചുകയറി വന്നത്. ആ വെപ്രാളത്തില്‍ ഭക്ഷണമോ വസ്ത്രമോ അവശ്യസാധനങ്ങളോ ഒന്നുമെടുക്കാതെ ഫാത്തിമ ഗുല്‍ ജീവനും കയ്യില്‍ പിടിച്ച് പുറത്തെത്തുകയായിരുന്നു. വാര്‍ധക്യത്തിന്റെ അവശതകളിലൂടെ കടന്നുപോകുന്ന വിധവയായ ഫാത്തിമയുടെ കണ്ണില്‍ നിറയുന്നത് ഭീതിയും നിസ്സഹായതയും അതിലുപരി സങ്കടവും മാത്രം. 'ജീവിതം പാടെ തകര്‍ത്തെറിഞ്ഞാണ് വെളളപ്പൊക്കം കടന്നുപോയത്. പാത്രങ്ങളോ വസ്ത്രങ്ങളോ കിടക്കയോ വീടോ ഒന്നുമില്ല. എല്ലാം നശിച്ചുപോയിരിക്കുന്നു' കണ്ണീര്‍ വാര്‍ത്തുകൊണ്ട്  ഫാത്തിമ പറയുന്നു. മറ്റുളളവരുടെ സഹായത്താലാണ് ഫാത്തിമ കഴിഞ്ഞിരുന്നത് ആകെയുളള കിടപ്പാടം കൂടി തകര്‍ന്നതോടെ ഇനി മുന്നോട്ടുളള ജീവിതം ഫാത്തിമയുടെ മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്.

പാക്കിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ വെളളപ്പൊക്കത്തില്‍ ഫാത്തിമയെ പോലെ നിരവധി സ്ത്രീകളാണ് നിരാലംബരായത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തുടര്‍ച്ചയായി ശക്തമായ മഴ നേരിട്ടുകൊണ്ടിരിക്കുകയാണ് പാകിസ്ഥാനിലെ ജനങ്ങള്‍. ഈ മഴ രാജ്യത്തെ 3.30 കോടിയിലേറെ ആളുകളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. മാത്രമല്ല രാജ്യത്തിന്റെ മൂന്നില്‍ ഒരുഭാഗം വെളളം കയറിയ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

യുഎൻ പോപ്പുലേഷന്‍ ഫണ്ടിന്റെ (യു.എന്‍.എഫ്.പി.എ) കണക്കു പ്രകാരം ഏതാണ്ട് 6,50,000 സ്ത്രീകളും കുട്ടികളുമാണ് വെളളപ്പൊക്കത്തിന്റെ ഇരകളായിരിക്കുന്നത്. അതില്‍ 73,000ത്തോളം സ്ത്രീകള്‍ ഗര്‍ഭിണികളുമാണ്. മിക്കവരും അടുത്തമാസങ്ങളില്‍ പ്രസവം പ്രതീക്ഷിച്ചിരിക്കുന്നവര്‍. എന്നാല്‍ ചികിത്സാ സൗകര്യങ്ങളോ വേണ്ട സഹായങ്ങളോ ലഭ്യമല്ലാതെ ബുദ്ധിമുട്ടുകയാണവര്‍. 

മറ്റേതൊരു ദുരന്തങ്ങളേയും പോലെ പ്രകൃതി ദുരന്തങ്ങളും സാധാരണ സമൂഹത്തിലെ ദുര്‍ബലരെയാണ് കാര്യമായി ബാധിക്കുക. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ മുന്നില്‍. ഗര്‍ഭിണികളായവരും അമ്മമാരായ സ്ത്രീകളും സ്വയം സുരക്ഷയ്ക്ക് പുറമെ എടുക്കേണ്ടിവരുന്ന ചുമതലകളും വളരെ വലുതാണ്. അടിയന്തിരമായി ലഭിക്കേണ്ട ചികിത്സാസൗകര്യങ്ങള്‍ പോലും പലപ്പോഴും ഇവര്‍ക്ക് പ്രാപ്യമാവുന്നുമില്ല. അതിനാല്‍ വെളളപ്പൊക്കത്തില്‍ വീടുനഷ്ടമായ ഗര്‍ഭിണികളായ സ്ത്രീകളെല്ലാം കടുത്ത ആശങ്കയിലാണ്. പ്രസവസമയത്ത് ലഭിക്കേണ്ട ചികിത്സയോ ശുശ്രൂഷയോ ഇവര്‍ക്കു ലഭ്യമാവാത്ത അവസ്ഥയാണുളളത്.

‌വെളളപ്പൊക്കം പാക്കിസ്ഥാനിലെ ആരോഗ്യ ചികിത്സാസംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സിന്ധ് പ്രവിശ്യയിലെ ആയിരത്തോളം ആരോഗ്യ കേന്ദ്രങ്ങളാണ് പൂര്‍ണമായോ ഭാഗികമായോ വെളളപ്പൊക്കത്തില്‍ തകര്‍ന്നുപോയത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 198 ചികിത്സാ കേന്ദ്രങ്ങള്‍ നശിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനല്ലാംപുറമെ റോഡുകളും ആശയവിനിമയ സംവിധാനങ്ങള്‍ പോലും താറുമാറായ അവസ്ഥയിലാണ്. പാകിസ്ഥാനില്‍ ഇതിനുമുന്‍പുണ്ടായ വെളളപ്പൊക്കത്തില്‍ അവിടത്തെ സ്ത്രീകള്‍ ആരോഗ്യപരമായി വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടിവന്നിരുന്നു. മാത്രമല്ല ദക്ഷിണേഷ്യയിലെ ഏറ്റവും കൂടുതല്‍ മാതൃ മരണനിരക്കും അന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ആ ദുരന്തം ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ് പാക് ജനത.

English Summary: Mothers tell how Pakistan's monsoon floods have upended their lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com