സ്‌കന്ദഷഷ്ഠി പുണ്യവുമായി കിടങ്ങൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം
Mail This Article
കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിവ്രത മഹോത്സവം വളരെ വിപുലമായി കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ഇത്തവണ നവംബര്‍ 2 തുലാം 16 ശനിയാഴ്ചയാണ് സ്‌കന്ദഷഷ്ഠിവ്രതം . ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്കു 12.30 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനു സൗകര്യമുണ്ടാകും. നാലു മണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെയാണു ചടങ്ങുകള്‍ക്കു തുടക്കം. ഉച്ചക്ക് 12.30നാണു ദര്‍ശന പ്രധാനമായ സ്‌കന്ദഷഷ്ഠി പൂജ. രാവിലെ അഞ്ചിന് അഭിഷേകം മലര്‍നിവേദ്യം. തുടര്‍ന്ന് ഉഷഃ പൂജ, എതിര്‍ത്ത പൂജ, ശ്രീബലി, പന്തീരടി പൂജ എന്നിവ നടക്കും. 12ന് നവകാഭിഷേകം, പാലഭിഷേകം, പഞ്ചഗവ്യാഭിഷേകം എന്നിവയോടു കൂടിയ ഷഷ്ഠിപൂജ (ഉച്ചപ്പൂജ ). പഞ്ചാമൃത നിവേദ്യം, വെള്ള നിവേദ്യം, പാല്‍, പഞ്ചാമൃത അഭിഷേകങ്ങള്‍ ഇവയാണ് പ്രധാന വഴിപാടുകള്‍.
ഷഷ്ഠി ദിവസം വ്രതശുദ്ധിയോടെ ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടും നടത്തി ഷഷ്ഠിപൂജയും തൊഴുത് ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം കഴിച്ചാണു വ്രതം പൂര്‍ത്തിയാക്കുന്നത്. ഏറെ പ്രാധാന്യമുള്ള തുലാമാസത്തിലെ സ്‌കന്ദഷഷ്ഠിക്ക് ആയിരക്കണക്കിനു ഭക്തജനങ്ങളാണ് കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിച്ചു തുടങ്ങുന്നവര്‍ സ്‌കന്ദഷഷ്ഠി ദിനത്തിലാണു തുടക്കമിടുന്നത്.
സ്‌കന്ദഷഷ്ഠി വ്രതം
സുബ്രഹ്മണ്യ പ്രീതിക്കായുള്ള വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പൂര്‍ണ്ണഭക്തിയോടെ അനുഷ്ഠിക്കുന്ന സ്‌കന്ദഷഷ്ഠിവ്രതം. ദീര്‍ഘായുസ്, വിദ്യഭ്യാസ അഭിവൃദ്ധി, വിവാഹ സൗഭാഗ്യം, സത്ഗുണ സന്താനലബ്ധി, തീരാ വ്യാധികള്‍ക്ക് മോചനം തുടങ്ങിയവയ്‌ക്കെല്ലാം സ്‌കന്ദഷഷ്ഠി വ്രതം പ്രധാനമെന്നാണു വിശ്വാസം. ഗ്രഹാധിപനായ സുബ്രഹ്മണ്യ സ്വാമിയെ ദര്‍ശിക്കുന്നതു വഴി ചൊവ്വാദോഷമുള്‍പ്പെടെയുളളവയ്ക്കും പരിഹാരമാകുമെന്നു വിശ്വസിക്കപ്പെടുന്നു.
ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠി വ്രതം. സ്‌കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃസന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠിയാണ് ഇതില്‍ ഏറ്റവും പ്രധാനം.
വ്രതാനുഷ്ഠാനം
ഷഷ്ഠിദിനത്തിനു 5 ദിവസം മുന്‍പേ വ്രതം ആരംഭിക്കുക. അതിനു കഴിയാത്തവര്‍ക്ക് തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുകയുമാവാം. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞു ചന്ദനം തൊട്ടശേഷം ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന നിവേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂര്‍ത്തിയാക്കാന്‍. ഷഷ്ഠിദിനത്തില്‍ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്ഠിസ്തുതി ചൊല്ലുന്നതും ഉത്തമമാണ്.
ഐതിഹ്യം
ഉമാമഹേശ്വരന്റെ പുത്രനായ സുബ്രഹ്മണ്യന്‍ താരകാസുര നിഗ്രഹത്തിനു ശേഷം ശൂരപദ്മാസുരനുമായി യുദ്ധം ചെയ്തു . മായാവിയായ അസുരന്‍ സുബ്രഹ്മണ്യനെ മറ്റുള്ളവരുടെ മുന്നില്‍ അദൃശ്യനാക്കി .സ്‌കന്ദനെ കാണാതെ ദുഃഖിതരായ ദേവന്മാരും മാതാവായ പാര്‍വതിദേവിയും തുടര്‍ച്ചയായി ആറു ദിവസം വ്രതമനുഷ്ഠിക്കുകയും തന്മൂലം ശൂരപദ്മാസുരെ മായയെ അതിജീവിച്ച സുബ്രഹ്മണ്യന്‍ തുലാമാസത്തിലെ ഷഷ്ഠിദിനത്തില്‍ അസുരനെ വധിക്കുകയും ചെയ്തു. അതിനാല്‍ തുലാമാസത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.
ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അവിവേകത്തിനു പ്രായശ്ചിത്തമായി സ്‌കന്ദന്‍ ഘോര സര്‍പ്പമായി മാറിയെന്നതാണു മറ്റൊരു ഐതിഹ്യം. പുത്രനെ സ്വരൂപത്തില്‍ തിരികെ ലഭിക്കാന്‍ പാര്‍വതീദേവി അനുഷ്ഠിച്ചതാണത്രെ ഷഷ്ഠിവ്രതം. 108 ാം ഷഷ്ഠവ്രതദിനത്തില്‍ മഹാവിഷ്ണു ഉള്‍പ്പെടെ ദേവന്മാരെല്ലാവരും എത്തി. അന്നു സര്‍പ്പാകൃതിലുള്ള സ്‌കന്ദനെ മഹാവിഷ്ണു സ്പര്‍ശിച്ചപ്പോള്‍ സുബ്രഹ്മണ്യന്‍ സ്വരൂപത്തില്‍ പ്രത്യക്ഷനായി. തമിഴ്‌നാട്ടിലെ സുബ്രഹ്മണ്യത്തു വച്ചാണ് ഇതു നടന്നതെന്നും വിശ്വാസം.