സീതാവിരഹിയായി വനത്തിൽ കഴിയുന്ന ശ്രീരാമന്റെ പ്രതിഷ്ഠ; പോകാം നാലമ്പലത്തിലേക്ക്
Mail This Article
രാമായണ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണ് മാമലശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപ്പിള്ളി ഭരത ക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങൾ
മാമലശേരി ശ്രീരാമക്ഷേത്രം.
മൂവാറ്റുപുഴയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. മാൻ വേഷം പൂണ്ട മായാവിയായ മാരീചനെ വധിച്ച് സീതാവിരഹിയായി വനത്തിൽ കഴിയുന്ന ശ്രീരാമന്റെ പ്രതിഷ്ഠയാണുള്ളത്. വട്ട ശ്രീകോവിലിനുള്ളിൽ കിഴക്കു ദർശനമായി ശിലാവിഗ്രഹത്തിലുള്ള പ്രതിഷ്ഠ. പുലർച്ചെ 4നു നട തുറക്കും. നാലമ്പലദർശന ദിനങ്ങളിൽ അന്നദാനം ഉണ്ടാകും.
മേമുറി ഭരതപ്പിള്ളി ഭരത ക്ഷേത്രം.
മാമലശേരി ശ്രീരാമ ക്ഷേത്രത്തിൽ നിന്നു 5 കിലോമീറ്റർ ദൂരെ വടക്കുകിഴക്കായാണു ക്ഷേത്രം. രാമന്റെ വനവാസവാർത്തയറിഞ്ഞ് അദ്ദേഹത്തെ അയോധ്യയിലേക്കു കൊണ്ടുവരാൻ സൈന്യസമേതമുള്ള യാത്രാമധ്യേ ഭരതൻ ഒറ്റപ്പെട്ടുപോയ സ്ഥലമെന്നാണു വിശ്വാസം. പുലർച്ചെ 4.30നു നട തുറക്കും. നാലമ്പല തീർഥാടനത്തോടനുബന്ധിച്ചു ദർശനത്തിനും വഴിപാടു സമർപ്പണത്തിനും പ്രത്യേക ക്രമീകരണമുണ്ട്.
മുളക്കുളം ലക്ഷ്മണ ക്ഷേത്രം.
ശ്രീരാമന്റെ സന്തത സഹചാരി സൗമിത്രി തിരുമൂഴിക്കുളത്തു നിന്നു ശീവേലി ബിംബത്തിൽ എഴുന്നള്ളി ശ്രീലകം പൂണ്ട തീർഥസ്ഥാനമായാണു കണക്കാക്കപ്പെടുന്നത്. മാമലശേരി ക്ഷേത്രത്തിൽ നിന്ന് 9 കി.മീ ദൂരം. പുലർച്ചെ 5നു നടതുറക്കും. തീർഥാടന ദിനങ്ങളിൽ പ്രസാദഉൗട്ട് ഉണ്ടാകും.
നെടുങ്ങോട് ശത്രുഘ്ന ക്ഷേത്രം.
ഭരതനൊപ്പം ശ്രീരാമനെ തിരികെക്കൊണ്ടു വരുന്നതിനു പുറപ്പെട്ട ശത്രുഘ്നൻ കൂട്ടം തെറ്റി ഒറ്റപ്പെട്ട സ്ഥലത്താണു ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. മാമലശേരി ക്ഷേത്രത്തിൽ നിന്ന് ഒരു കി.മീ ദൂരം. പുലർച്ചെ 5നു നടതുറക്കും.