ADVERTISEMENT

കണ്ണൂർ ജില്ല ആസ്ഥാനത്തു നിന്ന് 23 കി.മീ. വടക്കു ഭാഗത്തുള്ള തളിപ്പറമ്പ് ടൗണിൽ നിന്ന് 3 കി. മീ ദൂരത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

 

ഐതിഹ്യം

 

യുഗങ്ങൾക്ക് മുൻപ് വിശ്വകർമാവിനാൽ നിർമിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ മാന്ധാതാവ്, മുചുകുന്ദൻ എന്നിവർക്ക് ശ്രീപാര്‍വതി ദാനം ചെയ്ത രണ്ടു ശിവലിംഗങ്ങളും ഭൂമിയിൽ ശവസ്പർശമില്ലാത്ത ഈ സ്ഥലത്ത് ‘തളിക’ വട്ടത്ത് പ്രതിഷ്ഠിച്ചത് ഭൂമിയിൽ താഴ്ന്നു പോയി. മൂന്നാമത് ശതസോമൻ എന്ന രാജാവ് ഇതേ സ്ഥലത്ത് അഗസ്ത്യഹർഷിയെക്കൊണ്ട് പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന ശിവലിംഗം. ഈ ബിബംവും ഭൂമിയിൽ താഴ്ന്നു തുടങ്ങിയപ്പോൾ ‘അശ്വമേധ’ മന്ത്രം ചൊല്ലി നമസ്കാരം ചെയ്തു. പന്ത്രണ്ടര നമസ്കാരം ചെയ്തപ്പോഴേക്കും ഇന്നു കാണുന്ന നിലയിൽ ബിംബം ഉറച്ചു നിന്നു എന്നതിനാൽ അശ്വമേധ നമസ്കാരം ഇവിടെ വളരെ പ്രധാനമാണ്. 

ഒരു ബുധനാഴ്ച ദിവസമാണത്രേ പ്രതിഷ്ഠ നടന്നത്. ഇക്കാരണത്താൽ ബുധനാഴ്ച ക്ഷേത്രദർശനത്തിനു വളരെ പ്രാധാന്യം കൽപിക്കുന്നു. പ്രതിഷ്ഠാ സമയത്ത് വിളക്കു കത്തിച്ചിരുന്നു. എന്നതിനാലാകാം ശ്രീലകത്ത് നെയ്യ് മാത്രമേ ഇന്നും ഉപയോഗിക്കുന്നുള്ളൂ. രാജർഷിയാൽ പ്രാർഥിതനായതിനാലും പിന്നീട് കോഴിക്കോട് സാമൂതിരി രാജക്കന്മാരിലൊരാൾ ദേവങ്കൽ ലയിച്ചു എന്നതിനാലും രാജകീയ പ്രൗഢി സർവത്ര വ്യാപിച്ചിരിക്കുന്ന മഹാരാജാവ് പെരുംതൃക്കോവിലപ്പൻ. ലിംഗവലിപ്പം കൊണ്ട് മഹാലിംഗ പ്രതിഷ്ഠ വലിയ ലിംഗമായതിനാൽ നിന്നു കൊണ്ടാണ് പൂജാദികർമങ്ങൾ നിർവഹിക്കുന്നത്. അഭിഷേകസമയത്തു മാത്രമേ ശിവലിംഗം കാണാൻ സാധിക്കൂ. മറ്റു സന്ദർഭങ്ങളിൽ സർവാലങ്കാരഭൂഷിതനായിരിക്കും. ശിവലിംഗം പൗരാണികമായി തന്നെ സ്വർണഗോളകയാൽ മൂടപ്പെട്ടിരിക്കുന്നു. രാവണവധത്തിനു ശേഷം അയോധ്യയിലേക്കു മടങ്ങവേ ഭഗവാൻ ശ്രീരാമചന്ദ്രൻ നമസ്ക്കാരമണ്ഡപത്തിൽ കയറി നമസ്കരിച്ച് വന്ദിച്ചു എന്നതിനാൽ പിന്നീട് ആരും തന്നെ രാജരാജേശ്വര ക്ഷേത്ര മണ്ഡപത്തിൽ കയറി നമസ്ക്കരിക്കാറില്ല. 

 

പ്രത്യേകതകൾ

 

കാണാൻ ശൈവസ്വരൂപമെങ്കിലും ശിവന്റേതായ പ്രത്യേകതകളൊന്നും നിത്യനൈമിത്തികച്ചടങ്ങുകളില്ല. ശിവരാത്രി, പ്രദോഷം ഇവയ്ക്ക് ഇവിടെ പ്രത്യേകതകളില്ല. ശംഖധ്വനി പതിവില്ല. മലർ നിവേദ്യം ക്ഷേത്രത്തിൽ പതിവില്ല. ശിവരാത്രിയ്ക്ക് തുടങ്ങി വിഷുവിന് അവസാനിക്കുന്ന വിധത്തിൽ ഉൽസവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ ആദ്യവും അവസാനവും എന്ന നിലയിൽ ഈ രണ്ടു ദിവസങ്ങളിലുമുള്ള പ്രത്യേക പൂജയും ശ്രൂഭൂതബലിയും ഇന്നും നടന്നു വരുന്നു. നിത്യശ്രീവേലി ഇല്ല. തുളസിക്കതിർ മാത്രമേ അർച്ചനയ്ക്ക് ഉപയോഗിക്കൂ. അകത്തു കിണറില്ല. ആവശ്യമുള്ള ജലം നാലമ്പലത്തിനു പുറത്തുള്ള ജലവന്തി (ഇവിടെ ഗംഗാസാന്നിധ്യം)യിൽ നിന്നു കീഴ്ശാന്തിക്കാർ പ്രത്യേക രീതിയിൽ കൊണ്ടു വരുന്നു. അഭിഷേകം, നിവേദ്യം, സഹസ്രകലശം ഇവയ്ക്കെല്ലാം ഈ ജലമാണ് ഉപയോഗിക്കുന്നത്. ഋഷഭ പ്രതിഷ്ഠ വലിയ ബലിക്കല്ലിനും പുറമെയാണ്. ഈ ക്ഷേത്രത്തിൽ കൊടിമരവും ഇല്ല. വിഷുവിനും ശിവരാത്രിക്കും ഗ്രാമക്ഷേത്രമായ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ബലിബിംബം ആഘോഷപൂർവം എഴുന്നെള്ളിച്ച് രാജരാജേശ്വരന്റെ പീഠത്തിൻ മേൽ തന്നെ വെച്ച് നടത്തുന്ന ശങ്കരനാരായണ പൂജ ശൈവവൈഷ്ണവ വിഭാഗക്കാരുടെ ഐകമത്യത്തെ സൂചിപ്പിക്കുന്നു. അവർക്ക് സ്വീകാര്യനായ വ്യാഴഭഗവാൻ എന്നും ഇവിടെ കരുതപ്പെടുന്നുണ്ട്. തന്ത്രിമാർ പുഷ്പാഞ്ജലിക്ക് സാധാരണയായിത്തന്നെ ശങ്കരനാരായണ സങ്കൽപത്തിൽ പീഠത്തിന്മേൽ അർച്ചന പതിവുണ്ട്. സാമൂതിരി രാജാവ് തീപ്പെട്ടാൽ ദേവനു പുല ആചരിക്കുന്ന അത്യപൂർവമായ സമ്പ്രദായം ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. 

 

ക്ഷേത്രദർശനത്തിനെത്തുന്നവർ ആദ്യമായി ആശ്രമത്ത് ചിറയെന്നറിയപ്പെടുന്ന ക്ഷേത്രത്തിൽ നിന്നു 400 മീറ്റർ തെക്കു ഭാഗത്തുള്ള ചിറയിൽ സ്നാനം ചെയ്തു വേണം ഭഗവദ് ദർശനത്തിനു വരാൻ. 4 ഏക്കറോളം വിസ്തൃതിയുള്ള ഈ ചിറയുടെ കിഴക്കേക്കരയിലായിരുന്നത്രെ അഗസ്ത്യ മഹർഷിയുടെ ആശ്രമം. 

 

മഹാദേവന്റെ ഉച്ചപൂജ അഗസ്ത്യമഹർഷിയായിരുന്നുവത്രേ അനവധിക്കാലം നിർവഹിച്ചിരുന്നത്. ഏതാണ്ട് 100 വർഷം മുമ്പു വരെയും ഇവിടെ ഉച്ചപ്പൂജയ്ക്കു ചില പ്രത്യേകതകളും ചില നിഗൂഢമന്ത്രങ്ങളും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. 

 

തെക്കു പടിഞ്ഞാറു മൂലയിൽ ‘അന്നപൂർണേശ്വരി’ എന്നെഴുതിയ ചൂണ്ടു പലക കാണുന്നത്, ഇവിടെ നിന്ന് 20 കി.മീ ദൂരെ ചെറുകുന്ന് എന്ന സ്ഥലത്തെ അന്നപൂർണേശ്വരീ ക്ഷേത്രത്തെ സൂചിപ്പിക്കുന്നതാണ്. രാജരാജേശ്വരനുമായി പല പ്രകാരത്തിനും ചെറുകുന്നിലമ്മയ്ക്കു ബന്ധമുള്ളതായി ഐതിഹ്യമുണ്ട്. രാജരാജേശ്വരൻ ശൈവസങ്കൽപമാകുമ്പോൾ അന്നപൂര്‍ണേശ്വരി, ശ്രീപാർവതിയാണ്. 

 

വളരെ കാലങ്ങൾക്കു മുൻപ് ഏറ്റവും പ്രധാന വഴിപാടുകളിലൊന്ന് ചില പ്രത്യേക പൂജാകർമങ്ങളോടെ സമർപ്പിക്കുന്ന ലക്ഷദീപമായിരുന്നത്രേ. മറ്റൊരു പ്രധാന വഴിപാട് ആന നടയിരുത്തലാണ്. 

 

നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിൻകുടവും ദീപാലങ്കാരത്തിനു വേണ്ടി ഭഗവാനു സമർപ്പിക്കുന്നു. 

 

ശ്രീപാർവതിക്കു താലി, പുഷ്പാഞ്‍ജലി ഇവയും പ്രധാന വഴിപാടിനങ്ങളിൽ പെടുന്നു. 

 

വേദമന്ത്രം ചൊല്ലി നമസ്കാരം നടത്തിക്കുന്നതും പ്രധാന ഇനമാണ്. 

 

യാമനമസ്കാരവും അശ്വമേധ നമസ്കാരവും വളരെ വിശിഷ്ടമാണ്. യാമനമസ്കാരം സമയപ്രധാനവും– ഉദയം മുതൽ അസ്തമനം വരെ– അശ്വമേധ നമസ്കാരം മന്ത്രപ്രധാനവുമാണ്. 

 

തൃശൂരിൽ ശിവന്റെ തലയാകയാൽ, പശുവിൻ നെയ്യഭിഷേകവും തൃക്കണ്ടിയൂരിൽ വയറാകയാൽ അപ്പം നിവേദ്യവും തളിപ്പറമ്പിൽ പാദമാകയാൽ നമസ്കാരവുമാണ് പ്രധാന വഴിപാടെന്ന് പറയപ്പെടുന്നു. 

 

സാക്ഷിമണി

 

കണിക്കു തുറക്കുമ്പോഴും ദീപാരാധനാ സമയത്തും ആരാധനാപൂജ തുറക്കുമ്പോഴും രണ്ടു തവണ ഈ മണി അടിക്കും. നിറ, പുത്തിരി സന്ദർഭങ്ങളിൽ രാശിമുഹൂർത്തം കഴിയുന്നതു വരെ തുടർച്ചയായും ഈ മണി അടിച്ചു കൊണ്ടിരിക്കും. അതുപോലെ ക്ഷേത്രത്തിൽ വല്ല അത്യാഹിതം സംഭവിച്ചാലും ഇത് തുടർച്ചയായി അടിക്കും. ഇതു കേൾക്കുന്ന അന്യമതസ്ഥർ പോലും തങ്ങളുടെ സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 

 

ശ്രീപാർവതിയുടെ നട ഒരിക്കലും തുറക്കാറില്ല. വാതിലിൽ കാണുന്ന ചെറിയ ദ്വാരത്തിൽ കൂടി നോക്കിയാൽ അകത്തെ ശ്രീപാർവതിയുടെ വലിയ ദാരുവിഗ്രഹവും പുഷ്പാഞ്ജലി ചെയ്യുന്ന കണ്ണാടി വിഗ്രഹവും കാണാം. സൂര്യോദയത്തിന് മുമ്പും അസ്തമനത്തിന് ശേഷവും ദ്വാരത്തിൽ കൂടി നോക്കിയാൽ ഈ ദൃശ്യം കാണാം. പടിഞ്ഞാറെ നട തുറക്കാതിരിക്കാൻ കാരണമായി ലക്ഷ്മീദേവിയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങൾ ആണത്രെ. സാമൂതിരി രാജാവ് ക്ഷേത്രദർശനത്തിനു വരുമ്പോൾ നടതുറക്കുമെന്നും അപ്പോൾ അദ്ദേഹം കനകധാര ചെയ്യണമെന്നും ഐതിഹ്യമുണ്ട്. മൂലഭണ്ഡാരം എന്നു കാണുന്ന സ്ഥലം പൗരാണികമായി നിധികുംഭങ്ങൾ നിക്ഷേപിച്ച സ്ഥലമാണെന്നും നൂറ്റാണ്ടുകൾക്കു മുൻപ് ക്ഷേത്രത്തിലുണ്ടായിരുന്ന സ്വർണക്കൊടിമരം ഭൂമിക്കടിയിൽ ഈ സ്ഥലത്താണ് സ്ഥാപിച്ചത് എന്നും ഐതിഹ്യം. 

 

ദർശന സമയം

 

കാലത്ത് 4 മണിക്ക് കാവൽക്കാരൻ അടിക്കുന്ന കൂട്ടമണിനാദത്തോടെ ക്ഷേത്ര ദിവസം ആരംഭിക്കുന്നു. 5 മണി മുതൽ 12 മണി വരെയും ൈവകുന്നേരം 5 മണി മുതൽ 8 മണി വരെയുമാണ് സാധാരണ ദർശന സമയം (പൂജാ സന്ദർഭങ്ങളിലൊഴിച്ച്). മകക്കണി– ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷം വരുന്ന മകം നാളിലെ കണിക്കു തൊഴൽ മറ്റൊരു പ്രധാന ദർശന സൗഭാഗ്യമാണ്. ലക്ഷ്മീപുരേശൻ ലക്ഷ്മീ സംപൂർണനായി ഭക്തർക്ക് ലക്ഷ്മിയെ– ധനത്തെ– പ്രദാനം ചെയ്യുന്ന സന്ദർഭം. മുൻകാലങ്ങളിൽ വിഷുക്കണിക്ക് എന്നതിലുപരി ഗ്രാമത്തിലെ ഗൃഹസ്ഥരായ നമ്പൂതിരിമാരും മറ്റുള്ളവരും മകക്കണിയാണത്രേ കൂടുതലായി എത്തിച്ചേരാറു പതിവ്. ശിവരാത്രി ദിവസം വൈകുന്നേരം 4 മണിയോടുകൂടി സ്ത്രീകൾക്ക് അകത്ത് പ്രവേശിക്കാവുന്നതാണ്. രാവിലെ 5 മണിക്ക് കണിക്കു തുറക്കുന്ന സമയം മുതൽ രാജരാജേശ്വരൻ ലോകത്രയങ്ങളുടെ കാര്യങ്ങൾ മറ്റു ദിക്പാലകൻമാരും രാജാക്കന്മാരും സാമന്തപ്രഭുക്കൻമാരും വേദജ്ഞരുമായി ചേർന്ന് ചർച്ച ചെയ്യുന്നുവെന്നും, ആ സന്ദർഭങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കും പ്രവേശനം നിഷിദ്ധമെന്നും ഐതിഹ്യമുണ്ട്. 

 

ഇതുപോലെ തന്നെ പ്രശസ്തമായ മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടെ ഈ ക്ഷേത്രത്തിന് ഏതാനും കി. മീ. ദൂരെയായുണ്ട്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവും കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രവും. ചില യാഗങ്ങളിലെ ത്രേതാഗ്നിയുടെ സ്ഥാനമാണ് ഈ മൂന്നു ക്ഷേത്രങ്ങളും. ‘‘തളിപ്പറമ്പ് ക്ഷേത്രം ഗാർഹപത്യാഗ്നികുണ്ഡവും തൃച്ചംബരം ക്ഷേത്രം അന്വാഹാര്യവും കാഞ്ഞിരങ്ങാട് ആഹവനീയവും’’ ആകുന്നു. 

 

സല്‍സന്താനത്തിനു വേണ്ടി ഗർഭവതികളായ സ്ത്രീകൾ ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം തൊഴുന്ന പതിവുണ്ട്– മൂന്നിടം തൊഴൽ. 

 

രാത്രി നട അടക്കുന്നതിനു മുമ്പായി ശ്രീകോവിലിനകത്തെ ശേഷിച്ച വെള്ളമെല്ലാം കളഞ്ഞ് പാത്രങ്ങൾ കമഴ്ത്തി വെക്കുമ്പോൾ ജലാംശമില്ലാത്ത അൽപം ചന്ദനവും കുറച്ചു തുളസിക്കതിരുകളും കീഴ്ശാന്തിക്കാർ ദേവന്റെ മുമ്പിൽ കൊണ്ടു വച്ചതിനു ശേഷം മാത്രമെ ശ്രീകോവിലിന്റെ നട അടയ്ക്കുകയുള്ളൂ. ഇത് രാത്രി ദേവന് പുഷ്പാഞ്ജലിക്കെത്തുന്ന ഋഷീശ്വരന്മാർക്ക് ഉപയോഗിക്കാനുള്ളതാണത്രെ. കാലത്തെ കണിക്കു ശേഷം ഏതാണ്ട് ആറു മണിയോടെ അഭിഷേകത്തിനായി വാതിൽ പാതി അടച്ച് കീഴ്ശാന്തിക്കാർ ‘‘പൂവിളി’’ക്കും. തൽസമയം വാര്യർ ചില ആചാരങ്ങളോടെ ദേവന് പൂജയ്ക്കു വേണ്ടുന്ന പുഷ്പങ്ങൾ തൃപ്പടിമേൽ വെക്കും. ഇത്തരം ഒരപൂർവമായ ചടങ്ങു കൂടി ഈ ക്ഷേത്രത്തിനുണ്ട്. 

 

ശ്രീപാർവതിയോടൊപ്പം ലക്ഷ്മീസാന്നിധ്യവും ഉണ്ട്

 

ഒരിക്കൽ ഭഗവാൻ വിഷ്ണുവും ലക്ഷ്മീദേവിയും ശ്രീപരമേശ്വരനെ ദർശിക്കാൻ ശിവരാത്രി ദിവസം ക്ഷേത്രത്തിലേക്കു പുറപ്പെടുമ്പോൾ പെട്ടെന്ന് ശ്രീ നാരദൻ അവിടെ ആഗതനാവുകയും മഹർഷിയെ ഉപചരിക്കുന്ന വിഷ്ണുവിന്റെ അനുവാദത്തോടെ ലക്ഷ്മീഭഗവതി പരമേശ്വരദർശനത്തിന് മുമ്പേ യാത്രയാവുകയും ചെയ്തു. തളിപ്പറമ്പിലെത്തി ദർശനത്തിനായി സോപാനത്തിൽക്കയറിയ ലക്ഷ്മീദേവി, അകത്ത് തന്റെ പതിയായ വിഷ്ണുവിനെയാണ് കണ്ടത്. തനിക്കു മുമ്പെത്തന്നെ ഭഗവാൻ ഇവിടെ എത്തിയെന്നു വിചാരിച്ച് സംശയലേശമന്യേ ശ്രീകോവിലിൽക്കടന്ന ഭഗവതിക്ക് പരമശിവൻ വേഷം മാറിയതാണെന്നു മനസ്സിലായി. ഉടനെത്തന്നെ പടിഞ്ഞാറെ നട വഴി പുറത്തേക്കു കടക്കാൻ ശ്രമിക്കുമ്പോൾ ശ്രീ ശിവൻ നടവാതിലടച്ചു. ശ്രീ ലക്ഷ്മീ സാന്നിധ്യം എപ്പോഴും ഉണ്ടാകണമെന്നും തദ്വാരാ തന്റെ ദർശനത്തിനെത്തുന്നവർക്കു സകലവിധ ഐശ്വര്യങ്ങളും ഉണ്ടാകണമെന്നും ഭഗവാൻ ആവശ്യപ്പെട്ടുവത്രെ.

 

നാരദനുമായി സംഭാഷണശേഷം വിഷ്ണു തളിപ്പറമ്പിലേക്കു യാത്ര തുടങ്ങുമ്പോൾ തളിപ്പറമ്പിൽ സംഭവിച്ചത് വ്യക്തമായി മനസ്സിലായി. ശ്രീ ലക്ഷ്മിയെ തിരികെ കൊണ്ടു വരാൻ സ്വന്തരൂപത്തിൽ പോയാൽ സദാശിവൻ അനുവദിക്കില്ലെന്നു മനസ്സിലാക്കി ശിവപുത്രനായ സുബ്രഹ്മണ്യന്റെ രൂപത്തിൽ യാത്രയായി. ഈ ഒരു ഭാവമാണത്രെ തൃച്ചംബരത്തു നിന്ന് ശിവരാത്രി ദിവസം തളിപ്പറമ്പിലേക്കുള്ള എഴുന്നള്ളത്ത്. തളിപ്പറമ്പിലെത്തിയ മകനെ ശിവൻ സഹർഷം സ്വാഗതം ചെയ്തു. അന്യോന്യം പൂജാതൽപരരായ ശ്രീശങ്കരനാരായണന്മാർ കാര്യങ്ങൾ മനസ്സിലാക്കി ലക്ഷ്മീസാന്നിധ്യം തളിപ്പറമ്പിൽ എന്നെന്നും നിലനിൽക്കട്ടെ എന്ന് അനുഗ്രഹിച്ചു. ഇതിനു ശേഷമാണ് ഈ ക്ഷേത്രം ‘‘ലക്ഷ്മീപുരം’’ എന്നും പ്രസിദ്ധമായത്. തിരികെപ്പോകുന്ന ഷണ്മുഖനായ ശ്രീകൃഷ്ണന് ചില സമ്മാനങ്ങൾ ശ്രീ ശിവൻ നൽകിയത്രെ. അതിലൊന്നായ ഓലക്കുട. ഇന്നും തൃച്ചംബരത്തപ്പൻ തിരികെപ്പോകുമ്പോൾ തളിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നും നൽകി വരുന്നുണ്ട്. പരശുരാമന്റെ അപേക്ഷപ്രകാരമാണ് ഇവിടെ ലക്ഷ്മീ സാന്നിധ്യം എന്നും അഭിപ്രായമുണ്ട്. സാമൂതിരിയും തിരുവിതാംകൂർ രാജക്കന്മാരും അരിയിട്ട് വാഴ്ചക്കു മുമ്പേ ആനയെ ക്ഷേത്രത്തിൽ സമർപ്പിക്കണം. രണ്ട് തമിഴ് ബ്രാഹ്മണരുടെ കൂെട ആനയെ ക്ഷേത്രത്തിലേക്ക് അയക്കും. ഇവർ രാജാവിന് വേണ്ടി ആനയെ നടയ്ക്കിരുത്തും. അരിയിട്ട് വാഴ്ചയ്ക്ക് ശേഷം രാജാക്കന്മാർ ചില പ്രത്യേക രീതിയിൽ ക്ഷേത്ര ദർശനം നടത്തും. 

 

ചെങ്ങന്നൂരുമായുള്ള ബന്ധം

 

ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് രാജരാജേശ്വരക്ഷേത്രവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐതിഹ്യം ഉണ്ട്. ദക്ഷയോഗത്തിൽ ദേഹത്യാഗം ചെയ്ത സതീദേവിയുെട കത്തിക്കരിഞ്ഞ ശരീരം ശിരസ്സിൽ വഹിച്ച് സതീവിരഹദുഃഖാർത്തനായ ശ്രീശിവൻ താണ്ഡവനൃത്തം തുടങ്ങി. ഇതു കണ്ട മഹാവിഷ്ണു സുദർശനം കൊണ്ട് സതിയുടെ കരിഞ്ഞദേഹം കഷ്ണം കഷ്ണമാക്കി. ഭൂമിയില്‍ പല സ്ഥലങ്ങളിലും വീണ ഈ ശരീരഭാഗങ്ങൾ 108 ദുർഗാലയങ്ങളായി പരിണമിച്ചു. ഇതിൽ തലഭാഗം വീണത് തളിപ്പറമ്പിലും ജനനേന്ദ്രിയമായ യോനിമണ്ഡലം വീണത് ചെങ്ങന്നൂരിലുമായിരുന്നു. ഈ രണ്ടു ക്ഷേത്രങ്ങളിലേയും പ്രധാന പ്രതിഷ്ഠ ശിവനാണ്. 

 

ചെങ്ങന്നൂർ ഭഗവതിക്ക് ‘‘തൃപ്പൂത്ത്’’ എന്ന ഒരപൂർവ ചടങ്ങ് നടക്കാറുണ്ട്. ദേവി രജസ്വലയാകുന്നതുമായിട്ടുള്ളതാണ് ഈ ചടങ്ങ്. ഈ ക്ഷേത്രത്തിൽ തൊഴുന്നവർ തളിപ്പറമ്പ് രാജരാജേശ്വരനെ സ്മരിച്ച് തൊഴേണ്ടതായ ഒരു പ്രത്യേക സ്ഥലവും ഇവിടെയുണ്ട്. 

 

ചെറുകുന്നിൽ നെയ്യമൃത്

 

തിരുവത്താഴ പൂജക്കു ശേഷം അടുത്തുള്ള ചെറുകുന്നിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടയിൽ രണ്ട് നെയ്യമൃത് വെച്ച് തൊഴുന്ന പതിവുണ്ട്. ഒന്ന് മഹാദേവനും മറ്റൊന്ന് ശ്രീ പാർവതിക്കും. തളിപ്പറമ്പിൽ തൊഴാൻ സാധിക്കാത്തവർക്ക് ചെറുകുന്നിൽ ഈ സമയത്ത് നെയ്യമൃത് വെച്ച് തൊഴുതാൽ അത് മഹാരാജാവിനാണ്. തിരുവത്താഴ പൂജയോടു കൂടി തമ്പുരാൻ പത്നീഗൃഹത്തിൽ– ചെറുകുന്നിൽ എത്തുന്നു എന്നാണ് സങ്കൽപം. മുൻകാലങ്ങളിൽ ചെറുകുന്ന് ക്ഷേത്രത്തിലേക്ക് എണ്ണയും അരിയും തളിപ്പറമ്പിൽ നിന്ന് കൊടുത്തയയ്ക്കാറുണ്ട്. പത്നീ ഗൃഹത്തിലേക്ക് പതിയുടെ ചെലവിനു കൊടുക്കൽ. തൃപ്പുത്തരി ദിവസം തളിപ്പറമ്പിൽ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറെ മൂലയിൽ രണ്ട് കൊടിനാക്കിലയിൽ പ്രത്യേകം പുത്തരി വിഭവങ്ങൾ വിളമ്പുന്നത് ഒന്ന് ചെറുകുന്നിലമ്മയ്ക്കും മറ്റൊന്ന് രാജരാജേശ്വരനും ആണ്. 

 

1. നാലു വയസ്സു തികയാത്ത കുട്ടികൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല.

 

2. സ്ത്രീകൾക്ക് രാത്രി തിരുവത്താഴപൂജയ്ക്കു ശേഷം മാത്രമേ അകത്തു പ്രവേശനമുള്ളൂ. ഈ സമയത്ത് പാർവതി സമേതനായ ശിവൻ എന്ന് സങ്കൽപം. 

 

3. ക്ഷേത്രദർശന സമയം രാവിലെ അഞ്ചു മണി മുതൽ 12 വരെയും വൈകുന്നേരം 5 മുതൽ 8.30 വരെയുമാണ്. 

 

4. ക്ഷേത്രസംബന്ധമായ വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫിസ് ഫോൺ 0460 2203457, ഗസ്റ്റ് ഹൗസ് ഫോൺ നമ്പർ : 0460 2206929.

 

5. ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങൾ;

 

ചിങ്ങമാസം നിറ പുത്തരി. ചിങ്ങമാസം തിരുവോണത്തിനു ശേഷം വരുന്ന മകം നക്ഷത്രം കണി ദർശനം പ്രധാനമാണ്. മീനമാസം 26 ന് കളഭാഭിഷേകം. വൃശ്ചികമാസം തിരുവാതിര നക്ഷത്രത്തിൽ കലശാഭിഷേകം വരുന്ന രീതിക്കു ആറു ദിവസം മുമ്പെ സഹസ്രകലശം ആരംഭിക്കും. വിഷുവിനും ശിവരാത്രിക്കും ക്ഷേത്രത്തിൽ ശ്രീഭൂതബലിയും തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നു എഴുന്നള്ളിച്ചും വന്നതിനു ശേഷം ശങ്കരനാരായണ പൂജയും ഉണ്ടായിരിക്കും. 

 

ലേഖകൻ 

സുനിൽ വല്ലത്ത്

sunilvallath@yahoo.co.in

94474-15140

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com