ADVERTISEMENT

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും പ്രതീകമാണ് നിറപറ. ഉത്സവനാളുകളിലാണ് പറയ്‌ക്കെഴുന്നെള്ളിപ്പ് നടത്താറുള്ളത്. ഭക്തർ ദേവപ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണിത്. ക്ഷേത്ര സന്നിധിയിൽ ദേവനു മുന്നിൽ പറയിടുന്നതിനെ തിരുമുമ്പിൽ പറയിടീൽ എന്ന് പറയുന്നു. കൂടാതെ വീടുകൾ തോറും പറയെടുക്കാൻ ക്ഷേത്രത്തിൽ നിന്നു പോവുന്ന ഒരു രീതിയും ഉണ്ട്. ദേവനെ മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിച്ചാണ് വീടുകളിൽ പറയിടാൻ എത്തുന്നത്.

 

ജന്മ നാളിലെ ദോഷം തീരാനും വീടിന് ഐശ്വര്യവും സമ്പത്സമൃദ്ധിയുമുണ്ടാകാനാണ് പറയിടീൽ വഴിപാട് നടത്തുന്നത്. നെൽപറയാണ് കൂടുതലായി വയ്‌ക്കുന്നതെങ്കിലും അവിൽ, മലർ, മഞ്ഞൾ, പഴം, ശർക്കര തുടങ്ങിയ വസ്‌തുക്കളും പറ നിറയ്ക്കാൻ വയ്ക്കാറുണ്ട്. ഓരോ ക്ഷേത്രത്തിലും അവിടുത്തെ പ്രതിഷ്‌ഠയുടെ സ്വഭാവമനുസരിച്ചാണ് ആചാരങ്ങൾ നടത്തപ്പെടുന്നത്. 

 

ഒരു പറയാണ് നിറയ്ക്കുന്നതെങ്കിൽ പറവഴിപാട് എന്നും അഞ്ച് പറയാണ്  വയ്ക്കുന്നതെങ്കിൽ അയിമ്പറ അല്ലെങ്കിൽ അൻപൊലി എന്നും പറയാറുണ്ട്. നെല്ലുൾപ്പെടെ അവിൽ, മലർ, ശർക്കര, പഴം തുടങ്ങിയവയാണ് അയിമ്പറയിൽ ഉൾപ്പെടുന്നത്. കൂടാതെ എള്ളും നാളികേരവും വയ്ക്കാറുണ്ട്. പുതിയ വീടു വച്ചാൽ വീട്ടിലൊരു അയിമ്പറ നടത്തണം എന്നൊരു പതിവുണ്ട്. ഗൃഹത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകാനാണ് ഈ ചടങ്ങ് നടത്തുന്നത്. ആഗ്രഹപൂർത്തീകരണത്തിനും ഭക്തർ വഴിപാടായി അൻപൊലി നടത്താറുണ്ട്. 

 

പറയിൽ നിറയ്ക്കുന്ന ഓരോ വസ്‌തുക്കൾക്കും ഓരോ ഗുണങ്ങൾ പറയാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് നെൽപറ. കുടുംബത്തിൽ ഐശ്വര്യവും ഉയർച്ചയും ഉണ്ടാകാനാണ് നെൽപറ വയ്ക്കുന്നത്. ശത്രുദോഷം മാറുന്നതിനു വേണ്ടിയാണ് ശർക്കര പറ വയ്ക്കുന്നത്. ദാരിദ്ര്യം മാറുന്നതിന് അവിൽ പറയും രോഗശമനത്തിനു മലർ പറയും രാഹുർ ദോഷം മാറുന്നതിന് എള്ള് പറയും നിറയ്ക്കുന്നു. കാർഷിക അഭിവൃദ്ധിക്കാണ് പഴം പറ വയ്ക്കുന്നത്. മംഗല്യ ഭാഗ്യത്തിനും ഭർത്താവിന്റെ ദീർഘായുസ്സിനും വേണ്ടിയാണ് മഞ്ഞൾ പറ ഇടുന്നത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മഞ്ഞൾ പറ.  വളരെ അപൂർവ്വമായി കാണുന്ന പൂവ് പറ മാനസിക ദുരിതങ്ങൾ മാറുന്നതിനു വേണ്ടിയാണ് നടത്തുന്നത്. ധനസമൃദ്ധിക്കായി നടത്തുന്ന പറയാണ് നാണയപ്പറ. കാര്യതടസ്സങ്ങൾ മാറാനാണ് നാളികേരം കൊണ്ടുള്ള പറ നടത്തുന്നത്. 

English Summary : Nirapara Offering for Wealth and Prosperity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com