ADVERTISEMENT

ആഴ്ചയുടെ മൂന്നാമത്തെ ദിനമാണ് ചൊവ്വ. ഭൂമിയുടെ സമീപസ്ഥനായ ചൊവ്വയെന്ന ചുവന്ന ഗ്രഹത്തിന്റെ സ്വാധീനം ഈ ദിനത്തിൽ ജനിച്ചവരിൽ വളരെയധികം കാണപ്പെടുന്നുണ്ട്. നയിക്കാനും ജയിക്കാനും എല്ലായ്പ്പോഴും ആഗ്രഹിക്കുന്നവരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമാണ് ചൊവ്വാഴ്ച ജനിച്ചവർ. പെട്ടെന്ന് കോപിക്കുന്നവരും ചിട്ടയോടെ കാര്യങ്ങൾ നിർവഹിക്കുന്നവരും അത്യുൽസാഹികളും അക്ഷമരും ധൈര്യ ശാലികളുമാണ് ഇക്കൂട്ടർ. വിജയത്വരയുണ്ടാകുമെങ്കിലും ചിലപ്പോൾ അതിൽ നിന്ന് ഇവർ വ്യതിചലിച്ചേക്കാം.

 

വെല്ലുവിളികൾ ഏറ്റെടുക്കുകയും പ്രാഗല്ഭ്യം തെളിയിക്കുകയും ചെയ്യുന്നവരാണ് ഇവർ. പ്രധാനപ്പെട്ട സംരംഭങ്ങളിൽ പങ്കാളിയാവുകയും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ പരിശ്രമിക്കുകയും ചെയ്യും. മറ്റുള്ളവർ മടിച്ചു നിൽക്കുന്ന കാര്യങ്ങൾ സാഹസികമായി ഏറ്റെടുക്കാൻ ഇവർ തയ്യാറാകും. എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ മാനസികമായി ഇവർ സജ്ജരായിരിക്കും. 

 

ഒൻപതാണ് ഇവരുടെ ഭാഗ്യനമ്പർ. വലിയ വിജയങ്ങൾക്കും ദൗർഭാഗ്യങ്ങളകറ്റാനും ചൊവ്വാഴ്ചകളിൽ ദാനശീലം ഇവർക്ക് ഉചിതമാണ്.ചൊവ്വയുടെ ദേവതകളായ ഭദ്രകാളിയെയും സുബ്രഹ്മണ്യ സ്വാമിയെയും പ്രാർഥിക്കുന്നത് അഭിവൃദ്ധിക്ക് കാരണമാകും.

 

ബാങ്കിംഗ്, ധനകാര്യ സംബന്ധിയായ തൊഴിലുകൾ ഇക്കൂട്ടർ ആസ്വദിച്ച് ചെയ്യുകയും അതിൽ ശോഭിക്കുകയും ചെയ്യും. കഠിനാധ്വാനികളായ ഇവർ കൂടെ നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിൽ തെല്ലും പിശുക്ക് കാണിക്കാറില്ല. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ഇവരുടെ സ്വഭാവം ചിലപ്പോൾ മറ്റുള്ളവരിൽ അതൃപ്തിക്കിടയാക്കിയേക്കാം, അതിനാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്. വളരെ പെട്ടെന്ന് മുറിപ്പെടുന്ന ഇവർ വിമർശനങ്ങളിൽ തളര്‍ന്നു പോകും. പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ മിതത്വം പാലിക്കുന്നത് തൊഴിൽ വിജയത്തിന് ഉത്തമമാണ്. 

 

മുൻകോപവും അക്ഷമയും ഇവരുടെ കുടുംബജീവിതത്തിൽ ചിലപ്പോൾ വില്ലനായേക്കാം. മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള പ്രതികരണങ്ങൾ ചിലപ്പോൾ സുഗമമായ ജീവിതത്തെ ബാധിച്ചേക്കാം. അതിനാൽ രണ്ടോ, മൂന്നോ തവണ ആലോചിച്ച് പല വീക്ഷണകോണുകളിലൂടെ ചിന്തിച്ചുള്ള പ്രതികരണങ്ങൾ പരസ്പര ഐക്യവും പൊരുത്തവും മെച്ചപ്പെടുന്നതിനിടയാക്കും. എല്ലാക്കാര്യങ്ങളിലും പങ്കാളിയെ ധീരമായി പിന്തുണയ്ക്കുന്നവരാണ് ഇവർ. മേധാവിത്വം പുലർത്തുക എന്നത് ഇക്കൂട്ടരുടെ അടിസ്ഥാന സ്വഭാവമാണ്. കുടുംബ ജീവിതത്തിൽ പക്ഷേ പങ്കാളിക്ക് തുല്യപ്രാധാന്യം നൽകുന്നത് ബന്ധങ്ങളുടെ ഊഷ്മളത വർധിപ്പിക്കുന്നതിന് സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com