കാശിയിൽ പോകാൻ കഴിയാത്തവർ ശ്വേതാരണ്യേശ്വർ ക്ഷേത്രത്തിലേക്ക് പൊയ്ക്കോളൂ, ഈ നക്ഷത്രക്കാർക്ക് ഇരട്ടിനേട്ടം!
Mail This Article
അഘോരരൂപത്തിലുള്ള ശിവന്റെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് മൈലാടുതുറയിലെ ശ്വേതാരണ്യേശ്വർ ക്ഷേത്രം അഥവാ ബുദ്ധക്ഷേത്രം. നവഗ്രഹങ്ങളിലൊന്നായ ബുധന്റെ ക്ഷേത്രമായും ഇത് അറിയപ്പെടുന്നു. കാശിക്ഷേത്രത്തിന് തുല്യമായി ഈ ക്ഷേത്രത്തേയും കണക്കാക്കുന്നു. ആദി ചിദംബര ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ശ്വേതാരണ്യം എന്നാൽ വെളുത്ത കാട് എന്നാണ് അർഥം. ധാരാളം വെള്ള എരിക്കുകളുടെ ഒരു കാടായിരുന്നു ഇവിടെ അതുകൊണ്ടാണ് ഈ പേര് ലഭിച്ചത് എന്നാണ് വിശ്വാസം.
തഞ്ചാവൂരിൽ നിന്നും 95 കിലോമീറ്റർ അകലെ തിരുവെങ്കടു ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോള രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. അഘോരശിവനെ തൊഴുതശേഷം വേണം ബുധഗൃഹത്തെ തൊഴാൻ. പാർവതീദേവിയെ ഇവിടെ ബ്രഹ്മവിദ്യ നായകി എന്ന സങ്കൽപ്പത്തിലാണ് പ്രാർഥിക്കുന്നത്. സൂര്യ തീർഥം, ചന്ദ്ര തീർഥം, അഗ്നി തീർഥം എന്നിങ്ങനെ മൂന്ന് തീർഥകുളങ്ങൾ ഇവിടെയുണ്ട്. ശിവൻ താണ്ഡവ നൃത്തമാടിയപ്പോൾ വീണ വിയർപ്പുതുള്ളികൾ ആണ് തീർഥകുളങ്ങളായി മാറിയത് എന്നാണ് ഐതിഹ്യം.
നിത്യവും 6 നേരം പൂജ ആണ് ഇവിടെ നടക്കുന്നത്. രാവിലെ 6 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയും ആണ് ദർശനസമയം. മേയ്, ജൂൺ മാസങ്ങളിലായി വരുന്ന വൈകാശി ഉത്സവം, ആഗസ്റ്റ് സെപ്റ്റംബറിൽ വരുന്ന ആടി ഉത്സവം , നവരാത്രി മഹോത്സവം, ഒക്ടോബർ-നവംബറിൽ വരുന്ന അയ്പാസി കോലാട്ട് ഉത്സവം എന്നിവയാണ് പ്രധാന ഉത്സവങ്ങൾ. കൂടാതെ ശിവരാത്രി ,വിനായക ചതുർഥി, വിജയദശമി ,കാർത്തികവിളക്ക് എന്നിവയും വിശേഷദിവസങ്ങളാണ്. എല്ലാവർഷവും പത്ത് ദിവസം നീണ്ടുനിൽക്കുന്ന രഥോത്സവവും ഫെബ്രുവരിയിൽ നടക്കുന്നു. ഇതിൽ അഞ്ചാം ദിവസം അഘോരമൂർത്തിക്കായി പ്രത്യേക പൂജകളും ഉണ്ട്. ബാധ ഉപദ്രവങ്ങളും മറ്റും മാറാനായി അഘോരനോട് പ്രാർഥിക്കുന്നത് ഉത്തമമാണ്.
ആയില്യം, തൃക്കേട്ട ,രേവതി നക്ഷത്രദേവത ബുധൻ ആയതുകൊണ്ട് നിശ്ചയമായും ഒരിക്കലെങ്കിലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്. വിദ്യാർഥികൾ നിശ്ചയമായും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അവരുടെ പഠന പുരോഗതിക്ക് സഹായകമാകുന്നതാണ്. മാധ്യമ പ്രവർത്തകർ, അധ്യാപകർ, സാഹിത്യകാരന്മാർ, നിയമജ്ഞർ തുടങ്ങിയവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അവരുടെ രംഗത്ത് ശോഭിക്കാൻ സഹായിക്കുന്നതാണ്. ബുധഗ്രഹ ദോഷ പരിഹാരമായി ചെറുപയറും പച്ചപ്പട്ട് വസ്ത്രവും വഴിപാടായി ഭക്തർ ഇവിടെ സമർപ്പിക്കുന്നു. ബുധഗ്രഹത്തിന് മുന്നിൽ ബുധഗായത്രി ജപിക്കുന്നത് ഗുണഫലം ലഭിക്കാൻ ഉത്തമമാണ് .
ബുധ ഗായത്രി:
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337 English Summary : Significance of Swetharanyeswarar Temple