വിളിച്ചാൽ വിളിപ്പുറത്തെത്തും ചോറ്റാനിക്കര ദേവി , വിശ്വാസങ്ങൾ ഇങ്ങനെ
Mail This Article
ജഗദ്ഗുരു ശങ്കരാചാര്യരോടൊപ്പം കേരളത്തിലേക്ക് പുറപ്പെട്ട മൂകാംബികാ ദേവി ഒരു കാര്യം മാത്രം ശങ്കരനോട് ആവശ്യപ്പെട്ടു ഒരു കാരണവശാലും തിരിഞ്ഞു നോക്കരുത് മുന്നോട്ടു നടന്നോളണം. എന്നാൽ കുറേ ദൂരം കഴിഞ്ഞപ്പോൾ ദേവിയുടെ കാൽ ചിലമ്പിന്റെ ശബ്ദം കേൾക്കാതെയായി ശങ്കരൻ തിരിഞ്ഞു നോക്കി. വാക്ക് തെറ്റിച്ചതിനാൽ താൻ ഇനി മുന്നോട്ട് ഇല്ല എന്ന് ദേവി അരുളിചെയ്തു. എന്നാൽ ശങ്കരന്റെ അപേക്ഷ മാനിച്ച് നിത്യവും രാവിലെ ചോറ്റാനിക്കരയിൽ തന്റെ സാന്നിദ്ധ്യം ഉണ്ടാകും എന്ന് ഭഗവതി അനുഗ്രഹിച്ചു. ഇന്നും ആ വിശ്വാസം നിലനിൽക്കുന്നു.
പശുവിന് തീറ്റയ്ക്കായി പുല്ലരിയാൻ വന്ന ഒരു സ്ത്രീ അരി വാളിന് മൂർച്ച കൂട്ടാനായി ഒരു കല്ലിൽ തേച്ചപ്പോൾ അതിൽ നിന്നും രക്തം ഒഴുകിയത്രേ അത് കണ്ട് ഭയന്ന ആ സ്ത്രീ അലറി വിളിക്കുകയും സ്ഥലമുടമ അവിടെ എത്തിച്ചേരുകയും അത് ദേവീ ചൈതന്യമുള്ള ശിലയാണ് എന്ന് മനസ്സിലാക്കി വീട്ടിൽ ചെന്ന് കുറച്ച് മലര് എടുത്തുകൊണ്ടു വന്ന് ചിരട്ടയിൽ നേദിച്ചു എന്നുമാണ് ഐതീഹ്യം. ഇന്ന് കാണുന്ന പവിഴമല്ലി ത്തറയിലാണ് ആദ്യം ശില ഉണ്ടായിരുന്നതെന്നും വസ്തു സംബന്ധമായി മറ്റൊരാൾ അവകാശം ഉന്നയിച്ചു എന്നും ആ രാത്രി തന്നെ സ്വയം ദേവി അവിടെ നിന്നും മാറി ഇരുന്നു എന്നും വിശ്വസിക്കുന്നു. മേൽക്കാവ് ക്ഷേത്രം ഇങ്ങനെയാണ് ഉണ്ടായത്. ദുർഗയാണ് ഭഗവതി. സാത്വിക ഭാവമാണ്.
വില്വമംഗലം സ്വാമി ക്ഷേത്രത്തിൽ നിന്നും മുങ്ങി എടുത്ത് പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവിൽ ഭദ്രകാളിയെ, ഭദ്രകാളി രൗദ്ര ഭാവത്തിലാണ്. അതിനാൽ നിത്യവും അത്താഴ ശീവേലി കഴിഞ്ഞ് ഇവിടെ ഗുരുതി നടക്കുന്നു. കീഴ്ക്കാവിൽ ഭഗവതി പടിഞ്ഞാറോട്ട് ദർശനമായാണിരിക്കുന്നത്.
ഏതു ഒഴിയാബാധയും ചോറ്റാനിക്കര ഭഗവതിയുടെ മുന്നിലെത്തിയാൽ ഉറഞ്ഞു തുള്ളി സത്യം ചെയ്തു ഒഴിഞ്ഞു പോകും. എല്ലാ വെള്ളിയാഴ്ചകളിലും ഇന്നും ചോറ്റാനിക്കരയിൽ ഇത് പതിവ് കാഴ്ചയാണ്. കീഴ്ക്കാവിലെ പാലമരത്തിലും മറ്റും തറച്ചിരിക്കുന്ന ആണികൾ അതിനുള്ള തെളിവാണ്.
രാവിലെ നിത്യവും 4 ന് നട തുറക്കും. 12.30 നു ഉച്ചയ്ക്കു നട അടയ്ക്കും. വൈകിട്ട് 4 ന് നടതുറക്കും. 8ന് ശീവേലി കഴിഞ്ഞ് മേൽക്കാവ് അടച്ചശേഷം മേൽശാന്തിയാണ് താഴെ ഗുരുതി നടത്തുന്നത്. ഗുരുതി ഏതാണ്ട് 10 മണിയോടെ അവസാനിക്കും. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇന്ന് ക്ഷേത്രം. തൃപ്പൂണിത്തുറ പുലയന്നൂർ നമ്പൂതിരിപ്പാടും തൃശ്ശൂർ എളവള്ളി പുലിയന്നൂർ നമ്പൂതിരിപ്പാടും ഒന്നിടവിട്ടുള്ള വർഷങ്ങളിൽ തന്ത്രിമാരാകും.
കുംഭമാസത്തിൽ രോഹിണി നാളിൽ കൊടി കയറി ഉത്രം ആറാട്ടോടുകൂടി അവസാനിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവമാണിവിടെ. നിത്യവും പ്രത്യേകം ആറാട്ടുണ്ട്. പണ്ട് ഏഴ് ദേശക്കാർ ഓരോ ദിവസവുമായി വേറെ വേറെ പരിപാടികളാണ് നടത്തിയിരുന്നത്. അന്ന് ഓരോ ദിവസവും ഓരോ ഗ്രാമക്കാർക്കു വേണ്ടി നടത്തുന്ന ഉത്സവത്തിന് അങ്ങനെ നിത്യവും ആറാട്ടും ഉണ്ടായിരുന്നത് ഇപ്പോഴും തുടരുന്നു. ഇവിടെ അതിവിശേഷമായ ദിവസമാണ് മകം തൊഴല്‍. കുംഭമാസത്തിലെ മകം നക്ഷത്രദിവസം മിഥുനം ലഗ്നസമയത്താണ് വില്വമംഗലം സ്വാമി ദേവിയെ ദർശിച്ചത് എന്നാണ് വിശ്വാസം. ആ സമയത്ത് തന്നെ ആണ് ഇന്നും ഉച്ചപൂജ കഴിഞ്ഞ് നട അടച്ചശേഷം പിന്നീട് രണ്ട് മണിക്ക് നട തുറക്കും. സർവാഭരണങ്ങളും സർവാലങ്കാരങ്ങളോടും കൂടി ഇരിക്കുന്ന ദേവിയെ ഒരു നോക്ക് കണ്ട് തൊഴാനായി ഭക്തർ വന്നു ചേരുന്നു. അവിവാഹിതകളുടെ വിവാഹം നടക്കാനും വിവാഹിതകൾക്ക് സല്‍പുത്രഭാഗ്യമുണ്ടാകാനും ദീർഘസുമംഗലിയാകാനും മകം തൊഴൽ വിശേഷം എന്ന് കരുതപ്പെടുന്നു. പൂരം നക്ഷത്ര ദിവസം പുരുഷന്മാർക്കുള്ളതാണ്. അന്ന് ദേവിയെ കീഴ്ക്കാവിൽ എഴുന്നള്ളിച്ച് പൂരപ്പറമ്പിലേക്ക് ആനയിക്കുന്നു. ചോറ്റാനിക്കര ദേവീ, കീഴ്ക്കാവിൽ ദേവി, ഓണക്കൂർ ദേവി, കുഴേറ്റിൽ ദേവി ഇങ്ങനെ നാല് ദേവികളും വിഷ്ണുവിന്റെ രണ്ടു രൂപത്തിലുള്ള തിടമ്പും ശാസ്താവിന്റെ തിടമ്പും എഴുന്നള്ളിക്കുന്നു.
ശ്രീകോവിലിൽ മഹാവിഷ്ണു, ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുണ്ട്. നാലമ്പല ത്തിനുള്ളിൽ വടക്കു കിഴക്കേ മൂലയിൽ ഒരു ശാസ്താ പ്രതിഷ്ഠയുണ്ട്. പൂർണ്ണ, പുഷ്ക്കല എന്ന രണ്ട് ഭാര്യമാരോട് ചേർന്നുള്ള ശാസ്താവാണിവിടെ നാലമ്പലത്തിനു പുറത്ത് ശിവനും നാഗവും ഉപദേവതമാരാണ്.
ശബരിമലയും ഗുരുവായൂരും കഴിഞ്ഞാൽ കേരളത്തില്‍ ഏറ്റവും അധികം ഭക്തന്മാർ എത്തുന്ന ക്ഷേത്രമാണിത്. എറണാകുളം ജില്ലയിലെ ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ്. ക്ഷേത്രത്തിന് മുന്നിൽ തന്നെ ബസ് സ്റ്റോപ്പുണ്ട്. എറണാകുളത്ത് നിന്നും ചോറ്റാനിക്കരയ്ക്ക് ബസുണ്ട്. ശബരിമലയ്ക്കു പോകുന്നവർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടാണ് മലയ്ക്കു പോകുന്നത്. മേൽക്കാവിൽ മഹാലക്ഷ്മിയും മഹാ വിഷ്ണുവും ഉള്ളതിനാല്‍ അമ്മേ നാരായണ ലക്ഷ്മീനാരായണ എന്ന് പ്രാർഥിക്കുന്നത് ഇതു കൊണ്ടാണ്. രാവിലെ സരസ്വതിയും ഉച്ചയ്ക്കു ലക്ഷ്മിയും വൈകിട്ട് ദുർഗയുമാണ് ഇവിടെ സങ്കൽപം.
ക്ഷേത്രവളപ്പിലെ പവിഴമല്ലിത്തറയിൽ ദേവിചൈതന്യം ആദ്യം കണ്ട സ്ഥലത്ത് പ്രാർഥിച്ചാൽ സാമ്പത്തിക ബാധ്യതകൾ ഒഴിഞ്ഞ് ഐശ്വര്യം വരും എന്നാണ് വിശ്വാസം.
വെട്ടുകല്ലില്‍ തടയും മുഴയും ഉള്ള ശിലയാണ് ദേവീ വിഗ്രഹം. ഒന്നരകോലോളം ഉയരം ഉണ്ട്. കിഴക്കോട്ടാണ് ദർശനം. ഇതിന്റെ മുന്നിലാണ് സ്വർണ്ണഗോളക വയ്ക്കുന്നത്. വെട്ടുകല്ലിനെ തന്നെയാണ് രുദ്രാക്ഷശില എന്ന് പറയുന്നത്. ഇതിനോട് ചേർന്ന് കൃഷ്ണ ശിലയിൽ മറ്റൊരു നാരായണ വിഗ്രഹം ഉണ്ട്. ലക്ഷ്മീ നാരായണ എന്ന് പറയുന്നത് അതുകൊണ്ടാണ് കാലത്ത് വെള്ളയും ഉച്ചയ്ക്കു ചുവന്നതും വൈകുന്നേരം നീലയും വസ്ത്രമാണ് ദേവിയെ ചാർത്തുന്നത്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : Significance of Chottanikkara Temple