‘പ്രണയം പോലും വെറുത്തു, ഇത് പറയുമ്പോൾ ലോകത്ത് ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നു’– ദീപിക
Mail This Article
‘അനുഭവത്തില്‍നിന്നാണ് എന്റെ പോരാട്ടം തുടങ്ങുന്നത്. ഞാന്‍ അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും അസഹനീയ മാനസിക യാതനകളും എന്റേതുമാത്രമല്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടി പോരാടാന്‍ ഞാന്‍ തുടങ്ങി. അന്ന് ആ സമയത്ത് എന്റെ സ്നേഹവും ബന്ധങ്ങളുമെല്ലാം ഞാൻ വെറുത്തിരുന്നു. ഈ രോഗം എന്നെ ചിലത് പഠിപ്പിച്ചു.’ ബോളിവുഡ് നായിക ദീപിക പദുക്കോണിന്റെ വാക്കുകളില്‍ നിറയുന്നതു നിസ്സഹായതയല്ല; രോഗത്തില്‍നിന്നു നേടിയ വിമുക്തിയും സഹജീവികളോടുള്ള പരിഗണനയുമാണ്.
വിഷാദത്തെക്കുറിച്ചാണു ദീപിക പറഞ്ഞത്. വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും. ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തില്‍ക്രിസ്റ്റല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു സംസാരിക്കുമ്പോഴാണ് ഒരിക്കല്‍ താൻ നേരിട്ട രോഗത്തെ കുറിച്ച് ദീപിക തുറന്നുപറഞ്ഞത്. വിഷാദം ബാധിച്ച വ്യക്തിയെ മനസ്സിലാക്കുക എന്നതാണു പ്രധാനം. അതാണ് രോഗത്തെ നേരിടാനുള്ള ആദ്യ ചുവടും. വിഷാദ രോഗവും ഉല്‍കണ്ഠയും മറ്റ് ഏതൊരു രോഗത്തെയും പോലെയാണ്. ചികിത്സിക്കാനും ഭേദമാക്കാനും കഴിയുന്ന രോഗം. സ്വന്തം അനുഭവത്തില്‍നിന്നു പഠിച്ച കാര്യങ്ങളിൽ നിന്നാണ് മറ്റുള്ളവര്‍ക്കുവേണ്ടിയും പോരാടേണ്ടതുണ്ടെന്ന തീരുമാനത്തില്‍ ഞാന്‍ എത്തുന്നത്.’– ദീപിക പറഞ്ഞു.
‘രോഗവുമായുള്ള എന്റെ ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധത്തില്‍നിന്ന് എനിക്കൊന്നേ പറയാനുള്ളൂ: ഈ രോഗം അനുഭവിക്കുന്ന ആരും ഒറ്റയ്ക്കല്ല. നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, സഹായിക്കാന്‍ സന്നദ്ധതയുള്ള മനസ്സുണ്ട്. രോഗവും ലോക സാമ്പത്തിക ഫോറവും തമ്മിലുള്ള ബന്ധവും ദീപിക വ്യക്തമാക്കി. വിഷാദ രോഗത്തെ എതിരിടാന്‍ വേണ്ടി മാത്രം ലക്ഷക്കണക്കിനു ഡോളറുകളാണ് ഓരോ വര്‍ഷവും രാജ്യങ്ങള്‍ ചെലവഴിക്കുന്നത്. ഇതിങ്ങനെ മുന്നോട്ടു പോയാല്‍ വിഷാദം രാജ്യങ്ങള്‍ക്കു വലിയ സാമ്പത്തിക ബാധ്യതയായി മാറും. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനമാണ് ഇപ്പോള്‍ ദാവോസില്‍ നടക്കുന്നത്. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഞാന്‍ സംസാരിക്കുമ്പോള്‍ തന്നെ ലോകത്ത് എവിടെയെങ്കിലും ഒരാളെങ്കിലും വിഷാദത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ടാകും.’- ദീപിക പറഞ്ഞു.
വളരെ സാധാരണമായ രോഗമാണ് വിഷാദം. എന്നാല്‍ അങ്ങേയറ്റം ഗൗരവതരവും. ഇതു മനസ്സിലാക്കിയാണ് ‘ലിവ് ലവ് ലാഫ്’ എന്ന സന്നദ്ധ സംഘടന രൂപീകരിക്കുന്നതെന്നും ദീപിക വ്യക്തമാക്കി. ദീപികയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ലിവ് ലവ് ലാഫ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണ പരിപാടികളെയും തുടര്‍ന്നാണു ദീപികയ്ക്ക് ക്രിസ്റ്റല്‍ പുരസ്കാരം ലഭിക്കുന്നത്. ‘ഛപാക്കി’ന്റെ ഷൂട്ടിങ്ങിനിടെയും തനിക്ക് വിഷാദരോഗത്തെ നേരിടേണ്ടിവന്നതായി കഴിഞ്ഞദിവസം ദീപിക വെളിപ്പെടുത്തിയിരുന്നു.
English Summary: Deepika Padukone receives Crystal Award at Davos, talks about depression: ‘As I speak, one more person has committed suicide’