ADVERTISEMENT

നട്ടെല്ലിനു ബാധിക്കുന്ന ഗുരുതര രോഗമായ സ്കോളോസിസ് എന്ന വൈകല്യമുണ്ടായിട്ടും, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത സ്ഥാനം നേടിയ ഇറ സിംഗാളിന്റെ ജീവിതത്തെ പ്രചോദനാത്മകം എന്നല്ല വിശേഷിപ്പിക്കേണ്ടത് അതിശയകരമെന്നാണ്. ഭിന്നശേഷിക്കാരിയിട്ടും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ ആദ്യത്തെ യുവതി കൂടിയായ ഇറയുടെ കഥ നാടകീയമാണ്. നാലു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി 2015-ല്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇറ ഇപ്പോള്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി കമ്മിഷണറായാണ് ജോലി ചെയ്യുന്നത്. 

ജീവിതത്തിലെ ആദ്യത്തെ 12 വര്‍ഷം മീററ്റിലാണ് ഇറ കഴിച്ചുകൂട്ടിയത്. പിന്നീട് ഡല്‍ഹിയിലും. നേതാജി സുഭാഷ് ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയതിനുശേഷം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ എംബിഎ. കാഡ്ബറിയില്‍ സ്ട്രാറ്റജി മാനേജര്‍ തസ്തികയില്‍ ഇരിക്കുമ്പോഴാണ് ഇറയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന മോഹത്തിന്റെ ആദ്യത്തെ വിത്ത് വീഴുന്നത്. 

ira-singal-02
ഇറ സിംഗാൾ

യഥാര്‍ഥത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴേ ഇറയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് മോഹം ഉണ്ടായിരുന്നു. അന്ന് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമ്പോഴൊക്കെ ഓര്‍ഡര്‍ ഇറക്കുന്നത് ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു. അത്രയ്ക്ക് അധികാരം ഉള്ള ഒരു വ്യക്തിയാകുക എന്നത് അന്നേ ആ കുട്ടി മനസ്സില്‍ ഉറപ്പിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് എങ്ങനെ ഐഎഎസ് ഓഫിസര്‍ എന്ന പദയില്‍ എത്തി എന്നു ചോദിച്ചാല്‍ ഇറയ്ക്ക് ഒരു മറുപടിയേ ഉള്ളൂ. ലളിതവും സത്യസന്ധവും വ്യക്തവുമായ മറുപടി: കൃത്യമായ പദ്ധതി മനസ്സില്‍ തയാറാക്കുക. നിങ്ങളുടെ സ്വപ്നത്തെ ന്യായീകരിക്കാന്‍ മറ്റാരുടെയും സഹായം തേടാതിരിക്കുക. മുന്നോട്ടുതന്നെ പോകുക. സ്വപ്നം സാക്ഷാത്കരിക്കുക. 

രാജ്യത്തെ ഉദ്യോഗസ്ഥ വൃന്ദത്തിലെ ഉന്നതങ്ങളിലേക്കു കടക്കാനുള്ള മല്‍സര പരീക്ഷ ഇറ ആദ്യം എഴുതുന്നത് 2010ല്‍. അടുത്ത മൂന്നുവര്‍ഷവും ഇറ ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഭിന്നശേഷിക്കാരിയായ ഒരു വ്യക്തിക്ക് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ അല്ലാതെ മറ്റെവിടെയും നിയമനം ലഭിക്കില്ലായിരുന്നു. കീഴടങ്ങാന്‍ തയാറല്ലാതെ അവര്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ദീര്‍ഘകാലത്തെ നിയമപ്പോരാട്ടത്തിനു ശേഷം 2014 ല്‍ അനുകൂലമായ വിധിയും നേടി. അപ്പോഴേക്കും ഉന്നത വിജയം ഇറ നേടിയിരുന്നു; കാത്തിരുന്ന വിധിയും. 

വ്യക്തിപരമായി ഉന്നതസ്ഥാനത്ത് എത്താന്‍വേണ്ടി മാത്രമായിരുന്നില്ല ഇറയുടെ പോരാട്ടം. ഏതെങ്കിലുമൊക്കെ വിധത്തില്‍ വൈകല്യമുള്ള എല്ലാവര്‍ക്കും വേണ്ടി ഉദ്യോഗസ്ഥ സംവിധാനത്തിന്റെ വാതിലുകള്‍ തുറക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. വിധി ലഭിച്ചെങ്കിലും നിയമനം ലഭിക്കാതെ മൂന്നുമാസത്തിലധികം പിന്നെയും ഇറയ്ക്കു കാത്തിരിക്കേണ്ടിവന്നു. ഇക്കാലത്ത് നാലാമത് ഒരു തവണ കൂടി പരീക്ഷ എഴുതാന്‍ ഇറ തീരുമാനിച്ചു. ആ ശ്രമത്തിലാണ് ഒന്നാം സ്ഥാനം തന്നെ നേടുന്നതും. അതോടെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അതേ സ്ഥാനം തന്നെ ഭിന്നശേഷിക്കാര്‍ക്കും ലഭിക്കാനുള്ള അവസ്ഥ സംജാതമായി. അതോടെ ജീവിതത്തിലെ ഏറ്റവും വലിയ പാഠവും പഠിച്ചു: കഠിനമായി അധ്വാനിക്കുക. വിജയം വരെ പോരാടുക. 

വൈകല്യമുണ്ടെങ്കിലും ഇതുവരെ അതിന്റെ പേരില്‍ എവിടെനിന്നും സഹായമോ സഹതാപമോ നേടാന്‍ ഇറ ആഗ്രഹിച്ചിട്ടില്ല. ശ്രമിച്ചിട്ടുമില്ല. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന അതേ പരിഗണനയാണ് അവരും തേടുന്നത്. അതുമാത്രമേ ആഗ്രഹിച്ചിട്ടുമുള്ളൂ. അതുകൊണ്ടുകൂടിയാണ് ഇറ സിംഗാളിന്റെ ജീവിതം പ്രചോദനാത്മകം എന്നതിനേക്കാള്‍ ജീവിതത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന വികാരമായും അതിശയമായും മാറുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com