പഴശ്ശി രാജാവിന്റെ കുടുംബക്ഷേത്രം
Mail This Article
കർക്കടക മാസത്തിൽ രാമായണത്തിന്റെ പുണ്യം നുകരാനും പൊരുൾ തേടിയും പ്രാർഥനയോടെ ഭക്തജനങ്ങൾ മഹാദേവ സന്നിധിയിലെത്തുന്നു. കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ രാമായണ ശീലുകളാൽ മുഖരിതമാവുന്ന ദിനങ്ങളാണ് ഇനി.
പഴശ്ശി രാജാവിന്റെയും കോട്ടയത്ത് രാജാക്കൻമാരുടെയും കുടുംബ ക്ഷേത്രമാണ് തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം. കൂത്തുപറമ്പ് ടൗണിൽ നിന്ന് കണ്ണൂർ റോഡിൽ 2 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ക്ഷേത്രം. 14 ഏക്കറിൽ പരന്ന് കിടക്കുന്ന കോട്ടയം ചിറ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ടതാണ്. പണ്ട് കോട്ടയം രാജാവ് കൊട്ടിയൂർ ഉത്സവത്തിന് പുറപ്പെട്ടപ്പോൾ വഴിമുടക്കിയ നാഗക്കൂട്ടവും ഒപ്പം ഉയർന്ന അശരീരിയുമാണ് ക്ഷേത്ര സ്ഥാപനത്തിന് വഴിയായതെന്നാണ് ഐതിഹ്യം. ക്ഷേത്ര സ്ഥാനത്തിന് മുന്നിൽ കാണുന്ന അരയാലിനടുത്ത് തൃക്കൈ അടയാളം കാണുന്നത്ര ഉയരത്തിൽ മണ്ണിട്ടുയർത്തി ക്ഷേത്രം നിർമിക്കണമെന്നും അവിടെ ഞാൻ കുടിയിരിക്കുമെന്ന അശരീരി ഉണ്ടായെന്നാണ് ഐതിഹ്യം. തൃക്കൈ ഉയരത്തിൽ മണ്ണിട്ട് ഉയർത്താൻ മുൻ ഭാഗത്ത് നിന്ന് മണ്ണ് നീക്കിയ സ്ഥലമാണ് കോട്ടയം ചിറയായി മാറിയതത്രെ.
നേരത്തെ ഓല മേഞ്ഞ ക്ഷേത്രം 1885ൽ ചെമ്പടിച്ച് നവീകരിച്ചു. ശിവ ചൈതന്യം സ്വയംഭൂവായും പ്രതിഷ്ഠയായും ഇവിടെ 2 സങ്കൽപങ്ങളുണ്ട്. കന്നിമൂലയിൽ ഗണപതിയും നവഗ്രഹ പ്രതിഷ്ഠയുമുണ്ട്. തെക്ക് ഭാഗത്ത് ശാസ്താവും വടക്ക് ഭാഗത്ത് കൃഷ്ണനും പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ആട്ടക്കഥകൾ രചിച്ച കോട്ടയത്ത് തമ്പുരാന്റെ കളിയരങ്ങാണ് കൂത്തുപറമ്പ്.
ദിവസവും വൈകിട്ട് 5.30ന് യു.കുമാരൻ, എ.കെ.സുമതി എന്നിവർ രാമായണ പാരായണം നടത്തും. രാമായണ മാസം മുഴുവൻ രാവിലെയും വൈകിട്ടും മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.
28ന് വിദ്യാർഥികൾക്ക് രാമായണ മേള നടത്തും. രാമായണ പാരായണം, പ്രബന്ധ രചന, പ്രശ്നോത്തരി മത്സരങ്ങളാണുണ്ടാവുക. അഡ്വ.എം.കെ.രഞ്ജിത്ത് പ്രസിഡന്റും പി.പവിത്രൻ സെക്രട്ടറിയുമായുള്ള ക്ഷേത്ര സംരക്ഷണ സമിതി ട്രസ്റ്റാണ് ക്ഷേത്ര ഭരണത്തിന് നേതൃത്വം നൽകുന്നത്.