ചെറുപ്പം തോന്നിക്കാൻ സർജറി വേണ്ട, മുഖത്ത് ടേപ്പ് ഒട്ടിച്ചാൽ മതിയെന്ന് വാദം, വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ
Mail This Article
ചെറുപ്പമായിരിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. ആരോഗ്യംകൊണ്ട് സാധിച്ചില്ലെങ്കില്‍ കാഴ്ചയിലെങ്കിലും ചെറുപ്പമാവാന്‍ മേക്കപ്പിട്ടും വിലകൂടിയ ബ്യൂട്ടി ട്രീറ്റ്‌മെന്റുകള്‍ ചെയ്തും പ്രായത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ വിരളമല്ല. അത്തരക്കാരെ ഞെട്ടിച്ചുകൊണ്ട് ക്ലോ വാട്ടേര്‍സ് എന്ന ഇൻഫ്ലുവൻസർ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കാനഡയില്‍ നിന്നുളള ക്ലോ എങ്ങനെ ഞൊടിയിടയില്‍ പ്രായം കുറയ്ക്കാമെന്ന് കാണിക്കുകയാണ് വിഡിയോയില്‍.
ക്ലോ വാട്ടേര്‍സ് സോഷ്യല്‍ മിഡിയയില്‍ വളരെ സജീവമായി വിഡിയോയും മറ്റ് പോസ്റ്റുകളും പങ്കുവെക്കുന്ന ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറാണ്. മേക്കപ്പ്, ചര്‍മസംരക്ഷണം, ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളിലാണ് ക്ലോ സാധാരണ പോസ്റ്റുകള്‍ ഇടാറ്. 'ഓള്‍ യു നീഡ് ഈസ് എ ഫേസ് ടേപ്പ്' എന്ന തലക്കെട്ടിലാണ് ക്ലോ തന്റെ വൈറല്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലും ടിക്ടോകിലും ക്ലോ തന്റെ വിഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം ആയിരങ്ങളാണ് അത് കണ്ടത്.
Read also: '16–ാം വയസ്സിൽ ഞാനെടുത്ത തീരുമാനം'; മകളുടെ ആദ്യ ആർത്തവം കേക്ക് മുറിച്ച് ആഘോഷിച്ച അച്ഛന്‍
പ്രായം കുറക്കാനുളള വിലകൂടിയ മാര്‍ഗങ്ങളേക്കാള്‍ വളരെ ചിലവുകുറഞ്ഞതും എളുപ്പവുമാണ് ക്ലോ വാട്ടേര്‍സിന്റെ സൂത്രം. അതിനായി അവര്‍ ഫേസ് ടേപ്പുകളാണ് ഉപയോഗിക്കുന്നത്. മുഖത്തിന്റെ ഇരുവശങ്ങളിലും ഫേസ് ടേപ്പുകള്‍ ഒട്ടിച്ച് മുഖത്തെ ചര്‍മ്മം പിന്നിലേക്ക് വലിച്ചുവെച്ചാണ് അവര്‍ ചെറുപ്പമാവുന്നത്. നാല്‍പതിനുമുകളില്‍ പ്രായം തോന്നുന്ന ക്ലോ അത്ഭുതകരമായി ചെറുപ്പമായ പോലെയാണ് വിഡിയോയില്‍ കാണുന്നത്. ഫേസ് ടേപ്പ് ഉപയോഗിച്ചാണ് താന്‍ ചെറുപ്പമായതെന്ന് ക്ലോ പറയുമ്പോഴും ഫില്‍റ്ററാണ് ഇതിനു പിന്നിലെന്നാണ് പലരുടേയും സംശയം. കാരണം ടേപ്പ് ഉപയോഗിക്കുന്നതിന് മുമ്പുളള മുഖത്തെ ചുളിവുകളെല്ലാം പാടേ മാറിയതായി കാണാം.
ഏതാണ്ട് 34 ലക്ഷം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. ഇത് എഡിറ്റിംഗാണോ എന്ന് ആരെങ്കിലും ഒന്ന് ഉറപ്പിച്ചു പറയൂ, എനിക്ക് സമാധാനത്തോടെ ഒന്ന് ഉറങ്ങാനാണ് എന്നാണ് വിഡിയോ കണ്ട് അമ്പരന്ന ഒരാള്‍ അഭിപ്രായപ്പെട്ടത്. അതേസമയം വിഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് ഇത് കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം. അതിന് തെളിവായി അവര്‍ പറയുന്നത് മൂക്കിന്റെ മാറ്റമാണ്.
Read also: 'എന്നും അപ്പയുടെ നിഴലിലാണ് '; ഹൃദയം നിറയെ സ്നേഹമെന്ന് ഉമ്മൻചാണ്ടിയുടെ മകളുടെ കുറിപ്പ്
വിഡിയോയെ വിമര്‍ശിച്ച് കമന്റുകള്‍ വന്നപ്പോള്‍ ക്ലോ വാട്ടേര്‍സ് വീണ്ടും പല തവണ വിഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. താന്‍ തെറ്റിദ്ധാരണ പരത്തുകയല്ലെന്നും തന്റെ അറിവ് മറ്റുളളവര്‍ക്ക് പകര്‍ന്ന് സഹായിക്കുകയാണെന്നും അവര്‍ വിഡിയോയില്‍ അറിയിച്ചു. നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫേസ് ടേപ്പുകള്‍ വാങ്ങേണ്ടതില്ല. ആരെയും താന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ക്ലോ പറഞ്ഞു. മാത്രമല്ല ഫേസ് ടേപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചുളിവുകള്‍ മാറുന്ന സൂത്രവും അവര്‍ അടുത്ത വിഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്.
നേരത്തെയും ഫേസ് ടേപ്പുകളെ കുറിച്ച് ക്ലോ വാട്ടേര്‍സ് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതില്‍ ഫേസ് ടേപ്പിന്റെ ഉപയോഗത്തെ പറ്റിയും വിലയെ കുറിച്ചുമെല്ലാം പറയുന്നുണ്ട്. 16 പൗണ്ട് അതായത് ഏതാണ്ട് 1,680 രൂപയാണ് ഈ ഫേസ് ടേപ്പിന്റെ വില. ആവശ്യക്കാര്‍ക്ക് ഇത് വാങ്ങാനായി ഓണ്‍ലൈന്‍ ലിങ്കും ക്ലോ തന്റെ പേജില്‍ നല്‍കിയിട്ടുണ്ട്.
Content Summary: Woman claims she looks young just by using face tapes, social media reacts