അവയൊക്കെ മോശം ചിത്രങ്ങളാണ്, തെറ്റായ ആംഗിളുകളില്‍ എടുത്തവ; കാമില കാബെല്ലോ
Mail This Article
അഴകളവുകളുടെ ഏറ്റക്കുറച്ചിലുകളുടെ പേരില്‍ സ്ത്രീശരീരത്തെ അപമാനിക്കുന്നവര്‍ക്കെതിരെ ഗായിക കാമില കാബെല്ലോ രംഗത്ത്. ഒന്നിലധികം തവണ താന്‍ ഇത്തരം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും എന്തും വിമര്‍ശനബുദ്ധിയോടെ കാണുന്നവരുടെ വലയില്‍ വീണുപോകരുതെന്നുമാണ് കാബെല്ലോയ്ക്ക് പറയാനുള്ളത്. ക്യൂബന്‍-അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമാണ് കാബെല്ലോ.ഫിഫ്ത്ത് ഹാര്‍മണി എന്ന സംഗീത ട്രൂപ്പിലൂടെ ലോകപ്രശസ്തയായ താരം.
രണ്ടു വര്‍ഷം മുമ്പ് ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതെത്തിയ തന്റെ ഹവാന എന്ന ഗാനരംഗം കാബെല്ലോ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. രണ്ടുവര്‍ഷത്തിനുശേഷം ഗാനരംഗം വീണ്ടും കണ്ടപ്പോഴാണ് താന്‍ എത്രമാത്രം അധിക്ഷേപങ്ങള്‍ക്ക് ഇരയായി എന്ന വിവരം കാബെല്ലോ അറിയുന്നത്. തടി അല്‍പം കൂടിയാലോ അഴകളവുകളില്‍ ചെറിയ വ്യത്യാസമെങ്കിലും വന്നാലോ അപ്പോള്‍ തന്നെ ആ ചിത്രമെടുത്ത് വിമര്‍ശനവും ആക്ഷേപവും തുടങ്ങുന്നതും പ്രചരിപ്പിക്കുന്നതുമാണ് ചിലരുടെ പതിവ്. പലപ്പോഴും എഡിറ്റ് ചെയ്ത ചിത്രങ്ങളായിരിക്കും പ്രചരിപ്പിക്കുന്നത്. തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളോടും പ്രശസ്തരോടും താരങ്ങളോടും തനിക്ക് ചിലതു പറയാനുണ്ടെന്നു പറഞ്ഞുകൊണ്ട് ഒരു സന്ദേശം കൂടി പങ്കുവച്ചിരിക്കുന്നു കാബെല്ലോ.
‘പഴയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണുമ്പോള്‍ പലര്‍ക്കും വല്ലാത്ത അരക്ഷിതത്വം തോന്നിയേക്കാം. ദൈവമേ, എന്റെ ശരീരം ഇങ്ങനെയാണോ എന്ന ചിന്തയായിരിക്കും ആദ്യമുണ്ടാകുക. വയറ്റിലും അരക്കെട്ടിലും കാലിലുമൊക്കെ അടിഞ്ഞുകൂടിയ കൊഴുപ്പ്. ശരീരം ഇങ്ങനെ മാറിപ്പോയോ എന്ന ചിന്ത. യഥാര്‍ഥത്തില്‍ അങ്ങനെയാണെങ്കില്‍ തന്നെ എന്ത്. അവയെക്കുറിച്ചൊന്നും അത്രമാത്രം ആശങ്കപ്പെടേണ്ട കാര്യമില്ല എന്നതാണ് യാഥാര്‍ഥ്യം'.
'അവയൊക്കെ മോശം ചിത്രങ്ങളാണ്. തെറ്റായ ആംഗിളുകളില്‍ എടുത്ത ചിത്രങ്ങള്‍. അവയാണു പ്രചരിപ്പിക്കുന്നത്. അവ പ്രചരിപ്പിച്ചിട്ട് തടി കൂടിയെന്നും പ്രായം കൂടിയെന്നും ശരീരം മോശമായെന്നും ഒക്കെ വിളിച്ചുപറയുകയാണ് ചെയ്യുന്നത്. എനിക്കൊരു ദുഃഖമേയുള്ളൂ. ഇത്തരം പ്രചാരണം സത്യമാണെന്നു വിശ്വസിക്കുന്നവരെക്കുറിച്ചോര്‍ത്ത്. പുതിയ തലമുറ എപ്പോഴും ഓണ്‍ലൈന്‍ ലോകത്താണ്. അവര്‍ വളരുന്നതും കാര്യങ്ങള്‍ മനസ്സിലാക്കുന്നതുമെല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ്. അവര്‍ തെറ്റായ പ്രചാരണങ്ങളില്‍ വീണുപോകുമോ എന്നു മാത്രമാണ് എന്റെ പേടി'.
'സമൂഹമാധ്യമങ്ങളിലൂടെ വളര്‍ന്നുവരുന്ന എന്റെ ഇളയ സഹോദരി ഉള്‍പ്പെടെയുള്ളവര്‍. അവര്‍ പൂര്‍ണതയെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ വീണുപോയേക്കാം. ഫോട്ടോഷോപ്പ് ചെയ്ത, എഡിറ്റ് ചെയ്ത ചിത്രങ്ങളായിരിക്കും അവര്‍ ദിവസവും കാണുന്നത്. പൂര്‍ണതയുടെ അഴകളവുകളുടെ സങ്കല്‍പങ്ങളിലേക്ക് സ്ത്രീശരീരത്തെ ഒതുക്കിയ ചിത്രങ്ങള്‍. അവയൊക്കെ സത്യമാണെന്ന് അവര്‍ വിശ്വസിക്കുകയും സ്വന്തം ശരീരത്തെ അതുമായി താരതമ്യപ്പെടുത്തുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി'.
'വ്യാജ ചിത്രങ്ങളും വ്യാജ സങ്കല്‍പങ്ങളും ഇന്നു യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള വ്യാജ സങ്കല്‍പങ്ങള്‍ പ്രചരിപ്പിക്കുകയും സത്യമാണെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട സഹോദരിമാരേ, കൊഴുപ്പ് ഒരു സത്യമാണ്. തടി വയ്ക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. സത്യത്തില്‍ കൊഴുപ്പാണ് സൗന്ദര്യം. വണ്ണം കൂടുന്നതാണ് സ്വാഭാവികം. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അഴകളവുകളുടെ തെറ്റായ സങ്കല്‍പങ്ങള്‍ക്കു നിന്നുകൊടുക്കാറില്ല. തടി കൂടുമ്പോള്‍ കൂടിക്കോട്ടെ. കൊഴുപ്പടിയുമ്പോള്‍ അങ്ങനെയായിക്കോട്ടെ. അതിനെന്ത്' ? കാമില കാബെല്ലോയുടെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും യുവതലമുറയ്ക്കുള്ള അവരുടെ സന്ദേശത്തില്‍നിന്ന്.