പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർ ഗുരുക്ഷേത്രം സന്ദർശിച്ച് ഈ വഴിപാടുകൾ നടത്തിയാൽ ഫലം ഏറെ!
Mail This Article
തമിഴ്നാട്ടിലെ കുംഭകോണത്തിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലെ തിരുവാരൂർ ജില്ലയിലെ ആലങ്കുടിയിലാണ് ഗുരുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആപത്ത് സഹായേശ്വരർ എന്ന പേരിൽ പരമശിവനും ഇളവർകുഴലി എന്ന പേരിൽ പാർവതീ ദേവിയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഏഴാം നൂറ്റാണ്ടിലാണീ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് അഞ്ച് ഗോപുരങ്ങളുണ്ട്. പ്രവേശന കവാടത്തിൽ കളങ്കം ഏൽക്കാത്ത വിനായകരെ തൊഴുത്, ധ്വജസ്തംബത്തിനടുത്തുള്ള വിഗ്നേശ്വരനെ തൊഴുത്, അമ്മനെയും തൊഴുത്ത് വേണം ദക്ഷിണാമൂർത്തി അഥവാ ഗുരു സന്നിധിയിലെത്താൻ. രാവിലെ ആറുമണി മുതൽ വൈകിട്ട് ഒമ്പത് മണി വരെ നിത്യവും ആറ് പൂജകളാണ്. തിങ്കൾ, വെള്ളി, അമാവാസി, പൗർണമി, പ്രദോഷം, വിനായക ചതുർത്ഥി, സ്കന്ദഷഷ്ടി, ആടിപൂരം, നവരാത്രി, കാർത്തികവിളക്ക്, തൈപ്പൂയം, മകം, പൈങ്കുനി ഉത്രം തുടങ്ങിയവ ഇവിടെ വിശേഷ ദിവസങ്ങളാണ്. ഏപ്രിൽ-മെയ് മാസത്തിലാണ് (ചിത്തിരൈമാസ) ബ്രഹ്മോത്സവം നടക്കുന്നത്.
നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഓരോ വർഷവും വ്യാഴം ഓരോ രാശിയും മാറി സഞ്ചരിക്കുന്നതനുസരിച്ച് ഓരോ നക്ഷത്രത്തിനും ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷം അനുശാസിക്കുന്നത്. ഗ്രഹദോഷ പരിഹാരങ്ങൾ ചെയ്തു കഴിഞ്ഞാൽ വ്യാഴ ദശാകാലം മെച്ചമാകാനും വ്യാഴ അനുകൂലം നേടാനാകും എന്നാണ് വിശ്വാസം. സന്താനകാരകനായ വ്യാഴം ജ്ഞാനത്തിന്റെ അധിപനുമാണ്. അതുകൊണ്ട്തന്നെ സന്താന ഭാഗ്യത്തിനും നല്ല അറിവുണ്ടാകാനും ഇവിടെ ദർശനം നടത്തി വഴിപാടുകൾ കഴിക്കാം.
പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാരുടെ ദശാനാഥൻ വ്യാഴമായതിനാൽ ഈ നക്ഷത്രക്കാർ ഈ ക്ഷേത്രത്തിലെത്തി തൊഴുതു പ്രാർഥിക്കുന്നത് നല്ലതാണ്. ഇവിടെ നെയ്ത്തിരി കത്തിച്ച് പ്രാർഥിച്ച് വ്യാഴ ഗായത്രി രാത്രി ഒൻപത് പ്രാവശ്യം ജപിച്ചാൽ വ്യാഴദോഷവും കാലക്കേടും എല്ലാം മാറി ജീവിതം ശോഭിക്കുമെന്ന് പറയപ്പെടുന്നു.
വ്യാഴ ഗായത്രി
ഓം വൃഷഭ ധ്വജായ വിദ്മഹേ
കൃണി ഹസ്തായ ധീമഹി
തന്നോ ഗുരുർ പ്രചോദയാത്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary : Significance of Alangudi Guru Temple