അഫ്ഗാനിസ്ഥാനിൽ ജോലിക്കു പോകുന്നതിനും സ്ത്രീകൾക്ക് താലിബാൻ വിലക്ക്; ഇടപെട്ട് ഒഐസി
Mail This Article
യുഎൻ ഏജൻസിയിലെ അഫ്ഗാൻ വനിതാ ഉദ്യോഗസ്ഥർക്കു ജോലി ചെയ്യാൻ വിലക്കേർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ട് ദി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ(ഒഐസി). പല രാജ്യങ്ങളും രാജ്യാന്തരസംഘടനകളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഒഐസി പ്രശ്നത്തിൽ ഇടപെടുന്നത്.
രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിരോധനം ഏർപ്പെടുത്തുന്ന അഫ്ഗാനിസ്ഥാന്റെ നടപടി ആശങ്കാജനകമാണെന്ന് ഒഐസി ജനറൽ സെക്രട്ടറിയേറ്റ് വിലയിരുത്തിയതായി അഫ്ഗാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള ജർമ്മൻ മിഷനും പ്രശ്നത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ഗുരുതരമായ അപകടത്തിലാക്കുകയും മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കുകയും ചെയ്യുന്നതാണ് ഈ നടപടിയെന്ന് ജർമൻ മിഷൻ ട്വിറ്ററിൽ കുറിച്ചു. മാനുഷികമായ പ്രവർത്തനങ്ങളിൽ സ്ത്രീകൾ അത്യന്താപേക്ഷിതമാണെന്നും തങ്ങളുടെ രാജ്യാന്തര പങ്കാളികളുമായി തുടർനടപടികൾ ഏകോപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം അഫ്ഗാൻ സ്ത്രീകൾക്കു പകരം പുരുഷന്മാരെ നിയമിക്കില്ലെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറികും വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ യുഎൻ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും അഫ്ഗാൻ സ്ത്രീകളും പുരുഷന്മാരും അത്യന്താപേക്ഷിതമാണ്. ആവശ്യക്കാരിലേക്ക് സുരക്ഷിതമായും ഫലപ്രദമായും സഹായമെത്താൻ അഫ്ഗാൻ സ്ത്രീകളുടെ അർത്ഥവത്തായ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ദുജാറിക് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ, സ്ത്രീകൾക്ക് മാത്രമേ ഏറ്റവും ദുർബലരായവരിലേക്ക് എത്താൻ കഴിയൂ എന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലിന്റെ പ്രതികരണം.
2021 ഓഗസ്റ്റിൽ അഫ്ഗഹാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്ത് സ്ത്രീകളും പെൺകുട്ടികളും വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരുന്നത് താലിബാൻ തടയുന്നുണ്ട്. പുരുഷൻമാർ കൂടെയില്ലാതെ സ്ത്രീകൾക്ക് ജോലിസ്ഥലത്തേക്ക് പോകുന്നതിനും താലിബാൻ അനുവാദം നൽകുന്നില്ല.
മാർച്ച് 23 ന് എല്ലാ സ്കൂളുകളും തുറക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിച്ചില്ലെന്ന് മാത്രമല്ല പെൺകുട്ടികൾക്ക് വേണ്ടിയുള്ള സെക്കൻഡറി ഇൻസ്റ്റിറ്റ്യൂഷനുകൾ അവർ അടയ്ക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായതോടെ ഇതേക്കുറിച്ച് സംസാരിക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് ഒരു സംഘത്തെ അയക്കാമെന്ന് ഒഐസി മാർച്ചിൽ ഉറപ്പ് നൽകിയിരുന്നു.
English Summary: OIC calls on Taliban to revisit ban on Afghan women US staff from working