പൂര നായകൻ തൃപ്രയാർ തേവരുടെ പുറപ്പാട്
Mail This Article
തൃപ്രയാർ ആറാട്ടുപുഴ പൂര നായകൻ തൃപ്രയാർ തേവരുടെ രാജോജിതമായി പുറപ്പാട്. ഇന്നലെ ഉച്ചയ്ക്കു കർക്കടകം രാശിയിൽ 2.44 നും 3.30 നും മധ്യേയാണു തേവരുടെ പുറപ്പാടിനു തുടക്കമായത്. ചരിത്രത്തിലാദ്യമായി ഇത്തവണ സ്വർണക്കുടയുടെ കീഴിലാണു മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയത് . ബ്രാഹ്മിണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞാണു ഭഗവാനെ സ്വർണക്കോലത്തിൽ എഴുന്നള്ളിച്ചത്. പഴയന്നൂർ ശ്രീരാമൻ തിടമ്പേറ്റി. മച്ചാട് ഗോപാലനെ വലത്തേക്കുട്ടും മച്ചാട് ധർമ്മനെ ഇടം കൂട്ടും എഴുന്നള്ളിച്ചു.
കിഴക്കേ നടയിൽ നിന്ന് അർധ പ്രദക്ഷിണത്തോടെ പടിഞ്ഞാറെ നടയിലെത്തി പറ സ്വീകരിച്ച ശേഷം ശംഖ് ഊതി ചേങ്ങലയുടെ അകമ്പടിയോടെ 5 ഗജവീരന്മാരുടെ അകമ്പടിയുമായാണു തേവർ സേതു കുളത്തിലേക്ക് ആറാട്ടിനെഴുന്നള്ളിയത്. ഇനി എല്ലാ ദിവസവും ആറാട്ടുണ്ടാകും. 17നു പൂരം കഴിഞ്ഞു തിരിച്ചെത്തുന്നതുവരെ തേവർ വിവിധ ഗ്രാമവീഥികളിലേക്കു ഭക്തരെ അനുഗ്രഹിക്കാനായി എഴുന്നള്ളും.
മേൽശാന്തി രവി നമ്പൂതിരിയാണ് എഴുന്നള്ളിപ്പിനു മുന്നോടിയായി ആദ്യ ആറാട്ട് നടത്തിയത്.
ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തിലേക്കു തിരിച്ച് എഴുന്നള്ളി.ക്ഷേത്രത്തിലെത്തി വീണ്ടും പുറത്തേക്ക് എഴുന്നള്ളിച്ചു.ചുറ്റമ്പലത്തിനകത്തെ തീർഥ കിണറ്റിൻകരയിൽ ചെമ്പിലാറാട്ടു നടത്തി.
ഊരായ്മക്കാരായ പുന്നപ്പള്ളി മനയിലെ ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരി , ചേലൂർ മനയിലെ പുരുഷോത്തമൻ നമ്പൂതിരി ,ജ്ഞാനപ്പിള്ളി മനയിലെ മുകുന്ദൻ നമ്പൂതിരി എന്നിവർ ക്ഷേത്രത്തിനകത്തു വന്ന് നിയമ വെടിക്ക് അനുമതി നൽകിയ ശേഷം മണ്ഡപത്തിലെത്തി തേവരെ എഴുന്നള്ളിയ്ക്കുവാൻ അനുവാദം നൽകുകയായിരുന്നു. തൃക്കോൽ ശാന്തി രതീഷ് എബ്രാന്തിരി ഭഗാവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു.