അന്ന് ആസിഡ് ആക്രമണത്തിന്റെ ഇര; ഇന്ന് ഇരകളുടെ നിയമോപദേശക
Mail This Article
ആസിഡ് ആക്രമണത്തിന്റെ ഇര എന്ന ലേബലിൽ നിന്ന് മുക്തിനേടാൻ നടത്തിയ പോരാട്ടത്തെക്കുറിച്ചും സ്വപ്നങ്ങൾ കൈയെത്തിപ്പിടിച്ചതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് മോഹിനി. 2005 ലാണ് മോഹിനിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങളുണ്ടായത്. 2005 ലെ ഒരു ദീപാവലിയുടെ പിറ്റേദിവസമായിരുന്നു മോഹിനിയെത്തേടി ആ ദുരന്തമെത്തിയത്.
ഡൽഹിയിൽ ദീപാവലി ആഘോഷിച്ച ശേഷം ജയ്പൂരിൽ പുതിയ ജോലിയിൽ ചേരാനുള്ള തയാറെടുപ്പിലായിരുന്നു അവൾ. ആ ദിവസം ജീവിതത്തിൽ സമ്മാനിച്ച കൊടിയ ദുരന്തത്തെക്കുറിച്ച് മോഹിനി ഓർക്കുന്നതിങ്ങനെ :-
'' അതൊരു ഞായറാഴ്ചയായിരുന്നു. അച്ഛനോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. പെട്ടന്നാണ് എന്നെ സ്ഥിരമായി ശല്യം ചെയ്തുകൊണ്ടിരുന്നയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ അയാൾ കൈയിലുണ്ടായിരുന്ന ജഗ്ഗിലെ ആസിഡ് എന്റെ മുഖത്തേക്കൊഴിച്ചു. പെട്ടന്ന് ഞാൻ മുഖം തിരിച്ചു. മുഖത്തിന്റെ ഒരു ഭാഗം പൂർണമായും പൊള്ളിപ്പോയി. ആസിഡ് എന്റെ വസ്ത്രത്തെപ്പോലും കരിച്ചു കളഞ്ഞു. എന്റെ കാഴ്ചയെപ്പോലും ബാധിച്ചു. ആസിഡ് തുള്ളികൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത അത്രയും വേദന ഞാൻ അനുഭവിച്ചു.
സമീപത്ത് ടീ ഷോപ് നടത്തുന്നയാൾ എന്നെ രക്ഷപെടുത്താനായി തണുത്ത പാൽ പൊള്ളലേറ്റ ഭാഗത്തൊഴിച്ചു. അതായിരുന്നു ആ ദിവസത്തെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓർമ. പാതി വെന്ത് മരിച്ച അവസ്ഥയിലായിക്കഴിഞ്ഞിരുന്നു അപ്പോൾ ഞാൻ. ആക്രമണത്തിനിടയിൽ എന്റെ അച്ഛന്റെ ശരീരത്തിലും ആസിഡ് വീണ് അദ്ദേഹത്തിനും പൊള്ളലേറ്റു.
ശരീരത്തിൽ 38 ശതമാനത്തോളം പൊള്ളലേറ്റു. ഐസിയുവിൽ 15 ദിവസത്തോളം കിടക്കേണ്ടി വന്നു. 25 ഓളം ശസ്ത്രക്രിയകൾക്ക് വിധേയയായി. സംഭവത്തിനു ശേഷം ബന്ധുക്കളുൾപ്പടെയുള്ളവരുടെ പ്രതികരണമാണ് ആസിഡിനേക്കാൾ എന്നെ പൊള്ളിച്ചത്. ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടാകും അയാളങ്ങനെ ചെയ്തതെന്നാണ് ചില ബന്ധുക്കൾ പറഞ്ഞത്. ചിലർ വിചാരിച്ചത് പ്രണയം തകർന്നതിനുള്ള പ്രതികാരമായിരിക്കുമെന്നാണ്, സംഭവിച്ചതിനെല്ലാം എന്റെ അമ്മയെ കുറ്റം പറഞ്ഞവരും കുറവല്ല. ഒരു പഞ്ഞവുമില്ലാതെ കഥകൾ പരന്നു.
ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ കാര്യങ്ങൾ വീണ്ടും മോശമായിത്തുടങ്ങി. 2005 ൽ ആസിഡ് ആക്രമണങ്ങളൊക്കെ വളരെ അപൂർവമായി നടക്കുന്ന കാര്യങ്ങളാണ്. പക്ഷേ എന്റെ മോശം അവസ്ഥയിലും എന്റെ കുടുംബം എന്നോടൊപ്പം നിന്നു. അച്ഛന് നിസാരമായ പൊള്ളലാണ് ഏറ്റതെങ്കിലും എന്നെ ചികിൽസിച്ച ആശുപത്രിയിലാണ് അദ്ദേഹത്തെയും ചികിൽസിച്ചത്.
സംഭവത്തിനു ശേഷം മുറിവിട്ട് പുറത്തുപോകാൻ എനിക്ക് മടിയായിരുന്നു. രണ്ടുവർഷം ആകാശം പോലും കാണാതെ കഴിഞ്ഞു. അതിനിടയിൽ പലകുറി ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു.എല്ലാം സംഭവിച്ചത് എനിക്കല്ലേ, പിന്നെയെന്തിന് ഞാൻ ജീവിതം അവസാനിപ്പിക്കണമെന്ന് സ്വയം എന്നോടു ചോദിച്ചു. എന്റേതല്ലാത്ത തെറ്റിന് എന്നെ സ്വയം ശിക്ഷിക്കുന്നത് നിർത്തി എനിക്കുവേണ്ടി ജീവിക്കാൻ ഞാൻ തീരുമാനിച്ചു.
മുഖംമറച്ചു വച്ചുകൊണ്ട് പല അഭിമുഖങ്ങളിലും പങ്കെടുത്തു. പൊള്ളിയ മുഖം മറച്ചുവച്ചാൽ ജോലികിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നു അത്. ഒരു ടെലിമാർക്കറ്റിങ് ജോലി കിട്ടിയതോടെ ആത്മവിശ്വാസം കൂടി. ജീവിത പങ്കാളിയെയും നൽകിയത് ആ തൊഴിലിടമാണ്. ഗൗരവ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇപ്പോൾ ഞങ്ങൾക്കൊരു മകനുണ്ട്. ഡൽഹി സ്റ്റേറ്റ് ലീഗൽ സർവീസിലാണ് എനിക്കിപ്പോൾ ജോലി''. ഇന്ന് ആസിഡ് ആക്രമണ ഇരകൾക്കും ഗാർഹിക പീഡന ഇരകൾക്കും വേണ്ട നിയമോപദേശം നൽകുകയാണ് മോഹിനി.
''ജീവിതത്തിൽ ഒരു മോശം കാര്യം സംഭവിച്ചിട്ടും ഇവിടംവരെ എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവതിയാണ്. ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും. എന്റേതിനു സമാനമായ ജീവിതാനുഭവങ്ങളിൽക്കൂടി കടന്നുപോയവർക്ക് എന്റെ കഥകേൾക്കുന്നതൊരു ധൈര്യമാണ്. ഞങ്ങൾ ഇരകളല്ല, അതിജീവിക്കുന്നവരാണ്, പോരാളികളാണ്''.