അപകടകരമായ ചിന്തകൾ അകലും; ശീലമാക്കാം മന്ത്രജപം
Mail This Article
ക്ഷേത്രത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സ് നിയന്ത്രണത്തിൽ നിന്നു വഴുതി മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണു പലർക്കും. ഇത്തരത്തിൽ ചഞ്ചലമായ മനസ്സിനെ എങ്ങനെ ബന്ധിയ്ക്കാം? അതിനുള്ള ബലവത്തായ മാർഗമാണു മന്ത്രജപം. ഏതെങ്കിലും നാമമോ മന്ത്രമോ തുടർച്ചയായി ജപിക്കുന്നതിലൂടെ ചിന്തകൾ വല്ലാതെ മനസ്സിനെ സ്വാധീനിക്കുന്നതിൽ നിന്നു ക്രമേണ കുറയ്ക്കാൻ കഴിയും. ജപിച്ചു കൊണ്ടിരിക്കുമ്പോഴും ചിന്തകൾ അലട്ടിയാലും അതിനെ ഗൗരവമായി കാണേണ്ടതില്ല. ജപിക്കുന്ന സമയമായതു കൊണ്ട് അത്തരം ചിന്തകൾ അപകടകാരികളാകുന്നില്ല. മാത്രമല്ല ദൈനംദിന ജീവിതത്തിൽ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ടു പോകാനും വഴിയൊരുക്കും.
മറ്റൊരാളുടെ സ്വാധീനത്തിനു വഴങ്ങേണ്ടി വരികയോ, താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കുകയോ ചെയ്യേണ്ടി വരുന്നില്ല. മന്ത്രജപത്തിന് ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളും ചിലവുകളും ഇല്ല. സ്വന്തം ഇഷ്ടപ്രകാരമുള്ള ഈശ്വരനാമമോ മന്ത്രമോ സ്വീകരിച്ച് ജപം ശീലിക്കേണ്ടതാണ്. ജപം ആദ്യം കുറച്ചു നേരത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുക. ക്രമേണ സമയം കൂട്ടിക്കൊണ്ടു വന്ന് നമ്മുടെ ശീലമാക്കി മാറ്റിയെടുക്കുമ്പോഴാണ് ഒരു പ്രയത്നമായി തോന്നാത്ത വിധത്തിൽ മനസ്സിൽ പ്രത്യേക തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ തന്നെ ജപം നടന്നുകൊണ്ടേയിരിക്കുന്നത്. ക്രമേണ നാനാവിധമായ ചിന്തകൾ കുറയുകയും മനസ്സ് ഏകാഗ്രമാവുകയും ചെയ്യുന്നു. മന്ത്രജപത്തിൽ മുഴുകുമ്പോൾ മന്ത്രഉച്ഛാരണത്തിൽ മാത്രം ശ്രദ്ധ വേണം. അല്ലെങ്കിൽ ഇഷ്ടദേവതയുടെ രൂപം മനസ്സിൽ സങ്കൽപിക്കുക. മനസ്സിനെ മറ്റൊരിടത്തേയ്ക്കും അലയാൻ അനുവദിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
മന്ത്രങ്ങൾ മാറി മാറി ജപിക്കുന്നതിനേക്കാൾ ഫലപ്രദം ജപിക്കുന്ന മന്ത്രം ഏകാഗ്രതയോടു കൂടിയും കൃത്യനിഷ്ഠയോടുകൂടിയും തുടരുന്ന പ്രക്രിയയാണ്. ജപത്തിന് പ്രത്യേക സമയമൊന്നും തിരഞ്ഞെടുക്കേണ്ടതില്ല. വെറുതെയിരിക്കുമ്പോഴും യാത്രാസമയത്തുമെല്ലാം ഉചിതം തന്നെ.