ADVERTISEMENT

ഓരോ മേഖലകളിലെയും ചിന്താഗതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയാണ് കോവിഡ് കടന്നുപോകുന്നത്. ക്രമാനുഗതമായി വളര്‍ച്ച പ്രാപിച്ചുകൊണ്ടിരുന്ന ഫാഷന്‍ മേഖലയിലും കോവിഡ് ഉള്‍ക്കാഴ്ചകളും മാറ്റങ്ങളും സൃഷ്ടിക്കുന്നതായി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ പായല്‍ ഖണ്ട്‍വാല പറയുന്നു. പുതിയ കാഴ്ചകളാണ് ഇന്ന് ലോകം കാണുന്നത്. അതുകൊണ്ടുതന്നെ കാഴ്ചപ്പാടുകളിലും മാറ്റം വരണമെന്നും പായല്‍ പറയുന്നു. ഓരോ സന്ദര്‍ഭത്തിനും ഇണങ്ങുന്ന വസ്ത്രങ്ങള്‍ തേടി കടകളില്‍ എത്തുന്നവരുടെ എണ്ണം കൂടുതലായിരുന്നെങ്കില്‍ ഇന്ന് പുറത്തിറങ്ങാന്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. ഇത്തരക്കാരെ ലക്ഷ്യമാക്കി വെര്‍ച്വല്‍ ഷോപ്പിങ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുകയാണ് പായല്‍. വീട്ടിലെ മുറികളിലിരുന്ന് ഷോപ്പിങ് നടത്താമെന്നതാണ് വെര്‍ച്വല്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത. 

തൊഴിലുടമകളെയും തൊഴിലാളികളെയും കോവിഡ് മാനസികമായി ബാധിച്ചതായി പറയുന്നു പായല്‍. ഇപ്പോഴുണ്ടായ നഷ്ടത്തില്‍ നിന്ന് എങ്ങനെ കര കയറും എന്നാണ് എല്ലാവരും ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ റിസ്ക് എടുക്കാതെ ഇനിയും മുന്നോട്ടുപോകാനാവില്ല എന്നാണ് പായലിന്റെ ഉറച്ച അഭിപ്രായം. ഭാവിയിലെ ഉപഭോക്താക്കളുടെ ചിന്ത എന്തായിരിക്കും എന്താണവര്‍ക്ക് വേണ്ടത് എന്നൊക്കെയാണ് ഇന്ന് ഉല്‍പാദകര്‍ ചിന്തിക്കുന്നത്. പണം വരുന്നതാകട്ടെ പൂര്‍ണമായി നിന്നിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങളാണ് ഫാഷന്‍ മേഖലയ്ക്കു വേണ്ടതെന്നാണ് പായല്‍ പറയുന്നത്. 

അമിതമായി വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പായല്‍ പറയുന്നു. രണ്ട് ഐറ്റങ്ങള്‍ മാത്രം വേണ്ടവര്‍ക്ക് 10 ഐറ്റങ്ങള്‍ വില്‍ക്കാനുള്ള പ്രവണതയുണ്ടായിരുന്നു. ഇതു ഭാവിയില്‍ അസാധ്യമാണ്. 16 -ല്‍ അധികം കളക്ഷൻസ് ഒരു വര്‍ഷം പുറത്തിറക്കുന്ന കടകളുണ്ടായിരുന്നു. ഓരോ മാസവും ഫാഷന്‍ വീക്ക് നടത്തുന്നവരും. അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അത്യാവശ്യത്തിനുള്ള വസ്ത്രങ്ങള്‍ മിതമായ വിലയില്‍ ആവശ്യക്കാര്‍ക്ക്  എത്തിച്ചു കൊടുത്ത് മിതമായ ലാഭം എന്നതായിരിക്കണം കോവിഡ് അനന്തര കാലത്തിന്റെ മുദ്രവാക്യം എന്നാണ് പായലിന്റെ ഉറച്ച അഭിപ്രായം. 

കടകളില്‍ എത്തുന്നവരുടെ എണ്ണം കുറയുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പതുക്കെ പതുക്കെ ഓണ്‍ലൈന്‍ ഷോപ്പിങ് പുതിയ ട്രെന്‍ഡ് ആകുമെന്ന കാര്യത്തിലും സംശയം വേണ്ട. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ചരിത്രമാണ് മനുഷ്യന്റേത്. സ്വാഭാവികമായും ഇപ്പോഴത്തെ തിരിച്ചടിയെയും മനുഷ്യന്‍ അതിജീവിക്കും. 

വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുന്നു. ഇഷ്ടപ്പെട്ട് വാങ്ങിക്കാന്‍ തയാറാവുന്നവര്‍ക്ക് വസ്ത്രം വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കുന്നു. 24 മണിക്കൂര്‍ അതവരുടെ കസ്റ്റഡിയില്‍ തന്നെ ആയിരിക്കും. ഇട്ടുനോക്കി ഇഷ്ടപ്പെടുകയാണെങ്കില്‍ സ്വന്തമാക്കാം. ഇല്ലെങ്കില്‍ മാറ്റിവാങ്ങാനുള്ള സൗകര്യം നല്‍കും. പണം മടക്കിക്കൊടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ഈ രീതിയില്‍ കച്ചവടത്തിന്റെ രീതി മാറുകയാണെന്നു പറയുന്നു പായല്‍. 

ഒരു ഉപഭോക്താവിനു കൊടുത്ത ഡ്രസ് അണുവിമുക്തമാക്കിയതിനുശേഷമായിരിക്കും മറ്റൊരാള്‍ക്ക് കൊടുക്കുന്നത്. അതായത് 48 മണിക്കൂറിനു ശേഷം മാത്രം വീണ്ടും ട്രയല്‍ നോക്കാനുള്ള സൗകര്യം. കാലം മറുകയാണ്. പായല്‍ പറയുന്നു. മാറുന്ന കാലത്തിനനുസരിച്ച് അഭിരുചികളും മാറുന്നു. അതിനനുസരിച്ച് വില്‍പന രീതികളിലും മാറ്റം കൊണ്ടുവരുന്നവര്‍ കാലത്തെ അതിജീവിക്കുമെന്നാണ് പായല്‍ അനുഭവത്തിലൂടെ പറയുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com