കുടുംബത്തിൽ തിരുവാതിര നാളുകാർ ഉണ്ടോ? എങ്കിൽ
Mail This Article
തിരുവാതിര നക്ഷത്രജാതർ അനവധി വിഷയങ്ങളിൽ പരിജ്ഞാനമുളളവരും ധനസമ്പാദനത്തിൽ അതീവ ശ്രദ്ധാലുക്കളുമാണ്. ഇവർ പൊതുവേ പരസ്യമായി സംസാരിക്കുന്നവരും സഹൃദയരുമാണ്. ഏതു കാര്യത്തിനും യുക്തിയുക്തമായി വാദിക്കുകയും എല്ലാ ആളുകളുമായി ഇടപഴകി ജീവിക്കുന്നവരുമാണ്. ബുധന്റെ രാശ്യാധിപത്യമാണ് ഇതിനു കാരണം. ദുർവാശിയും ദുരഭിമാനവും കൂടുതലുളളതിനാൽ അർഹിക്കുന്ന സ്ഥാനമാനങ്ങൾ ഇവർക്കു ലഭിക്കുകയില്ല. ഒന്നിലും സ്ഥിരതയില്ലായ്മ ബുധന്റെ സ്വഭാവമാണ്.
ഈ നക്ഷത്രത്തിൽ ജനിച്ചവർ ചഞ്ചല ചിത്തരും സഹനശക്തി കുറവുളളവരും ആയിരിക്കും. തന്റെ ആശയങ്ങളോട് മറ്റുളളവർ യോജിക്കുന്നില്ല എന്നു കണ്ടാൽ ഇവർ വിരോധം പ്രകടിപ്പിക്കും. ജീവിതവും പെരുമാറ്റവും മാറി മറിഞ്ഞുകൊണ്ടേയിരിക്കും. ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കുറവായിരിക്കും. ഭാഗ്യാധിപനായ ശനിയുടെ അഷ്ടമാധിപത്യമാണ് ഇതിനു കാരണം. ശനിയുടെ അഷ്ടമാധിപത്യം ആയുസിനു ഗുണകരമാണ്. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുളള കഴിവ് ഉണ്ടായിരിക്കും.
ഏതു കാര്യത്തിലും രണ്ട് അഭിപ്രായം പ്രകടിപ്പിക്കും. അഭിപ്രായമാറ്റം മൂലം ഒരു കാര്യവും തീർത്ത് പറയുകയില്ല. രാഹുവിന്റെ നക്ഷത്രാധിപത്യം മൂലം വാക്കുകൾ മൂർച്ചയുളളതായിരിക്കും. തിരുവാതിര നക്ഷത്രജാതനെ മനസ്സിലാക്കാത്ത പങ്കാളിയാണെങ്കിൽ വിവാഹജീവിതം നരകതുല്യമായിരിക്കും. ഈ നക്ഷത്രജാതർക്ക് ബുദ്ധിയും വാചാലതയും ഉളളതിനാൽ വാദപ്രതിവാദങ്ങളിൽ തക്ക മറുപടി നൽകും. പ്രശംസ ഇഷ്ടപ്പെടുന്ന ഇവർ തന്റെ കഴിവുകൾ മറ്റുളളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും തല്പരരായിരിക്കും. കഴിവുണ്ടെങ്കിലും അശ്രദ്ധ കൂടുതലുളള ഇവരെ അന്യർ ചൂഷണം ചെയ്യും. തന്നെ എതിർക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലർത്തും. തരംകിട്ടുമ്പോൾ പകരം വീട്ടുകയും ചെയ്യും. തനിയ്ക്കറിയാവുന്ന കാര്യങ്ങൾ മറ്റുളളവരെ പറഞ്ഞു മനസ്സിലാക്കാനുളള കഴിവ് ഇവർക്കുണ്ട്. നക്ഷ്രത്രാധിപനായ രാഹുവിന് ഇഷ്ടസ്ഥിതിയെങ്കിൽ എതിർപ്പുകളെ അതിജീവിക്കുവാനുളള തന്റേടവും മനോധൈര്യവും പ്രകടിപ്പിക്കും.
ഈ നക്ഷത്രക്കാർക്ക് ബാല്യകാലത്ത് തുടർച്ചയായി രോഗപീഡകളുണ്ടാവാൻ ഇടയുണ്ട്. 10 മുതൽ 26 വരെയുളള കാലം പൊതുവേ നന്നായിരിക്കും. മെച്ചമായ വിദ്യാഭ്യാസം തൊഴിൽ ഇവയ്ക്കു സാദ്ധ്യതയുണ്ട്. 26 മുതൽ 45 വരെ സ്വജനങ്ങളിൽ നിന്ന് അകന്ന് ബുദ്ധിമുട്ടി കഴിയേണ്ടിവരും. ഇക്കാലത്ത് സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും കുടുംബജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകും. 46 മുതൽ 62 വരെ കാലം ഗുണദോഷസമ്മിശ്രമായിരിക്കും. 63 മുതൽ 70 വയസുവരെയുളള കാലം അപകടങ്ങൾ, മുറിവു ചതവുകൾ, രോഗബാധ തുടങ്ങിയവയുണ്ടാകും. എഴുപതിനുശേഷം ശാന്തവും സന്തോഷപ്രദവുമായ ജീവിതം പ്രതീക്ഷിക്കാം. പക്ഷെ സ്വജനങ്ങളിൽ നിന്ന് അകന്നു കഴിയാനുളള സാഹചര്യം ഉണ്ടാവും.
English Summary :Thiruvathira Birth Star Characteristics