മാറിലേക്ക് പാളിനോക്കിയവർ ക്യാമറയിൽ കുടുങ്ങി; യുവതിയുടെ ലക്ഷ്യം മറ്റൊന്ന്
Mail This Article
ഒരു പെണ്ണിനെക്കണ്ടാൽ ആളുകളുടെ നോട്ടം എങ്ങോട്ടൊക്കെയായിരിക്കും?. തന്റെ ശരീരത്തിലേക്ക് ഒളികണ്ണെറിഞ്ഞവരെ മുഴുവൻ മാറിടത്തിൽ ഘടിപ്പിച്ച ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തിരിക്കുകയാണ് ഇവിടെയൊരു യുവതി. അവളുടെ പേര് വിറ്റ്നി സെലിഗ്. മാറിൽ അടിവസ്ത്രത്തോടു ചേർത്തു ഘടിപ്പിച്ച ക്യാമറയുമായി ന്യൂയോർക്കിലെ നഗരവീഥിയിലൂടെ അവൾ നടന്നപ്പോൾ ഒരുകാര്യം വ്യക്തമായി. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും എന്തിന് മൃഗങ്ങൾ പോലും അവളുടെ മാറിടത്തിലേക്ക് ഒളികണ്ണെറിയുന്നുണ്ട്.
എന്നാൽ മാറിടത്തിൽ ക്യാമറയൊളിപ്പിച്ച് ആ 29കാരി തെരുവിലിറങ്ങിയതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. മാറിടത്തിലേക്കു തുറിച്ചു നോക്കുന്നവരുടെ വിവിധ ഭാവങ്ങൾ കാട്ടുന്ന കേവലമൊരു തമാശ ദൃശ്യങ്ങളല്ല അവ. മറിച്ച് സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ്. അതു മനസ്സിലാകണമെങ്കിൽ വിഡിയോ മുഴുവൻ കാണണം.
സഹോദരൻ ക്രിസിന്റെ സഹായത്തോടെയാണ് വിറ്റ്നി തെരുവിൽ തനിക്കുണ്ടായ അനുഭവങ്ങൾ ഒപ്പിയെടുത്തത്.
സ്തനാർബുദ ബോധവൽക്കരണത്തിനു വേണ്ടി വ്യത്യസ്തമായ ഒരു വിഡിയോയുമായി ഇറങ്ങിത്തിരിക്കാൻ ഈ സഹോദരങ്ങൾക്ക് വ്യക്തിപരമായ ഒരു കാരണം കൂടിയുണ്ട്. ഇവരുടെ അമ്മ ഒരു കാൻസർ സർവൈവറാണ്. വിഡിയോയ്ക്കു പിന്നിലെ ലക്ഷ്യത്തെപ്പറ്റി അവൾ പറയുന്നതിങ്ങനെ :-
''ഈ വിഡിയോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു സ്ത്രീയെങ്കിലും സ്തന പരിശോധനയ്ക്ക് സ്വയം വിധേയരാവുകയോ, മാമോഗ്രാമിന് വിധേയരാവുകയോ ചെയ്താൽ എനിക്കൊരുപാടു സന്തോഷമാകും. ആ ഒരു വലിയ ലക്ഷ്യത്തിനു വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത്ര വലിയൊരു കാര്യമാണ് ഈ വിഡിയോ. ഇത് നമ്മുടെ അമ്മമാരെക്കുറിച്ചാണ്, അമ്മൂമ്മമാരെക്കുറിച്ചാണ്, കുട്ടികളെക്കുറിച്ചാണ്, സഹോദരിമാരെയും സുഹൃത്തുക്കളെയും കുറിച്ചാണ്''. - വിറ്റ്നി പറയുന്നു.
മാറിൽ ക്യാമറയും ഘടിപ്പിച്ച് തെരുവിലിറങ്ങിയ സമയത്ത് ആളുകൾ തന്നെ എങ്ങനെയൊക്കെയാണ് നോക്കിയതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞുകൊണ്ട് വിറ്റ്നി വിശദീകരിച്ചതിങ്ങനെ :-
''വിഡിയോ കാണുന്നതുവരെ ആളുകൾ എങ്ങനെയാണ് നോക്കിയത് എന്നതിനെപ്പറ്റി എനിക്ക് തീരെ ധാരണയില്ലായിരുന്നു. ഞാൻ നേരെ നോക്കിയാണ് നടന്നത്. വിഡിയോ കണ്ടപ്പോൾ ചിലപ്പോഴൊക്കെ എനിക്കതിശയം തോന്നി. സ്ത്രീകൾ വരെ മാറിലേക്ക് തുറിച്ചു നോക്കുന്നതു കണ്ടപ്പോൾ. മനോഹരമായ മാറിടങ്ങൾ എല്ലാവർക്കുമിഷ്ടമാണ്. എനിക്കും അങ്ങനെ തന്നെ. ഈ ദൃശ്യങ്ങൾ കണ്ടതിനു ശേഷം ആളുകൾ നൽകുന്ന പോസിറ്റീവ് ഫീഡ്ബാക്ക് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. വിഡിയോയിലെ ചില ഭാഗങ്ങൾ അൽപ്പം തമാശയായിപ്പോലും തോന്നി. ഇതിന് മുൻപ് പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ച് ബോധവൽക്കരണം നടത്താൻ സഹോദരൻ ക്രിസ് സമാന രീതിയിൽ ഒരു വിഡിയോ ചെയ്തിരുന്നു''.
വിഡിയോ കാണുന്നവർ ഇടയ്ക്കിടെ സ്വന്തം മാറിടം പരിശോധിക്കാൻ മറക്കരുതെന്ന ഓർമപെടുത്തലോടെയാണ് വിറ്റ്നിയുടെ വിഡിയോ അവസാനിക്കുന്നത്.
English Summary: Woman Wears Hidden Camera for Breast Cancer Awareness