വെറുതെയല്ല വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്
Mail This Article
ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിർത്തി ചിട്ടയായ ജീവിതരീതിയിൽ ജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുക എന്ന സദുദ്ദേശ്യമാണ് വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലുളളത്. ആഴ്ചയിലെ ഏഴു ദിവസത്തിൽ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകൾക്കും സമർപ്പിതമാണ്.
ഞായറാഴ്ച വ്രതം
ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം നോൽക്കുന്നത്. എന്നാൽ സൂര്യന്‍ ഗ്രഹനായകനായതു കൊണ്ട് വീട്ടമ്മമാർ ഭർത്താക്കന്മാർക്കും കുടുംബത്തിനും ഐശ്വര്യം ഉണ്ടാക്കാൻ വ്രതം എടുക്കാറുണ്ട്. വ്രതം നോല്‍ക്കുന്നവർ അന്ന് എണ്ണതേച്ചു കുളിക്കുകയോ മാംസാഹാരങ്ങൾ കഴിക്കുകയോ ചെയ്യരുത്. ഉപ്പും വർജ്യമാണെന്നു പറയുന്നുണ്ട്. ഈ ദിവസം സൂര്യക്ഷേത്രത്തിൽ തൊഴുന്നത് ഉത്തമമാണ്.
തിങ്കളാഴ്ച വ്രതം
ഏവർക്കും കൂടുതൽ പരിചയമുളള വ്രതങ്ങളിൽ ഒന്നാണ് തിങ്കളാഴ്ച വ്രതം. ശിവപ്രീതിക്കാണ് ഈ വ്രതം നോൽക്കുന്നത്. മംഗല്യസിദ്ധിക്കായി കന്യകമാർ നോൽക്കുന്നതാണ് തിങ്കളാഴ്ച വ്രതം. ചിങ്ങത്തിൽ ഈ വ്രതം നോൽക്കുന്നത് അത്യുത്തമമായി കാണുന്നു. ഇതു കൂടാതെ മംഗല്യവതികളായ സ്ത്രീകളും ഭർത്താവിന്റെയും പുത്രന്റെയും ഐശ്വര്യത്തിനും തിങ്കളാഴ്ച വ്രതം നോൽക്കാറുണ്ട്.
ചൊവ്വാഴ്ച വ്രതം
ദേവീപ്രീതിക്കായി നടത്തുന്ന വ്രതമാണ്. ജാതകത്തിൽ ചൊവ്വാ ദോഷമുളളവർ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം എന്നാണ് പറയുന്നത്. ചൊവ്വ, വെളളി ദിവസങ്ങളിൽ വ്രതമെടുക്കുന്നവർ ലളിതാസഹസ്രനാമം ജപിക്കുന്നതും ദേവിക്ക് രക്തപുഷ്പാഞ്ജലി കഴിക്കുന്നതും ശ്രേഷ്ഠമായി കരുതുന്നു.
ബുധനാഴ്ച വ്രതം
വിദ്യാലാഭ സിദ്ധിക്ക് ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമായി പറയുന്നു. ബുധഗ്രഹത്തിനാണ് ഈ വ്രതനാളിൽ പ്രാധാന്യം. ബുധപൂജ ചെയ്യുന്നതും ഐശ്വര്യപ്രദമാണ്. കൂടാതെ ദാനധർമ്മങ്ങൾക്കും വിശേഷപ്പെട്ട ദിവസമാണ്.
വ്യാഴാഴ്ച വ്രതം
വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. വ്യാഴം ദശാകാലമുളളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ശ്രേയസ്സിനു കാരണമാകുന്നു. വിഷ്ണു ക്ഷേത്രത്തിൽ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കു ന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്. ഒരിക്കലൂണോടെ വേണം വ്രതം നോൽക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോൽക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂർത്തിയാണ് ഭഗവാൻ ശ്രീഹരിവിഷ്ണു.
വെളളിയാഴ്ച വ്രതം
അന്നപൂർണേശ്വരി, മഹാലക്ഷ്മി എന്നിവർക്കായിട്ടാണ് വെളളിയാഴ്ച വ്രതം കൂടുതലായി എടുക്കുന്നത്. മംഗല്യസിദ്ധിക്കും ധനധാന്യസമ്പൽ സമൃദ്ധി ക്കുമാണ് സ്ത്രീകൾ ഈ വ്രതം അനുഷ്ഠിക്കേണ്ടത്. സ്ത്രീകൾ ഈ ദിവസം ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അത്യുത്തമമാണ്. പന്ത്രണ്ട് വെളളിയാഴ്ച ദേവിക്ക് സ്വയംവരാർച്ചന നടത്തുന്നതു മംഗല്യസിദ്ധിയുണ്ടാകാൻ ഉത്തമമാണ്. ശുക്രദശാകാലം ഉളളവര്‍ വെളളിയാഴ്ച വ്രതം അനുഷ്ഠിക്കണം.
ശനിയാഴ്ച വ്രതം
ശനി മാറാൻ ശനിയാഴ്ച വ്രതം നോൽക്കണം. ശനിദശാകാലമുളളവർ മുഖ്യമായും ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതായി പറയപ്പെടുന്നു. ശാസ്താവിനും ശനിദേവനുമാണ് ഈ വ്രതം സമർപ്പിക്കുന്നത്. ശാസ്ത്രാക്ഷേത്രങ്ങളിൽ എളളുതിരി കത്തിക്കുന്നതും നീരാഞ്ജനം നടത്തുന്നതും ഉത്തമമാണ്.
English Summary : Different Types of Vratham and its Benefits