നിലവിളക്കിൽ എത്ര തിരിയിട്ടു ദീപം തെളിക്കണം...?
Mail This Article
പ്രഭാതത്തിലും പ്രദോഷത്തിലും നിത്യവും നിലവിളക്ക് ഭവനത്തിൽ തെളിയിക്കാറുണ്ട്. എന്നാൽ നിലവിളക്കിലെ തിരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ പല അഭിപ്രായങ്ങളും പറഞ്ഞു കേൾക്കാറുണ്ട്. നിലവിളക്കിലെ നാളത്തിന്റെ എണ്ണത്തിൽ ആചാര്യന്മാർ ഒരു ചൊല്ല് പറയാറുണ്ട് .
ഏകവര്‍ത്തിര്‍മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മോഹമാലസ്യം,
ചതുര്‍വര്‍ത്തിര്‍ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം
വർത്തി എന്നാൽ ദീപം, നാളം എന്നൊക്കെയാണ് അർഥം. ഇതനുസരിച്ച് ഒരു നാളം മഹാവ്യാധിയെയും രണ്ടുനാളം ധനവർധനയെയും മൂന്നു നാളം ആലസ്യത്തെയും നാല് നാളം ദാരിദ്ര്യത്തെയും അഞ്ചുനാളമുള്ള ഭദ്രദീപം സർവൈശ്വര്യത്തെയും പ്രദാനം ചെയ്യുന്നു. ഒടുവിൽ രണ്ടുനാളമാണ് ഏറ്റവും ഉത്തമം എന്നും അനുശാസിക്കുന്നു.
കൈകൂപ്പുന്ന രീതിയിൽ രണ്ടു തിരി ചേർത്ത് വേണം ഒരു നാളം ജ്വലിപ്പിക്കാൻ . ഇതനുസരിച്ച് ഭവനത്തിൽ ദീപം തെളിക്കുമ്പോൾ നാലുതിരിയിട്ടു രണ്ടു നാളം വരത്തക്കവിധത്തിലാവണം എന്നാണ് ചിട്ട. രണ്ടു നാളമെങ്കിൽ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ ഈശാനകോണായ വടക്കുകിഴക്കേമൂലയിലേക്കും നാളം വരും വിധമാകണം ക്രമീകരിക്കേണ്ടത്. നിത്യവും രണ്ടു നാളങ്ങളും വിശേഷദിനങ്ങളിൽ അഞ്ചു തിരിയിട്ടും വിളക്ക് കൊളുത്തുന്ന പതിവുണ്ട്.
വിളക്ക് തെളിക്കാൻ നല്ലെണ്ണയാണ് ഉത്തമം. നെയ്യ് അത്യുത്തമം. വെളിച്ചെണ്ണയുപയോഗിച്ചു വിളക്ക് തെളിക്കുന്നതിലും തെറ്റില്ല. തൂത്തുവാരി തളിച്ച ശേഷമേ നിലവിളക്ക് തെളിക്കാവൂ . നിലവിളക്കിനു മുന്നിൽ പുഷ്പങ്ങൾ , ചന്ദനത്തിരി , വാൽക്കിണ്ടിയിൽ ശുദ്ധജലം എന്നിവ വയ്ക്കണം. ഭഗവാന് സമർപ്പിച്ച ഈ ശുദ്ധജലം വീട്ടിനുള്ളിലോ വീടിനു ചുറ്റുമോ തളിക്കുന്നത് ഉത്തമമെന്നു പറയപ്പെടുന്നു.
വിളക്ക് കൊളുത്തുമ്പോൾ ജപിക്കേണ്ട മന്ത്രം.
ചിത് പിംഗല ഹന ഹന
ദഹ ദഹ പച പച
സർവജ്ഞാ ജ്ഞാപയ സ്വാഹ
ദീപം കണ്ടു തൊഴുമ്പോൾ ജപിക്കേണ്ട മന്ത്രം.
ശിവം ഭവതു കല്യാണമായുരാരോഗ്യവർധനം
മമ ബുദ്ധി പ്രകാശായ ദീപജ്യോതിർ നമോനമഃ
English Summery : How Many Thiri in Nilavilakku