കുടുംബത്തിൽ ചതയം നാളുകാർ ഉണ്ടോ? എങ്കിൽ...
Mail This Article
അഷ്ടദിക്പാലകന്മാരിൽ ഒരാളും, സമുദ്ര രാജാവും, പശ്ചിമ ദിക്കിന്റെ പരിപാലകനുമായ വരുണനെയാണ് ജലത്തിന്റെയും ചതയം നക്ഷത്രത്തിന്റെയും ദേവതയായി പുരാണങ്ങളിൽ പ്രതിപാദിക്കുന്നത്. ബ്രഹ്മപുത്രനായ കശ്യപ പ്രജാപതിക്കു ദക്ഷപുത്രിയായ അദിതിയിൽ ജനിച്ച ദ്വാദശ ആദിത്യന്മാരിൽ ഒരാളാണ് വരുണൻ. മറ്റുള്ളവർ ധാതാവ്, ആര്യമാവ്, മിത്രൻ, ശക്രൻ, അംശൻ, ഭഗൻ, വിവസ്വാൻ, പൂഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു എന്നിവരാണ്. ഇവർ പന്ത്രണ്ടു പേരും കഴിഞ്ഞ മന്വന്തരത്തിലെ ദുഷിതന്മാർ എന്ന ദേവന്മാർ ആയിരുന്നു എന്നാണ് വിഷ്ണു പുരാണത്തിൽ പറയുന്നത്.
വരുണൻ എന്നത് സൂര്യന്റെ ഒരു പര്യായമായും പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ട്. ബ്രഹ്മാവാണ് വരുണനെ പശ്ചിമ ദിക്കിന്റെ അധിപനാക്കിയത്. ഒരിക്കൽ വൈശ്രവണന്റെ തപസ്സിൽ സംതൃപ്തനായ ബ്രഹ്മാവ് ലോക്പാലകന്മാരായ നാലു പേരിൽ ഒരാളായി അദ്ദേഹത്തെയും തിരഞ്ഞെടുത്തു. അങ്ങനെ കിഴക്കു ദിക്കിന്റെ നാഥനായി ഇന്ദ്രനും തെക്കു ദിക്കിന്റെ നാഥനായി യമനും പടിഞ്ഞാറിന്റെ നാഥനായി വരുണനും വടക്കു ദിക്കിന്റെ നാഥനായി വൈശ്രവണനും നിയമിക്കപ്പെട്ടു.
കൂടാതെ പഞ്ചഭൂതങ്ങളിൽ ഒന്നായ ജലത്തിന് മനുഷ്യ ശരീരത്തിലെ ജീവനെയും ആരോഗ്യത്തെയും നില നിർത്തുന്നതിൽ ഒരു വലിയ പങ്കുണ്ട്. അഷ്ടദിക് പാലകന്മാരിൽ ജലാധിപനായ വരുണൻ പടിഞ്ഞാറു ദിക്കിന്റെ അധിപനാണ്. മറ്റുള്ളവർ ഇന്ദ്രൻ, അഗ്നി, യമൻ, നിരൃതി, വായു, കുബേരൻ, ശിവൻ എന്നിവരാണ്. വരുണ ഭഗവാൻ വസിക്കുന്ന പട്ടണത്തിന്റെ പേര് ശ്രദ്ധാവതി എന്നാണ്. മഹാമേരുവിൽ ആകെ ഒൻപതു പുരികൾ സ്ഥിതി ചെയ്യുന്നു എന്നാണ് സങ്കല്പം. മധ്യത്തിൽ ബ്രഹ്മാവിന്റെ മനോന്മതി, കിഴക്കു ഭാഗത്തു ഇന്ദ്രന്റെ അമരാവതി, തെക്കു കിഴക്കേ മൂലയിൽ അഗ്നിയുടെ തേജോവതി, തെക്കു ഭാഗത്തു യമന്റെ സംയമിനി, തെക്കു പടിഞ്ഞാറു മൂലയിൽ നിരൃതിയുടെ കൃഷ്ണാഞ്ജനി, വടക്കു പടിഞ്ഞാറ മൂലയിൽ വായുവിന്റെ ഗന്ധവത്, വടക്കു കുബേരന്റെ മഹോദയ, വടക്കു കിഴക്കേ മൂലയിൽ ഈശാനന്റെ യശോവതി ഇങ്ങനെയാണ് സ്ഥിതി ചെയ്യുന്നത്.
ചതയം നക്ഷത്രത്തിന്റെ നാഥൻ രാഹുവും രാശി നാഥൻ ശനിയുമാകുന്നു. അത് ഒരു സങ്കീർണതയാണ് കാണിക്കുന്നത്. ദേവാസുരന്മാർ ഒത്തുചേർന്നു പാലാഴി മഥിക്കുകയും അതിൽ നിന്നും ഉയർന്നു വന്ന അമൃതിൽ കുറച്ചു വിഴുങ്ങിയ സൈംഹികേയൻ അഥവാ രാഹു എന്ന അസുര മായാവിയുടെ കഥ പ്രസിദ്ധമാണല്ലോ. ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷമെടുത്തു വന്ന രാഹുവിനെ വിഷ്ണുവിന് കാണിച്ചു കൊടുത്തത് സൂര്യചന്ദ്രന്മാരായിരുന്നു. രാഹുകേതുക്കൾക്കു അതിന്റെ വൈരാഗ്യം ഇപ്പോഴും സൂര്യചന്ദ്രന്മാരോട് തുടരുന്നുണ്ടെന്നാണ് പുരാണം പറയുന്നത്. അതുപോലെ തന്നെ രാശിനാഥനായ ശനിയെ സ്വന്തം പിതാവായ സൂര്യനോട് വൈരാഗ്യം വച്ചു പുലർത്തുന്ന മകനായിട്ടാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളത്.
ചതയം നക്ഷത്രത്തിന്റെ ദേവതയായ വരുണനും നക്ഷത്ര നാഥനായ രാഹുവും രാശി നാഥനായ ശനിയും മൃഗമായ കുതിരയും ഈ നാളുകാരുടെ പല പ്രത്യേകതകളും കാണിച്ചു തരുന്നു.
ചതയം എന്ന വാക്കിന്റെ അർഥം ''ഒഴിഞ്ഞ ഒരു വട്ടം അഥവാ എംപ്റ്റി സർക്കിൾ'' എന്നാണ്. പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു മനസ്സിന്റെ ഉടമ. മറുള്ളവരിൽ നിന്നും വിഭിന്നമായി നിഗൂഢതകളെ കുറിച്ച് അന്വേഷിക്കാനും അത് മനസ്സിലാക്കാനുമുള്ള കഴിവ് എന്ന് പറയാം. കൂടാതെ രാഹുവും ശനിയും. രണ്ടും പാപഗ്രഹങ്ങളായതിനാൽ മറ്റുള്ളവർക്കു മുൻപിൽ ഒരു ''റിസർവ്ഡ് പേഴ്സൺ'' എന്ന അഭിപ്രായം ഉണ്ടാവാൻ സാധ്യതയുണ്ട്.
കൂടാതെ ശനിയുടെ സ്വഭാവങ്ങളായ പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങളോടുള്ള ആഭിമുഖ്യം, സ്ഥിരമായ സ്വഭാവങ്ങൾ, കുലീനത, ആത്മീയമായ മനസ്സിന് ഉടമകൾ എന്നിവയും, രാഹുവിന്റെ സ്വാധീനത്താൽ സ്വതന്ത്ര ചിന്താഗതി, ശതുക്കളെ പരാജയപ്പെടുത്താനുള്ള ഉപായങ്ങൾ അറിയുന്നവർ, സാഹസിക കർമ്മങ്ങളിൽ ഏർപ്പെടുന്നവർ, തുറന്ന് പ്രകൃതം, മാതാവിനോട് ആഭിമുഖ്യം കൂടുതൽ എന്നിവയും, ദേവത വരുണന്റെ സ്വാധീനത്താൽ ആദർശ ശാലികൾ, ഔദാര്യ ശീലം, സൗഹൃദങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുക തുടങ്ങിയ സ്വഭാവങ്ങളും ഫലം.
ചതയം നക്ഷത്തിന്റെ പ്രത്യേകതകൾ - ഗണം ആസുരം, യോനീ സ്ത്രീ, ഭൂതം ആകാശം, മൃഗം പെൺ കുതിര, പക്ഷി മയിൽ , വൃക്ഷം കടമ്പ്, രജ്ജു കണ്ഠം, അക്ഷരം ഒ, മന്ത്രം യ. ഈ നാളുകാർ ശുഭഫല പ്രാപ്തിക്കായി പതിവായി സർപ്പങ്ങളെയെയും രാഹുവിനേയും ഭജനം നടത്തുന്നത് ഉത്തമമായിരിക്കും. പക്കനാൾ തോറും രാഹു പൂജ നടത്തുന്നതും ഉത്തമം. കുടുംബത്തിലെ സർപ്പക്കാവുകൾ സംരക്ഷിക്കുക, അവിടെ കടമ്പ് വൃഷം വച്ച് പിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാര കർമ്മങ്ങളാണ്. രാശ്യാധിപനായ ശനിയെയും ഇതുപോലെ പ്രീതിപ്പെടുത്തേണ്ടതാണ്. കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതു കൂടുതൽ അനുകൂലമാണ്. " ഓം വരുണായ നമ :" എന്ന് ജപിക്കുന്നതും നന്ന്.
ലേഖകൻ
ശിവറാം ബാബു കുമാർ,
പ്രശാന്തി, നെടുമ്പ്രം ലെയിൻ, പേരൂർക്കട, തിരുവനന്തപുരം. ഫോൺ - 9847187116 , 04712430207 . Email. sivarambabukumar1955@gmail.com