ആചാരപ്പെരുമയിൽ കരവാളൂർ ക്ഷേത്രച്ചിറ
Mail This Article
കൊടും വേനലിലും ജലസമൃദ്ധവും വിവിധയിനം കൂറ്റൻ മത്സ്യങ്ങൾ കൊണ്ടു സമ്പന്നവുമായ ക്ഷേത്രക്കുളത്തിന്റെ സാമീപ്യം കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിന്റെ മാഹാത്മ്യം വർധിപ്പിക്കുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ സംഗമിക്കുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇവിടത്തെ ക്ഷേത്രക്കുളം. വലുപ്പമുള്ള വിവിധയിനം മത്സ്യങ്ങൾ ഈ കുളത്തിന്റെ സമ്പന്നതയാണ്. 12 വർഷം മുൻപ് ഫിഷറീസ് വകുപ്പ് ക്ഷേത്രക്കുളത്തിൽ നിക്ഷേപിച്ച സിലോപ്പി ഇനത്തിലെ മത്സ്യങ്ങളും വലുപ്പമേറിയതാണ്. ക്ഷേത്രത്തിൽ പൂജയ്ക്കു ശേഷമുള്ള നിവേദ്യച്ചോറ്, ഭക്തർ നൽകുന്ന കടല, പൊരി,കപ്പലണ്ടി,മറ്റു പ്രസാദങ്ങൾ എന്നിവയും മത്സ്യത്തിന്റെ ഇഷ്ട ആഹാരമാണ്. അര ഏക്കറോളം വലുപ്പത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്വാഭാവിക ജലസ്രോതസ്സിന്റെ നാലുഭാഗവും കരിങ്കല്ലിൽ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. ഏറ്റവും പവിത്രവും പരിപാവനവുമായ ഒന്നായാണ് ക്ഷേത്രക്കുളത്തെയും ഇതിലെ മത്സ്യങ്ങളെയും കണക്കാക്കുന്നത്.
കാർത്തിക വിളക്കും അലങ്കാരങ്ങളും
വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ (കാർത്തിക വിളക്ക്) ഇവിടുത്തെ ചിറവിളക്കും ഉത്സവകാലത്തു ക്രമീകരിക്കുന്ന അലങ്കാര ദീപങ്ങളും വിവിധ രൂപങ്ങളും കൊണ്ടു ചിറ ആകർഷകമാക്കുമ്പോൾ വിദൂര ദേശങ്ങളിൽ നിന്നു പോലും കാണികൾ എത്തുന്നുണ്ട്. ലക്ഷദീപത്തിനും തിരുവാതിരയ്ക്കും ഇവിടെ ചിറയിൽ ഒട്ടേറെ കലാകാരൻമാർ ഏറെ പണിപ്പെട്ടാണ് തെയ്യം, കഥകളി, കൈലാസം,വള്ളത്തിന്റെ മാതൃകയിലുള്ള ചിറവിളക്ക്, ഗജവീരൻ, തിരുപ്പതി വിഗ്രഹം,ഗണപതി, നന്ദികേശൻ, ഓലയിൽ തീർത്ത ശിവലിംഗം എന്നിവയും മറ്റ് അലങ്കാരങ്ങളും ക്രമീകരിക്കുന്നത്. ക്ഷേത്രത്തോളം തന്നെ ആചാരപരമായ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രച്ചിറ. കൊടും വേനലിലും ജലസമൃദ്ധമായ ഈ ജലസ്രോതസ്സ് സമീപ പ്രദേശത്തെ കൃഷിയിടങ്ങളിലും കിണറുകളിലും വേനലിന്റെ കാഠിന്യം ഇല്ലാതാക്കുന്നുണ്ട്.
മീനമാസത്തിലെ തിരുവാതിര
മീനമാസത്തിലെ തിരുവാതിരയാണ് ദേവിയുടെ തിരുനാളെങ്കിലും എല്ലാ പ്രധാന ആചാര ദിനങ്ങളും ഇവിടെയും ആഘോഷിക്കുന്നു. മണ്ഡകാലത്ത് എല്ലാ ദിവസങ്ങളിലും ഭാഗവത പാരായണവും, കളമെഴുത്തുംപാട്ടും അരങ്ങേറും. കുത്തിയോട്ടവും ഉത്സവകാലത്തെ ചൂരൽ കുത്തു ചടങ്ങുകളും പ്രസിദ്ധമാണ്. നവരാത്രി, ധനുമാസത്തിലെ തിരുവാതിര നാളിലെ ലക്ഷദീപകാഴ്ച, ആയില്യംപൂജ എന്നിവയും നടന്നു വരുന്നു. മേഖലയിൽ എടുപ്പുകുതിരകൾ ഉൾപ്പെടെ ഏറ്റവും വലിയ ഉത്സവഘോഷയാത്ര അരങ്ങേറുന്ന ക്ഷേത്രവുമാണിത്. കുത്തിയോട്ടത്തിനു പുറമേ ഭരത് കളി അടക്കം ഉത്സവകാലത്തു ക്ഷേത്ര കലകൾക്കു പ്രാധാന്യം നൽകി വരുന്ന ഭക്തജനങ്ങളുടെ സംഗമഭൂമികൂടിയാണിത്.
English Summary : Significance of Karavaloor Peedika Bhagavathy Temple