ADVERTISEMENT

മനസ്സുകള്‍ ഒരുപോലെ ചിന്തിക്കാം. ഒരേപോലുള്ള ചിന്തയുടെ ഫലമായി ആവിഷ്കരണത്തില്‍ സമാനതയും ഉണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍ കോപ്പിയടി എന്ന ആരോപണവും ഉണ്ടാകാം. ആര് ആരെ കോപ്പിയടിച്ചു എന്നതായിരിക്കും അപ്പോഴത്തെ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം സംശയങ്ങള്‍ ദൂരീകരിച്ചേക്കാം. ചിലപ്പോഴാകട്ടെ സംശയങ്ങള്‍ കൂട്ടുകയായിരിക്കും ചെയ്യുക. എന്തായാലും പുതിയൊരു കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. 

ആഗ്രഹിച്ചും സ്വപ്നം കണ്ടും പുറത്തിറക്കിയ സൗന്ദര്യ വര്‍ധക ബ്രാന്‍ഡ് അവതരണത്തിനിടെയാണ് ആ വിവാദമെത്തിയത്. പക്ഷേ, ആരോപണങ്ങൾക്ക് മറുപടി നൽകാനോ, അതു നിഷേധിക്കാനോ നില്‍ക്കാതെ ഒഴിഞ്ഞുമാറുകയാണ് കത്രീന. കെയ് ( KAY ) എന്ന പേരിലാണ് കത്രീന പുതിയ കോസ്മെറ്റിക് ബ്രാന്‍ഡ് പുറത്തിറക്കിയത്.  ബ്രാന്‍ഡ് ഉടന്‍ വരുന്ന വിവരം ഒക്ടോബര്‍ 16 ന് ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന അറിയിച്ചു. 

'ഒടുവിൽ അത് വരുന്നു, 2019 ഒക്ടോബർ 22 ന്. രണ്ട് വർഷത്തിലേറെയായി ഞാൻ കണ്ട സ്വപ്നമായിരുന്നു അത്. ഒരു ബ്യൂട്ടി ലൈൻ സൃഷ്ടിക്കുക എന്നത്. വളരെയധികം സന്തോഷത്തോടൊണിത് ഞാൻ പങ്കുവയ്ക്കുന്നത്'. - സ്വപ്നം പൂവണിയാൻ പോകുന്നതിനെക്കുറിച്ച് കത്രീന പങ്കുവച്ചതിങ്ങനെ. 

കത്രീനയുടെ പോസ്റ്റിനു പിന്നാലെ ബോളിവുഡിലെ സഹതാരങ്ങള്‍ അഭിനന്ദനവുമായി എത്തി. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും ഉള്‍പ്പെടെയുള്ളവര്‍ നടിക്കും പുതിയ ബ്രാന്‍ഡിനും ആശംസകള്‍ അറിയിച്ചു. ലക്ഷക്കണക്കിനു സാധാരണക്കാരും നടിക്ക് ആശംസകള്‍ അറിയിച്ചു. പക്ഷേ, ഉടന്‍ തന്നെ സംഭവം വിവാദവുമായി. അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്‍ദാഷിയാന്‍ അവരുടെ കോസ്മെറ്റിക് ബ്രാന്‍ഡ് അവതരിപ്പിച്ചതിനു സമാനമായിരുന്നു കത്രീനയുടെ നടപടികള്‍ എന്നായിരുന്നു ആരോപണം. ബ്രാന്‍ഡിന്റെ പേരില്‍ പോലും സമാനതകള്‍ ഉണ്ടെന്നും ആരോപിക്കപ്പെട്ടു. 

KKW എന്നാണ് കര്‍ദാഷിയാന്റെ മേക് അപ് ബ്രാന്‍ഡിന്റെ പേര്. വിവാദം ചൂടുപിടിച്ചതോടെ ചോദ്യം കത്രീനയുടെ മുന്നിലുമെത്തി. കിം കര്‍ദാഷിയാന്റെ മേക് അപ് ബ്രാന്‍ഡിന്റെ അവതരണത്തിനു സമാനമായാണ് കത്രീന ബ്രാന്‍ഡ് അവതരിപ്പിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്താണ് പറയാനുള്ളത് എന്ന് ഒരു അവതാരകന്‍ നടിയോടു നേരിട്ടുതന്നെ ചോദിച്ചു. 

'ചിലപ്പോള്‍ വലിയ മനസ്സുകള്‍ ഒരുപോലെ ചന്തിച്ചേക്കാം. അത്രമാത്രമേ എനിക്കു പറയാനുള്ളൂ'.. ആരോപണം നിഷേധിക്കാനോ അംഗീകരിക്കാനോ ശ്രമിക്കാതെ കത്രീന മറുപടി പറഞ്ഞതിങ്ങനെ. കത്രീനയുടെ മറുപടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരുണ്ട്. പേരിലും അവതരണത്തിലുമുണ്ടായ സമാനത യാദൃച്ഛികം മാത്രം എന്നാണവര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ സംഭവം അറിയാതെ സംഭവിച്ചതല്ലെന്നും കോപ്പിയടി തന്നെയാണെന്നും ആരോപിക്കുന്നുമുണ്ട്. എന്തായാലും പുതിയ മേക് അപ് ബ്രാന്‍ഡ്, തന്റെ സിനിമകളെ പ്പോലെ ഹിറ്റ് ആകണമെന്നാണ് കത്രീന ആഗ്രഹിക്കുന്നത്. അതിന്റെ ഉത്തരം ഉടന്‍ തന്നെ ലഭിച്ചേക്കും. 

English Summary : Katrina Kaif, Kim Kardashian, Make Up Brand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com