ADVERTISEMENT

ഹൈന്ദവ സങ്കൽപ പ്രകാരം  ത്രിമൂർത്തികളിൽ ഒന്നായ മഹാവിഷ്ണു സംരക്ഷകനായാണ് സങ്കല്പിക്കപ്പെടുന്നത്. വിഷ്ണു എന്ന വാക്കിനർഥം വ്യാപിക്കുക എന്നാണ്. സർവവ്യാപിയാണ് ഭഗവാൻ. ഒരു പരിധികളില്ലാതെ സർവതിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയപ്പെടുന്നത് . തൂണിലും തുരുമ്പിലും ഭഗവാൻ കുടികൊള്ളുന്നു എന്ന് പ്രഹ്ലാദന്റെ കഥയിൽ വ്യക്തം.

നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തി ലക്ഷ്മീസമേതനായ ഭഗവാനെ ഭജിക്കുന്നതിലൂടെ സർവ ആധിയും വ്യാധിയും ഒഴിഞ്ഞുപോകും എന്നാണ് പറയപ്പെടുന്നത്. നിത്യവും ഭജിക്കാൻ സാധിക്കാത്തവർക്ക്  മഹാവിഷ്ണുവിന് പ്രധാനമായ വ്യാഴാഴ്ചകളിൽ ജപിക്കാവുന്നതാണ്. 108 തവണ ജപിക്കുന്നതാണ് ഉത്തമം. 

നിത്യവും കുറഞ്ഞത് 4 തവണയെങ്കിലും ഭക്തിയോടെ ജപിക്കാവുന്നതാണ്.  പ്രഭാതത്തിലോ പ്രദോഷത്തിലോ നിത്യവും ഭജിച്ചു പോന്നാൽ കലിദോഷങ്ങൾ അകലും. ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മനോധൈര്യം ഉണ്ടാകുകയും ചെയ്യും.

ഭഗവൽ സ്വരൂപം  വർണിക്കുന്ന  വിഷ്ണു സ്തോത്രം ആണ് ഇതിൽ പ്രധാനം. അർഥം മനസ്സിലാക്കി ഭഗവദ് രൂപം മനസ്സിൽ സങ്കൽപിച്ച് ഭക്തിപൂർവം ജപിക്കുക. നിത്യവും കൃത്യനേരം പാലിച്ചുകൊണ്ട് ജപിക്കുന്നത് സവിശേഷഫലദായകമാണ്.

 

വിഷ്ണു സ്തോത്രം

 

'ശാന്താകാരം ഭുജഗശയനം 

പത്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം 

മേഘവർണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം'

 

അർഥം:

ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ  അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള  കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ  മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

English Summary : Most Powerful Vishnu Stothram for Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com