പിറന്നാൾ ദിനത്തിൽ അനുഷ്ഠിക്കേണ്ട സവിശേഷ ചടങ്ങ്
Mail This Article
ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ വിശേഷപ്പെട്ട ദിനമാണ് പിറന്നാൾ. മുതിർന്നവരുടെ പിറന്നാൾ ആഘോഷിക്കുമെങ്കിലും മക്കളുടെ അഥവാ കുട്ടികളുടെ പിറന്നാൾ ഏറെ പ്രത്യേകത നിറഞ്ഞതായിരിക്കും. ഋഗ്വേദത്തിൽ പിറന്നാൾ ദിനത്തിൽ കുട്ടികളെ അനുഗ്രഹിക്കുവാൻ ഒരു മന്ത്രം ഉണ്ട് . മക്കളുടെ ആയുരാരോഗ്യസൗഖ്യത്തിന് ഈ മന്ത്രം ജപിച്ചുകൊണ്ടു മൂന്നു തവണ ആരതി ഉഴിയുന്നത് ഉത്തമം എന്നാണ് വിശ്വാസം.
നിലവിളക്കു കൊളുത്തി അതിനരികിലായി കിഴക്കോട്ടു ദർശനമായി വേണം കുട്ടിയെ നിർത്താൻ. ബ്രഹ്മമുഹൂർത്തം ശ്രേഷ്ഠം. അതിനുശേഷം പുത്രൻ /പുത്രി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം എന്നാണ് ചിട്ട.
'ഓം ശതം ജീവ ശരദോ വർധമാന:
ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ
ശതായുഷാ ഹവിഷേമം പുനർദു:'
അർഥം -
സർവൈശ്വര്യത്തോടു കൂടി നൂറു ശരത്കാലങ്ങളും നൂറു ഹേമന്തങ്ങളും നൂറു വസന്തകാലങ്ങളും താണ്ടി നൂറു വർഷക്കാലം ജീവിക്കട്ടെ.
ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി നൂറുവർഷക്കാലം ജീവിക്കാൻ അനുഗ്രഹിക്കണേ എന്ന് ഇന്ദ്രൻ, അഗ്നി, സവിതാവ് (സൂര്യൻ), ബൃഹസ്പതി എന്നിവരോട് പ്രാർഥിക്കുന്നു.
പിറന്നാൾ ദിനത്തിൽ പേരിലും നാളിലും ശിവഭഗവാന് ധാര സമർപ്പിക്കുന്നതും ഭവനത്തിൽ പാൽപ്പായസം ഉണ്ടാക്കി വിതരണം ചെയ്യുന്നതും സദ്‌ഫലം നൽകും. ധാരയ്ക്കു ശേഷം പ്രസാദമായി ലഭിക്കുന്ന പായസം കഴിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തെ പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. പിറന്നാൾ സദ്യ ആദ്യം പിറന്നാളുകാരനു നൽകണം. ഉണ്ണുന്നതിനു മുൻപു നിലവിളക്കിനു മുന്നിൽ തൂശനില ഇട്ടു സദ്യവട്ടങ്ങൾ ഭഗവാന് സമർപ്പിക്കുന്നു എന്ന സങ്കൽപ്പത്തിൽ വിളമ്പണം. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ പിറന്നാൾ വന്നാൽ ശുഭമെന്നും മറ്റുള്ള ദിനങ്ങളിൽ വന്നാല്‍ അശുഭം എന്നും പറയപ്പെടുന്നു. ദോഷ ശാന്തിക്കും ശുഭഫലത്തിനും ഗായത്രി മന്ത്രജപം ഉത്തമമാണ്.
English Summary : Birthday Rituals for Good Luck