കോവിഡും റഷ്യ-യുക്രെയ്ന് യുദ്ധവുമായി 2022; വരുന്നത് ഇതിനേക്കാൾ മോശം വർഷം: നോസ്ട്രഡാമസിന്‍റെ പ്രവചനം
Mail This Article
കോവിഡ് മഹാമാരി മൂലമുള്ള കെടുതികളും റഷ്യ-യുക്രൈയ്ന്‍ യുദ്ധവുമെല്ലാമായി അത്ര ശുഭകരമായിരുന്നില്ല ലോകത്തിന് 2022. എന്നാല്‍ ഇതിനെക്കാള്‍ മോശമാകാം വരും വര്‍ഷമെന്ന് ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായിരുന്ന നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നോസ്ട്രഡാമസ് എഴുതി വച്ച പ്രവചനങ്ങള്‍ പ്രകാരം 2023ല്‍ ലോകത്തെ കാത്തിരിക്കുന്നത് മൂന്നാം ലോകമഹായുദ്ധവും ഭൂമിയെ തന്നെ നശിപ്പിക്കാവുന്ന വലിയ തീപിടിത്തവും സാമ്പത്തിക തകര്‍ച്ചയുമെല്ലാമാണ്.
റഷ്യ-യുക്രൈയ്ന്‍ യുദ്ധം മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയ്ക്കിടെയാണ് നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളും ചര്‍ച്ചയാകുന്നത്. 1555ല്‍ പുറത്തിറക്കിയ ‘ലെ പ്രൊഫറ്റീസ്’ എന്ന പുസ്തകത്തിലാണ് ലോകത്ത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആയിരക്കണക്കിന് പ്രവചനങ്ങള്‍ നോസ്ട്രഡാമസ് നടത്തിയത്. ഹിറ്റ്ലറുടെ ഏകാധിപത്യവും ലണ്ടനിലെ വലിയ തീപിടിത്തവും ജോണ്‍ എഫ് കെന്നഡിയുടെ വധവുമെല്ലാം ഈ പുസ്തകത്തില്‍ പ്രവചിക്കപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു.
ഏഴു മാസം നീണ്ടുനില്‍ക്കുന്ന മഹായുദ്ധത്തില്‍ വൻ വിപത്തുണ്ടാക്കുമെന്നാണ് നോസ്ട്രഡാമസ് എഴുതി വച്ചിരിക്കുന്നത്. എന്നാല്‍ ഫ്രഞ്ച് നഗരങ്ങളായ എവ്റോ, റുവോണ്‍ എന്നിവ സുരക്ഷിതമായിരിക്കുമെന്നും പ്രവചനം പറയുന്നു. ഭൗമ മണ്ഡലത്തിന് പുറത്തുള്ള അഗ്നി രാജകീയ മന്ദിരത്തില്‍ എത്തുമെന്ന നോസ്ട്രഡാമസിന്‍റെ പ്രവചനം വലിയ തീ മൂലമുള്ള ലോകാവസാനത്തെ കുറിച്ചുള്ള സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. അമേരിക്കയും റഷ്യയുമെല്ലാം ഉള്‍പ്പെടുന്ന യുദ്ധം ഒരു ആണവയുദ്ധമായി മാറാമെന്ന് പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്ന ജ്യോതിഷര്‍ പറയുന്നു.
ചൊവ്വ ഗ്രഹത്തെ സംബന്ധിച്ചതാണ് നോസ്ട്രഡാമസിന്‍റെ ശ്രദ്ധേയമായ മറ്റൊരു പ്രവചനം. ചൊവ്വയിലെ വെളിച്ചം അണയുമെന്ന നോസ്ട്രഡാമസ് പ്രവചനം ഈ ഗ്രഹം തിരിഞ്ഞു കറങ്ങി തുടങ്ങുമെന്നതിന്‍റെ വിശദീകരണമാണെന്ന് ചിലര്‍ പറയുമ്പോൾ അത് മനുഷ്യന്‍ ചൊവ്വയില്‍ കാലു കുത്തുന്നതിനെ പറ്റിയാകാമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ട്വിറ്റര്‍, സ്പേസ് എക്സ് ഉടമ എലോണ്‍ മസ്കിന്‍റെ ചൊവ്വ പദ്ധതികളുമായും ചിലര്‍ ഇതിനെ ചേര്‍ത്ത് വായിക്കുന്നു. 2029ഓടെ മനുഷ്യര്‍ക്ക് ചൊവ്വയില്‍ താമസം തുടങ്ങാന്‍ കഴിയുമെന്നാണ് മസ്ക് പറയുന്നത്.
കോവിഡും റഷ്യ-യുക്രൈയ്ന്‍ യുദ്ധവുമെല്ലാമായി ആഗോളതലത്തില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കാമെന്നും 'ലെ പ്രൊഫറ്റീസ്' മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക തകര്‍ച്ചയിലേക്കും ദാരിദ്രത്തിലേക്കും ലോകം എത്താമെന്ന് പ്രവചനം പറയുന്നു. യുകെ ഉള്‍പ്പെടെ പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്നതിനിടെ ഈ പ്രവചനത്തെ ലോകം ഗൗരവത്തോടെയാണ് കാണുന്നത്.
ആഗോള താപനം, ഉയരുന്ന കടല്‍നിരപ്പ്, ആഭ്യന്തര കലാപം, യുദ്ധം എന്നിവയും നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളുടെ പട്ടികയിലുണ്ട്. പാവപ്പെട്ടവര്‍ പണക്കാര്‍ക്കെതിരെ തിരിയുന്ന ആഭ്യന്തര കലാപത്തിന്‍റെ നാളുകള്‍ വിദൂരമല്ലെന്നും നോസ്ട്രഡാമസ് എഴുതിവയ്ക്കുന്നു.
Content Summary : Nostradamus Predictions 2023