ഒരേയൊരു ചിലന്തിയമ്പലം- അദ്ഭുത ഫലസിദ്ധി, രോഗശാന്തി തേടിയെത്തുന്നത് ആയിരങ്ങൾ
Mail This Article
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കൊടുമൺ എന്ന ഗ്രാമപ്രദേശത്ത് ചിലന്തിയമ്പലം എന്ന പേരിൽ പ്രശസ്തമായ കൊടുമൺ പള്ളിയറ ദേവീ ക്ഷേത്രം മധ്യതിരുവിതാംകൂറിലെ പ്രമുഖ പുണ്യസങ്കേതമാണ്. ഇത്തരത്തിലുള്ള പേരോടു കൂടിയ മറ്റൊരു ആരാധനാലയവും കേരളത്തിലെങ്ങും കാണില്ല.
ചിലന്തിയമ്പലവും വിഷചികിത്സയും
ചിലന്തിവിഷ ചികിത്സയ്ക്കു പേരു കേട്ടതു കൊണ്ടാകാം ഈ ക്ഷേത്രത്തിന് ഈ പേരു വന്നത്. ജാതിഭേദമെന്യേ വിഷബാധയ്ക്കു പരിഹാരം തേടി ധാരാളം ഭക്തജനങ്ങൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഈ പുണ്യക്ഷേത്രത്തിൽ എത്തുന്നുണ്ട്.
രോഗശാന്തിക്കുള്ള പ്രതിവിധി തേടി സൗഖ്യം പ്രാപിച്ച ധാരാളം സംഭവങ്ങളുണ്ട്. ചിലന്തിവിഷരോഗശമനം സംബന്ധിച്ച ദൈവികാത്മക ചികിത്സയാണ് ഇവിടെയുള്ളത്. ചിലന്തിവിഷമേറ്റവർ ഈ ക്ഷേത്രത്തിൽ ചെന്ന് കുളിച്ചുതൊഴുത് മലർ നിവേദ്യം നടത്തി ഭസ്മം ജപിച്ചു വാങ്ങി ശരീരത്തിൽ ലേപനം ചെയ്യുകയാണു പതിവ്. ഈ ഭസ്മലേപനം കൊണ്ട് ഒരാഴ്ചയ്ക്കകം വിഷാംശം ഇല്ലാതായി രോഗം സുഖപ്പെടുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്. ചിലന്തിയമ്പലം എന്നു പേരു കേട്ട പള്ളിയറ ദേവീക്ഷേത്രം ശക്തിഭദ്രമഹാകവിയുടെ പരദേവതാക്ഷേത്രമാണ്. കേരളീയ സംസ്കൃതനാടക സാഹിത്യകാരന്മാരിൽ പ്രഥമഗണനീയനും ആശ്ചര്യചൂഡാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവുമായ മഹാകവി ശക്തിഭദ്രന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. ശക്തിഭദ്രനും ശ്രീശങ്കരാചാര്യരും സമകാലികരായിരുന്നുവെന്നു പറയുന്നു.
പത്തനംതിട്ട ജില്ലയില്‍ കൊടുമണ്ണിൽ ചെന്നീർക്കര സ്വരൂപമെന്നു പേരുകേട്ട ബ്രാഹ്മണകുലമുണ്ടായിരുന്നുവെന്നും ആ കുലത്തിന്റെ വകയാണു ക്ഷേത്രമെന്നും കരുതപ്പെടുന്നു. ഈ കുലത്തിൽ പിറന്ന മഹാകവിയാണു ശക്തിഭദ്രന്‍. ക്ഷേത്രത്തിന്റെ ഉൽപത്തിക്കഥയിൽ ഐതിഹ്യവും ചരിത്രസത്യങ്ങളും ഇടകലർന്നു കിടക്കുന്നതു കാണാം. ചെന്നീർക്കര തമ്പുരാക്കന്മാരിൽ രവീന്ദ്രവിക്രമൻ ആയുർവേദ ആചാര്യനും പേരുകേട്ട വിഷചികിത്സകനുമായിരുന്നു. ഇദ്ദേഹം അങ്ങാടിമരുന്നുകൾ ശേഖരിച്ച് കൊട്ടാരം നിറച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന് ആകെയുണ്ടായിരുന്നതു മൂന്നു പെൺമക്കളാണ്. ആൺമക്കളില്ലാത്തതിനാൽ തന്റെ കാലശേഷം ചികിത്സ തുടർന്നുകൊണ്ടുപോകാൻ സാധ്യമല്ലെന്നു മനസ്സിലാക്കിയ തമ്പുരാൻ വലിയ കിടങ്ങു കുഴിച്ച് അങ്ങാടിമരുന്നുകൾ അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴിച്ച ഈ കിടങ്ങിൽ കൂടി വരുന്ന ഔഷധജലമാണു ക്ഷേത്രകിണറ്റിൽ എത്തിച്ചേരുന്നതത്രേ.
ഈ ഔഷധങ്ങളുടെ നീരുറവകൾ സമീപപ്രദേശത്തെ കിണറുകളിൽ എത്തിയെന്നും ആ കിണറുകളിൽ നിന്നു വെള്ളം കോരിക്കുടിച്ചവർക്കെല്ലാം രോഗശാന്തിയുണ്ടായെന്നും പറയപ്പെടുന്നു. ചിലന്തിയമ്പലത്തിന്റെ കിണറ്റിലെ വെള്ളത്തിന് ഈ ഔഷധങ്ങളുടെ ഗുണം ഇപ്പോഴുമുണ്ടെന്നാണു പറയപ്പെടുന്നത്.
തമ്പുരാൻ തീപ്പെട്ടതിനു ശേഷം മക്കളിൽ മൂത്ത തമ്പുരാട്ടി വസൂരി ബാധിച്ചു മരിച്ചു. രണ്ടാമത്തെ മകൾ ജേഷ്ഠത്തി മരിച്ച നിരാശ കൊണ്ട് ആത്മഹത്യ ചെയ്തു. മൂന്നാമത്തെ മകൾ കൊട്ടാരത്തിന്റെ പള്ളി അറയിൽ കയറി തപസ്സ് അനുഷ്ഠിക്കാൻ തുടങ്ങി. അങ്ങനെയാണു ചെന്നീർക്കര രാജവംശം അസ്തമിക്കാൻ കാരണമായത്. കാലശേഷം പറഞ്ഞ് എഴുതിവച്ചിരുന്ന ചെമ്പോലപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ചെന്നീർക്കര തമ്പുരാന്റെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിലേക്കായി. വളരെക്കാലത്തിനുശേഷം അവിടെനിന്ന് ആളുകളെത്തി അറ തുറന്നു നോക്കുമ്പോൾ ചിലന്തികളെക്കൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികൾ മാത്രമാണു കണ്ടത്. അങ്ങനെ ആ ഇളയതമ്പുരാട്ടി ചിലന്തിത്തമ്പുരാട്ടിയായി. ദേവസ്ഥാനം ലഭിച്ചതോടു കൂടി കൊട്ടാരത്തിന്റെ നിലവറയിൽ ചിലന്തിത്തമ്പുരാട്ടിക്കും കിണറ്റുകല്ലിൽ മൂത്ത തമ്പുരാട്ടിക്കും നിവേദ്യം നടത്തിവരുന്നു. പിന്നീടു മാന്ത്രികവിധിയനുസരിച്ചു തമ്പുരാട്ടിയെ ശുദ്ധിചെയ്തു പള്ളിയറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതോടു കൂടി ഈ ക്ഷേത്രം ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധമായി.
ക്ഷേത്രോദ്ഭവത്തെ സംബന്ധിച്ച് മേൽപറഞ്ഞ ഐതിഹ്യവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമുണ്ട്. ആശ്ചര്യചൂഡാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ കുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടതാണിത്. കൊല്ലവർഷം 961ൽ ശക്തിഭദ്രന്റെ കുടുംബത്തിൽ ആൺസന്തതികളില്ലാതായി. ശക്തിഭദ്രരരു സാവിത്രി, ശക്തിഭദ്രരരു ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിച്ചു.
ഇവരെ മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിലേക്കു ദത്തെടുത്തു. ഇതുസംബന്ധിച്ച ഒരു പഴയ മലയാൺമരേഖ ഇന്നും മണ്ണടിയിലുള്ള വാക്കവഞ്ഞിപ്പുഴ മഠത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വഞ്ഞിപ്പുഴ മഠാധിപന്റെ സംരക്ഷണയിൽ കൊടുമണ്ണൂരുള്ള ശക്തിഭദ്രാ ആസ്ഥാനത്ത് ഈ രണ്ട് അന്തർജനങ്ങളും താമസിച്ചു. ഒരു ദിവസം ഇവരുടെ ക്ഷേമാന്വേഷണത്തിനായി വഞ്ഞിപ്പുഴ തമ്പുരാൻ കൊടുമണ്ണൂരിലെത്തി. പതിവിനു വിപരീതമായി അന്തർജനങ്ങളെ പുറത്തേക്കു കണ്ടില്ല. വാതിലുകള്‍ അടച്ചിരുന്നു. വാതിൽ തുറന്നു പരിശോധിച്ചപ്പോൾ അദ്ഭുതകരമായി അന്തർജനങ്ങൾ രണ്ടു പേരും ഭൂമിയിൽ നിന്ന് അന്തർധാനം ചെയ്തതായിട്ടാണു കണ്ടത്. അവരുടെ തിരോധാനസ്ഥലത്ത് കുറെയധികം വിചിത്രചിലന്തികൾ വലകെട്ടി മൂടിയിട്ടിരിക്കുന്നതായും കണ്ടു. അന്തർജന സാധ്വിമാരുടെ അന്തർധാനസ്ഥലത്തു ദേവീസാന്നിധ്യം ഉണ്ടാകുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണു പറയപ്പെടുന്നത്. എന്തായാലും പഴമയിൽ വിളഞ്ഞ ഈ ദൈവിക വിശ്വാസത്തിന്റെ കാലാതീത ശക്തിയായിരിക്കാം ഇന്നും ആയിരക്കണക്കിനു ഭക്തരെ ഈ ക്ഷേത്രസങ്കേതത്തിലേക്ക് ആകർഷിക്കുന്നത്.
വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണു ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നത്. ക്ഷേത്രത്തിലെ മകരമാസത്തിലെ ചന്ദ്രപ്പൊങ്കാലയും പ്രസിദ്ധമാണ്. അഭീഷ്ടസിദ്ധിക്കായി വ്രതാനുഷ്ഠാനത്തോടെ നടത്തുന്ന പൊങ്കാല സൂര്യാസ്തമയത്തോടെ ആരംഭിച്ച് ചന്ദ്രോദയത്തോടെ അവസാനിക്കും.